മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താനെ കഴിഞ്ഞ ഐ.പി.എൽ മത്സരങ്ങളുടെ കമന്‍ററി പാനലിൽനിന്ന് ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. വെറ്ററൻ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും പരാതിയെ തുടർന്നാണ് പത്താനെ ഒഴിവാക്കിയതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ആസ്ട്രേലിയന്‍ പരമ്പരക്കിടെ രോഹിത്തിനെയും കോഹ്ലിയെയും കുറിച്ച് വ്യക്തിപരമായ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം തുറന്നുപറഞ്ഞത് താരങ്ങളുടെയും ബ്രോഡ്കാസ്റ്റേഴ്സിന്‍റെയും അനിഷ്ടത്തിന് കാരണമായെന്നും ഇതാണ് പാനലിൽനിന്ന് ഒഴിവാക്കാൻ കാരണമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പത്താൻ തന്നെ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ്. കോഹ്ലിയോ രോഹിത്തോ അല്ല, ഹാർദിക് പാണ്ഡ്യയാണ് തന്നെ കമന്‍ററി പാനലിൽനിന്ന് ഒഴിവാക്കിയതിനു പിന്നിലെന്ന് പത്താൻ വ്യക്തമാക്കി. ഹിന്ദി ഡിജിറ്റൽ മാധ്യമമായ ‘ലല്ലൻടോപ്പി’ന് നൽകിയ അഭിമുഖത്തിലാണ് പത്താന്‍റെ തുറന്നുപറച്ചിൽ.
‘14 മത്സരങ്ങളിൽ ഏഴെണ്ണത്തിലും നിങ്ങളെ വിമർശിക്കുകയാണെങ്കിലും ഞാൻ ദയാലുവായിരിക്കും. ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ അതാണ് ഞങ്ങളുടെ ജോലി’ -പത്താൻ പറഞ്ഞു. ബറോഡയിൽനിന്നുള്ള ക്രിക്കറ്റ് താരങ്ങൾക്ക് നൽകിയ പിന്തുണയുടെ ചരിത്രം ചൂണ്ടിക്കാട്ടിയ പത്താൻ, താനിക്കും പാണ്ഡ്യക്കും ഇടയിൽ ശത്രുതയില്ലെന്നും ചൂണ്ടിക്കാട്ടി. ശത്രുതയൊന്നുമില്ല. ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ എനിക്ക് ശേഷം ബറോഡയിൽനിന്ന് വന്ന താരങ്ങളൊന്നും യൂസഫോ, പത്താനോ തങ്ങളെ സഹായിച്ചില്ലെന്ന് പറയില്ലെന്നും വ്യക്തമാക്കി.
2012ൽ യുവതാരമായിരുന്ന പാണ്ഡ്യയെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലേക്ക് ശുപാർശ ചെയ്ത കാര്യവും ഇർഫാൻ ഓർത്തെടുത്തു. ഹാർദിക്കിന്‍റെ പ്രതിഭ നേരത്തെ തിരിച്ചറിഞ്ഞത് താനാണ്. തന്‍റെ വാക്കുകൾക്ക് അന്ന് ചെവികൊടുക്കാത്തതിന്‍റെ നിരാശ പിന്നീട് വി.വി.എസ്. ലക്ഷ്മൺ തുറന്നുപറഞ്ഞിരുന്നെന്നും പത്താൻ കൂട്ടിച്ചേർത്തു. 2024ൽ രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റനാക്കിയപ്പോൾ ആരാധകർ വലിയ പ്രതിഷേധത്തിലായിരുന്നു. അന്ന് ഹാർദിക്കിനെ പിന്തുണക്കുകയാണ് താൻ ചെയ്തത്. പ്രഫഷനലായാണ് ക്രിക്കറ്റ് താരങ്ങളെ വിമർശിക്കുന്നത്, അല്ലാതെ വ്യക്തിപരമല്ലെന്നും പത്താൻ വ്യക്തമാക്കി.
താരങ്ങളെ വിമർശിക്കുന്നതിൽ തെറ്റില്ല, നിങ്ങൾ കളിക്കുകയാണെങ്കിൽ ഇത്തരം വിമർശനങ്ങൾ നേരിടേണ്ടിവരും. ഇതിഹാസങ്ങളായ സചിൻ തെണ്ടുൽക്കറും സുനിൽ ഗവാസ്കറുമെല്ലാം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ, മോശം വാക്കുകൾ ഉപയോഗിക്കുന്നതിന് എതിരാണെന്നും പത്താൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.