മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറ കളിക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ ഒമ്പതു മുതൽ 28 വരെ യു.എ.ഇയിലാണ് ടൂർണമെന്‍റ് നടക്കുന്നത്. ജോലി ഭാരം കുറക്കുന്നതിന്‍റെ ഭാഗമായി ബുംറക്ക് ടൂർണമെന്‍റിൽ വിശ്രമം നൽകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളിലും താരത്തിന് വിശ്രമം നൽകിയിരുന്നു.
ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ അഞ്ചു ടെസ്റ്റുകളും കളിച്ച താരത്തിന് പരിക്കേറ്റിരുന്നു. പിന്നീട് മൂന്നുമാസത്തെ ഇടവേളക്കുശേഷമാണ് ബുംറ ടീമിനായി കളിക്കാനിറങ്ങിയത്. ഏഷ്യ കപ്പിൽ കളിക്കാനുള്ള താൽപര്യം ബുംറ സെലക്ഷൻ കമ്മിറ്റിയെ അറിയിച്ചതായാണ് വിവരം. ടീം പ്രഖ്യാപനത്തിനായി അടുത്തയാഴ്ച അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇംഗ്ലണ്ടിൽ മൂന്നു ടെസ്റ്റുകളിൽനിന്ന് 14 വിക്കറ്റുകളാണ് ബുംറ നേടിയത്.
ഏഷ്യ കപ്പ് ട്വന്‍റി20 ഫോർമാറ്റായതിനാൽ ബുംറയുടെ സാന്നിധ്യം ഇന്ത്യൻ ബൗളിങ്ങിന്‍റെ മൂർച്ച വർധിപ്പിക്കും. ഇന്ത്യൻ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്. ജൂണിൽ ഹെർണിയ ശസ്ത്രക്രിയക്കു വിധേയനായ 34കാരൻ ഒരു മാസത്തോളം വിശ്രമത്തിലായിരുന്നു. ഇതോടെ താരം ഏഷ്യ കപ്പിൽ കളിക്കുമോ എന്ന കാര്യം സംശയത്തിലായിരുന്നു. ഫിറ്റ്നസ് തെളിയിച്ചതോടെ താരം ടീമിലുണ്ടാകുമെന്ന് ഉറപ്പായി. ഐ.പി.എല്ലിലാണ് സൂര്യകുമാർ അവസാനമായി കളിച്ചത്. ഐ.പി.എല്ലിൽ 717 റൺസാണ് താരം നേടിയത്.
സചിൻ തെണ്ടുൽക്കറിനുശേഷം മുംബൈ ഇന്ത്യൻസിനായി ഒരു സീസണിൽ 600ലധികം റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സൂര്യ. സെപ്റ്റംബർ 10ന് യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് ദുബൈയിൽ ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.