ഇന്ത്യ പാകിസ്താൻ
മുംബൈ: പാകിസ്താനെതിരെ ഏഷ്യ കപ്പിൽ കളിക്കാനുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ബാറ്റർ മനോജ് തിവാരി. ഇന്ത്യ-പാകിസ്താൻ മത്സരം താൻ കാണില്ലെന്ന് തിവാരി പറഞ്ഞു. 26 പേരുടെ ജീവനേക്കാൾ പ്രാധാന്യം ഇന്ത്യ-പാകിസ്താൻ മത്സരത്തിനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഈ മത്സരം നടക്കുന്നുവെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. പഹൽഗാം ഭീകരാക്രമണത്തിൽ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. അതിന് നമ്മൾ തക്കതായ മറുപടിയും നൽകി. ഇതെല്ലാം മാസങ്ങൾക്കകം നമ്മൾ മറന്നു. ഈ മത്സരം നടക്കുമെന്ന് എനിക്ക് വിശ്വസിക്കാനെ സാധിക്കുന്നില്ലെന്ന് തിവാരി പറഞ്ഞു.
പാകിസ്താനെതിരെ കളിക്കുന്നതിലൂടെ നിങ്ങൾക്ക് എന്താണ് നേടാനുള്ളത്. മനുഷ്യജീവനേക്കാൾ കായികമേഖലക്ക് പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പാകിസ്താനെതിരെ ഏഷ്യ കപ്പിൽ കളിക്കാൻ കഴിഞ്ഞ ദിവസമാണ് കായികമന്ത്രാലയം അനുമതി നൽകിയത്. പാകിസ്താനെതിരെ പരമ്പര ഉണ്ടാവില്ലെങ്കിലും ഏഷ്യ കപ്പിൽ കളിക്കുമെന്നാണ് കായികമന്ത്രാലയം അറിയിച്ചത്.
നേരത്തെ ലെജൻഡ് ചാമ്പ്യൻഷിപ്പിൽ പാകിസ്താനെതിരെ കളിക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. സെമി ഫൈനലിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്താൻ നേരിട്ട് ഫൈനലിലേക്ക് മുന്നേറിയിരുന്നു. ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം സെപ്തംബർ 14നാണ് നടക്കുന്നത്. ദുബൈയിൽ വെച്ചാണ് നടന്നത്.
ഏഷ്യാകപ്പിനായി 17 അംഗ ടീമിനെയാണ് പാകിസ്താൻ പ്രഖ്യാപിച്ചത്. ഇന്ത്യ 15 അംഗ ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രേയസ് അയ്യരും യശ്വസി ജയ്സ്വാളുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബാബർ അസത്തേയും മുഹമ്മദ് റിസ്വാനേയും പാകിസ്താനും ഒഴിവാക്കിയിട്ടുണ്ട്.
നിഷ്പക്ഷ വേദികളിൽപ്പോലും ഇന്ത്യയും പാകിസ്താനും തമ്മിലെ ദ്വിരാഷ്ട്ര പരമ്പരയുണ്ടാവില്ല. ഏഷ്യ കപ്പ് പോലുള്ള ടൂർണമെന്റുകളിൽ പാകിസ്താനെതിരെ മത്സരിക്കുന്നതിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തടയില്ലെന്ന് കായിക മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏഷ്യ കപ്പിന്റെ ഔദ്യോഗിക ആതിഥേയർ പാകിസ്താനായിരുന്നെങ്കിലും ഇന്ത്യ ടീമിനെ അയക്കാൻ തയാറാവാത്തതിനാൽ ശ്രീലങ്കയിലും മത്സരങ്ങൾ നടത്തിയിരുന്നു. ഇക്കുറി ഇന്ത്യയാണ് ഏഷ്യ കപ്പിന് വേദിയാവേണ്ടിയിരുന്നത്. ടീമിനെ വിടില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതോടെ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. ബിഹാറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ഹോക്കിയിൽനിന്നും പാക് ടീം പിന്മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.