‘പ്രിയ മകളേ, ആ രാത്രികളെല്ലാം ഇന്നും ഓർക്കുന്നു...’; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി മുഹമ്മദ് ഷമി

മുംബൈ: മകൾ ഐറയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമി. മുന്‍ ഭാര്യയായ ഹസിന്‍ ജഹാനൊപ്പം കഴിയുന്ന മകളുടെ പത്താം ജന്മദിനമാണ് വ്യാഴാഴ്ച. വേർപിരിഞ്ഞ് കഴിയുന്ന ഭാര്യക്കും മകള്‍ക്കും ഷമി ജീവനാംശം നല്‍കണമെന്ന് അടുത്തിടെ കൽക്കത്ത ഹൈകോടതി ഉത്തരവിട്ടിരുന്നു.

ഹസിന്‍ നല്‍കിയ ഹരജിയിൽ പ്രതിമാസം നാലുലക്ഷം രൂപ നൽകാനാണ് ഉത്തരവ്. ഇൻസ്റ്റഗ്രാമിലാണ് ഷമി മകളെ കുറിച്ചുള്ള വൈകാരിക കുറിപ്പ് പോസ്റ്റ് ചെയ്തത്. ‘പ്രിയപ്പെട്ട മകളേ, നമ്മളൊരുമിച്ച് ഉറക്കമൊഴിച്ചിരുന്ന, സംസാരിച്ചിരുന്ന, ചിരിച്ച, പ്രത്യേകിച്ച് നിന്‍റെ നൃത്തം ചെയ്തിരുന്ന രാത്രികളെല്ലാം ഇന്നും ഞാൻ ഓർക്കുന്നു. നീ ഇത്ര വേഗത്തിൽ വളരുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ജീവിതത്തിൽ നിനക്ക് നല്ലത് മാത്രം വരട്ടെയെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ദൈവം എപ്പോഴും നിനക്ക് സ്നേഹവും സമാധാനവും സന്തോഷവും നല്ല ആരോഗ്യവും തരട്ടെ. ജന്മദിനാശംസകൾ’ -ഷമി കുറിച്ചു. ഇതോടൊപ്പം മകളെ ചേർത്തുപിടിച്ചുനിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ദീർഘനാളിനുശേഷം മകളെ കാണുന്നതിന്‍റെ വിഡിയോയും മാളിൽ ഒരുമിച്ച് ഷോപ്പിങ് നടത്തുന്നതിന്‍റെ വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2012ല്‍ ഐ.പി.എല്ലിനിടെ പ്രണയത്തിലായ ഷമിയും ഹസിനും 2014 ജൂണിലാണ് വിവാഹിതരാകുന്നത്. ഹസിന് ഒന്നര ലക്ഷം രൂപയും പ്രായപൂർത്തിയാകാത്ത മകളുടെ പഠനം ഉൾപ്പെടെയുള്ള ചെലവുകൾക്ക് രണ്ടര ലക്ഷം രൂപയും നൽകാനാണ് കോടതി ഉത്തരവിട്ടത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് അവസാനമായത്. ഏഴുവര്‍ഷം മുമ്പാണ് ജീവനാംശമായി ഏഴു ലക്ഷം രൂപയും മകളുടെ പഠനം ഉൾപ്പെടെയുള്ള ചെലവുകൾക്ക് മൂന്നു ലക്ഷം രൂപയും ആവശ്യപ്പെട്ട് ഹസിൻ ആദ്യമായി കോടതിയെ സമീപിക്കുന്നത്.

മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്ന് കോടതി ഹരജി തള്ളി. എന്നാല്‍ ഹസിൻ നിയമപോരാട്ടം തുടർന്നു. ഇതിനിടെ ആലിപോർ കോടതി മുൻ ഭാര്യക്കും മകൾക്കും ജീവനാംശനമായി 80,000 രൂപ നൽകാൻ ഉത്തരവിട്ടു. പിന്നീട് ഭാര്യക്ക് 50,000 രൂപയും മകൾക്ക് 80,000 രൂപയും നൽകണമെന്ന് പറഞ്ഞ് ഉത്തരവ് പരിഷ്കരിച്ചു. പിന്നാലെയാണ് ഹസിൻ കൽക്കത്ത ഹൈകോടതിയെ സമീപിക്കുന്നത്. കുടുംബത്തിന്‍റെ മാസവരുമാനം ആറര ലക്ഷം രൂപക്ക് മുകളിൽ വരുന്നുണ്ടെന്നും മുൻ ഭർത്താവായ ഷമിയുടെ വാർഷിക വരുമാനം ഏഴര കോടി രൂപക്കു മുകളിലാണെന്നും ഹസിൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഷമിയുടെ വരുമാനം കണക്കിലെടുത്താണ് ഇപ്പോൾ കോടതി പ്രതിമാസം നാലുലക്ഷം നല്‍കാൻ ഉത്തരവിട്ടത്. നിലവിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കുന്ന ഇന്ത്യൻ ടീമിൽ ഷമി കളിക്കുന്നില്ല. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു. 2023 ജൂണിൽ ആസ്ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലാണ് ഷമി അവസാനമായി ഇന്ത്യൻ ടീമിനൊപ്പം ടെസ്റ്റ് കളിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കണങ്കാൽ ശസ്ത്രക്രിയക്കു വിധേയനായ 34കാരൻ, ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും താരത്തിന് പഴയ ഫോമിലേക്ക് എത്താനായില്ല.

Tags:    
News Summary - Mohammed Shami Shares Emotional Note On His Daughter Aaira's Birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.