ക്വീൻസ്‌ലാൻഡ്: ആസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്‍റി20യിലും വെടിക്കെട്ട് ബാറ്റിങ്ങുമായി ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാൾഡ് ബ്രെവിസ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയപ്പോൾ തകർന്നടിഞ്ഞത് ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയുടെ റെക്കോഡ്.
രണ്ടാം മത്സരത്തിൽ അതിവേഗ സെഞ്ച്വറി കുറിച്ച താരം, പരമ്പരയിലെ അവസാന മത്സരത്തിൽ 22 പന്തിലാണ് അർധ സെഞ്ച്വറി നേടിയത്. മത്സരത്തിൽ 26 പന്തിൽ ആറു സിക്സും ഒരു ഫോറുമടക്കം 53 റൺസെടുത്താണ് താരം പുറത്തായത്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ പ്രോട്ടീസ് 172 റൺസെടുത്തെങ്കിലും ബ്രെവിസിന്‍റെ അടിക്ക് ഗ്ലെൻ മാക്‌സ്‌വെൽ അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ ഓസീസ് രണ്ടു വിക്കറ്റിന്‍റെ ജയവും പരമ്പരയും (2-1) സ്വന്തമാക്കി. പരമ്പര കൈവിട്ടെങ്കിലും ബ്രെവിസ് ചരിത്ര നേട്ടം സ്വന്തമാക്കി.
ഓസീസിനെതിരെ ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന നേട്ടത്തിലാണ് ബ്രെവിസ് എത്തിയത്, അതും മൂന്നു മത്സരങ്ങളിൽനിന്ന്. ഈ പരമ്പരയിൽ മൂന്നു ഇന്നിങ്സുകളിൽനിന്നായി 14 സിക്സുകളാണ് ബ്രെവിസ് നേടിയത്. 10 ഇന്നിങ്സുകളിൽനിന്ന് 12 സിക്സുകൾ നേടിയ കോഹ്ലിയുടെ റെക്കോഡാണ് തകർത്തത്. എട്ടു ഇന്നിങ്സുകളിൽനിന്ന് ഒമ്പതു സിക്സുകൾ നേടിയ മുൻ ഇന്ത്യൻ താരം ശിഖർ ധവാനാണ് പട്ടികയിൽ മൂന്നാമതുള്ളത്. പരമ്പരയിൽ ബ്രെവിസ് ആകെ നേടിയത് 180 റൺസാണ്. ഓസീസ് മണ്ണിൽ അവർക്കെതിരായ ഉഭയകക്ഷി ട്വന്‍റി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ മൂന്നാമനാണ് ബ്രെവിസ്.
ആരോൺ ഹാർഡി എറിഞ്ഞ 10ാം ഓവറിൽ തുടർച്ചയായി നാലു സിക്സുകളാണ് താരം പറത്തിയാണ്, അതിൽ മൂന്നെണ്ണവും 110 പ്ലസ് മീറ്റർ ദൂരത്തിൽ ഗാലറിക്ക് പുറത്തേക്ക്. ഹാർഡി എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തിൽ ഡബ്ൾ ഓടിയ താരം മൂന്നാം പന്ത് ഡീപ് വിക്കറ്റിലൂടെ ഗാലറിക്ക് പുറത്തെത്തിച്ചു. നാലും അഞ്ചും പന്തുകൾ ലോങ് ഓഫിൽ പടുകൂറ്റൻ സിക്സർ പറത്തി. ആറാം പന്ത് വൈഡ്. തൊട്ടടുത്ത പന്തും സിക്സർ പറത്തി.
രണ്ടാം മത്സരത്തിൽ 41 പന്തിലാണ് ബ്രെവിസ് സെഞ്ച്വറി നേടിയത്. 56 പന്തിൽ 125 റൺസുമായി പുറത്താകാതെ നിന്നു. എട്ടു സിക്സും 12 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. അന്താരാഷ്ട്ര ട്വന്‍റി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ താരമായി ഇതോടെ ബ്രെവിസ്. ട്വന്‍റി20 മത്സരത്തിൽ ഒരു ദക്ഷിണാഫ്രിക്കൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഓസീസ് മണ്ണിൽ യുവതാരം കുറിച്ചത്. ഫാഫ് ഡുപ്ലെസിസിന്‍റെ (119 റൺസ്) റെക്കോഡാണ് മറികടന്നത്. ഒരു പ്രോട്ടീസ് താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.