representation image
സതാംപ്ടൺ: ട്വന്റി20 പരമ്പരയിലെ ചരിത്രവിജയത്തിനു പിറകെ ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന പരമ്പരയിലും ഇന്ത്യക്ക് വിജയത്തുടക്കം. വിധിക്കായി അവസാന ഓവറുകളിലേക്ക് ആവേശത്തെ കൂടെകൂട്ടിയ മത്സരത്തിൽ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിനാണ് ടീം ഇന്ത്യ കീഴടക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. 48.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്ത് ലക്ഷ്യം നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിനപരമ്പരയിൽ 1-0ത്തിന്റെ മുൻതൂക്കം നേടി.
ഏകദിനത്തിൽ ഇന്ത്യൻ വനിത ടീം പിന്തുടർന്നു ജയിക്കുന്ന ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണിത്. 2021ൽ മക്കേയിൽ ഓസീസ് വനിതകൾക്കെതിരെ 265 റൺസ് പിന്തുടർന്ന് ജയിച്ചതാണ് ഒന്നാമത്. ട്വന്റി20 പരമ്പരയിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിറങ്ങിയത്. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന വനിത ടീമിന് ഈ പരമ്പര നിർണായകമാണ്. ഏറ്റവും ഒടുവിൽ കളിച്ച 12 ഏകദിനങ്ങളിൽ 11 എണ്ണത്തിലും ജയിക്കാനായതിന്റെ ആത്മവിശ്വാസവും ഇന്ത്യക്കുണ്ട്. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ലോഡ്സിൽ നടക്കും.
അപരാജിത അർധസെഞ്ചറിയുമായി തിളങ്ങിയ ഓൾറൗണ്ടർ ദീപ്തി ശർമ, അവസാന ഓവറുകളിൽ വിക്കറ്റുകൾ നഷ്ടമായതിന്റെ സമ്മർദത്തിൽ വീഴാതെ തകർത്തടിച്ച അമൻജ്യോത് കൗർ എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ദീപ്തി ശർമ 64 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്തു. അമൻജ്യോത് 14 പന്തിൽ മൂന്നു ഫോറുകൾ സഹിതം 20 റൺസുമായി പുറത്താകാതെ നിന്നു. 44.3 ഓവറിൽ ആറിന് 229 റൺസെന്ന നിലയിലായ ഇന്ത്യയെ, പിരിയാത്ത ഏഴാം വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്താണ് ദീപ്തി–അമൻജ്യോത് സഖ്യം വിജയത്തിലെത്തിച്ചത്.
ഇന്ത്യൻ നിരയിൽ ജമീമ റോഡ്രിഗസ് (54 പന്തിൽ 48), ഓപണർ പ്രതിക റാവൽ (51 പന്തിൽ 28), സ്മൃതി മന്ദാന (24 പന്തിൽ 28), ഹർലീൻ ഡിയോൾ (44 പന്തിൽ 27), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (27 പന്തിൽ 17), റിച്ച ഘോഷ് (12 പന്തിൽ 10) എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി.
നേരത്തെ, 97 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമായി പതറിയ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയിൽ 83 റൺസെടുത്ത സോഫിയ ഡങ്ക്‌ലിയും 53 റൺസെടുത്ത ഡേവിഡ്സൻ റിച്ചാഡ്സുമാണ് തിളങ്ങിയത്. പേസർ ക്രാന്തി ഗൗഡ് ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങ് കുന്തമുനയെ തകർത്ത് തരിപ്പണമാക്കിയത്. ഓപണർമാരായ ടാമി ബ്യൂമോണ്ട് (5), ആമി ജോൺസ് (1) എന്നിവരെ ക്രാന്തി ഗൗഡാണ് പവിലിയനിലെത്തിച്ചത്.
സോഫിയ, ഡേവിഡ്സൻ എന്നിവരുടെ അർധസെഞ്ചറിൾക്കു പുറമെ എമ്മ ലാമ്പ് (50 പന്തിൽ 39), നാറ്റ് സീവർ ബ്രന്റ് (52 പന്തിൽ 41) എന്നിവരുടെ ബാറ്റിങ്ങും നിർണായകമായി. അവസാന ഓവറുകളിൽ 19 പന്തിൽ മൂന്നു ഫോറുകൾ സഹിതം 23 റൺസുമായി പുറത്താകാതെ നിന്ന സോഫി എക്‍ലസ്റ്റോണിന്റെ പ്രകടനവും നിർണായകമായി. ഇന്ത്യൻ ബൗളിങ്ങിൽ 10 ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സ്നേഹ് റാണയാണ് മികവു കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.