അമ്പമ്പോ എന്തൊരു സിക്സ്! തുടർച്ചയായി ബ്രെവിസിന്‍റെ മൂന്ന് ‘നോ ലുക്ക് സിക്സു’കൾ, യുവതാരത്തിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞ് ഓസീസ് ബൗളർ -വിഡിയോ

ക്വീൻസ്‌ലാൻഡ്: ആസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്‍റി20യിലും വെടിക്കെട്ട് ബാറ്റിങ്ങുമായി ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാൾഡ് ബ്രെവിസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിനുവേണ്ടി ബ്രെവിസ് 22 പന്തിൽ അർധ സെഞ്ച്വറി കുറിച്ചു. ആരോൺ ഹാർഡി എറിഞ്ഞ 10ാം ഓവറിൽ തുടർച്ചയായി നാലു സിക്സുകൾ പറത്തിയാണ് താരം അതിവേഗ അർധ സെഞ്ച്വറി സ്വന്തമാക്കിയത്.

ബ്രെവിസിന്‍റെ നാലു സിക്സുകളിൽ തുടർച്ചയായി മൂന്നെണ്ണം ഗാലറിക്കു പുറത്താണ് വീണത്. അതും 110 പ്ലസ് മീറ്റർ ദൂരത്തിൽ. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സംഭവം. ഹാർഡി എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തിൽ ഡബ്ൾ ഓടിയ താരം മൂന്നാം പന്ത് ഡീപ് വിക്കറ്റിലൂടെ ഗാലറിക്ക് പുറത്തെത്തിച്ചു. നാലും അഞ്ചും പന്തുകൾ ലോങ് ഓഫിൽ പടുകൂറ്റൻ സിക്സർ പറത്തി. ആറാം പന്ത് വൈഡ്. തൊട്ടടുത്ത പന്തും സിക്സർ പറത്തി താരം അർധ സെഞ്ച്വറിയിലെത്തി. മത്സരത്തിൽ 26 പന്തിൽ ആറു സിക്സും ഒരു ഫോറുമടക്കം 53 റൺസെടുത്താണ് ബ്രെവിസ് പുറത്തായത്. റസ്സീ വാൻഡർ ഡസ്സൻ 26 പന്തിൽ 38 റൺസെടുത്ത് പുറത്താകാതെ നിന്നു.

മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒരു പന്ത് ബാക്കി നിൽക്കെ ഓസീസ് ലക്ഷ്യത്തിലെത്തി. 19.5 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ്. ഗ്ലെൻ മാക്സ് വെല്ലിന്‍റെ തകർപ്പൻ അർധ സെഞ്ച്വറിയാണ് ആതിഥേയരെ വിജയത്തിലെത്തിച്ചത്. 36 പന്തിൽ രണ്ടു സിക്സും എട്ടു ഫോറുമടക്കം 62 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. നായകൻ മിച്ചൽ മാർഷ് 37 പന്തിൽ 54 റൺസെടുത്തു.

ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പര 2-1ന് ഓസീസ് സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഓസീസ് ജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ 41 പന്തിലാണ് ബ്രെവിസ് സെഞ്ച്വറി നേടിയത് 56 പന്തിൽ 125 റൺസുമായി പുറത്താകാതെ നിന്നു. എട്ടു സിക്സും 12 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. അന്താരാഷ്ട്ര ട്വന്‍റി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ താരമായി ഇതോടെ ബ്രെവിസ്.

ട്വന്‍റി20 മത്സരത്തിൽ ഒരു ദക്ഷിണാഫ്രിക്കൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഓസീസ് മണ്ണിൽ യുവതാരം കുറിച്ചത്. ഫാഫ് ഡുപ്ലെസിസിന്‍റെ (119 റൺസ്) റെക്കോഡാണ് മറികടന്നത്. ഒരു പ്രോട്ടീസ് താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി കൂടിയാണിത്. ഇന്ത്യൻ താരം ഋതുരാജ് ഗെയ്ക്‌വാദിന്‍റെ റെക്കോഡും ബ്രെവിസ് മറികടന്നു. ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിൽ ഓസീസിനെതിരെ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ബ്രെവിസ് സ്വന്തമാക്കിയത്. 2023ൽ ഗുവാഹത്തിയിൽ കംഗാരുക്കൾക്കെതിരെ ഗെയ്ക്‌വാദ് പുറത്താകാതെ 123 റൺസ് നേടിയിരുന്നു.

Tags:    
News Summary - Dewald Brevis smashes hat-trick of no-look sixes vs Australia in 3rd T20I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.