അഹമ്മദ് ഇമ്രാന് സെഞ്ച്വറി (55 പന്തിൽ 100); ത്രില്ലർ പോരിൽ കാലിക്കറ്റിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ്

തിരുവനന്തപുരം: കെ.സി.എല്ലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിനെതിരെ തൃശൂർ ടൈറ്റൻസിന് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവർ വരെ ആവേശം അലതല്ലിയ മത്സരത്തിൽ ഒമ്പത് റൺസിനായിരുന്നു ലീഗിലെ രണ്ടാം വിജയം ടൈറ്റൻസ് സ്വന്തമാക്കിയത്. ടോസ് നേടിയ കാലിക്കറ്റ് തൃശൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

സീസണിലെ ആദ്യ സെഞ്ച്വറിയുമായി തകർത്തടിച്ച അഹമ്മദ് ഇമ്രാന്‍റെ (55 പന്തിൽ 100) മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്ത ടൈറ്റൻസിനെതിരെ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സൽമാൻ നിസാർ (44 പന്തിൽ 77), എം. അജിനാസ് (58) എന്നിവരുടെ അർധ സെഞ്ച്വറികളാണ് കാലിക്കറ്റിന് അവസാന ശ്വാസം വരെ പൊരുതാനുള്ള ഇന്ധനമായത്.

കോഴിക്കോടിന്‍റെ ബൗളർമാരെ കരുതലോടെ നേരിട്ട ഇമ്രാൻ തൃശൂരിന് മികച്ച തുടക്കമാണ് നൽകിയത്. ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്ന ആനന്ദ് കൃഷ്ണൻ ഏഴ് റൺസുമായി തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും ഷോൺ റോജർക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ ഇമ്രാൻ 75 റൺസാണ് ടൈറ്റൻസിന്‍റെ അക്കൗണ്ടിലേക്ക് നൽകിയത്. 55 പന്തുകളിൽ 11 ഫോറുകളും അഞ്ച് സിക്സും അടങ്ങുന്നതാണ് 20കാരന്‍റെ പ്രകടനം. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ രണ്ടും അഖിൽ ദേവും മോനു കൃഷ്ണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിനെ ആദ്യ ഓവറുകളിൽ എം.ഡി നിതീഷ് വിറപ്പിക്കുകയായിരുന്നു. സച്ചിൻ സുരേഷ്( ഏഴ്), ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (14), അഖിൽ സ്കറിയ (എട്ട്) എന്നിവരെ വന്നപ്പോലെ നിധീഷ് മടക്കിയതോടെ ഒരു ഘട്ടത്തിൽ അഞ്ച് ഓവറിൽ മൂന്നിന് 41 എന്ന നിലയിലായിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച അജിനാസ്- സൽമാൻ നിസാർ സഖ്യം 55 പന്തിൽ 98 റൺസാണ് അടിച്ചെടുത്തതോടെ ഒരു ഘട്ടത്തിൽ കാലിക്കറ്റ് വിജയം എത്തിപ്പിടിക്കുമെന്ന് തോന്നിച്ചിരുന്നു.

എന്നാൽ സ്കോർ 139ൽ നിൽക്കെ അജിനാസിനെ സിബിൻ സുരേഷ് വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ കാലിക്കറ്റിന്‍റെ താളവും തെറ്റി. പിന്നാലെ എത്തിയവർക്കൊന്നും തൃശൂരിന്‍റെ ബൗളർമാർക്കെതിരെ മുട്ടിനിൽക്കാൻ കഴിയാതെ വന്നതോടെ തൃശൂർ വിജയം പിടിച്ചെടുക്കുകയായിരുന്നു.

Tags:    
News Summary - KCL: Thrissur Titans beat Calicut Globstars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.