ട്വന്‍റി20 തോൽവിയിൽ ഓസീസിനോട് പകരംവീട്ടി പ്രോട്ടീസ്; ബ്രീറ്റ്‌സ്‌കെ, എൻഗിടി ഷോയിൽ രണ്ടാം ഏകദിനത്തിലും ജയം, പരമ്പര

ക്യൂൻസ് ലാൻഡ്: ട്വന്‍റി20 പരമ്പരയിലെ തോൽവിക്ക് ഏകദിന പരമ്പര സ്വന്തമാക്കി ആസ്ട്രേലിയയോട് പകരംവീട്ടി ദക്ഷിണാഫ്രിക്ക. രണ്ടാം ഏകദിനം 84 റൺസിന് ജയിച്ച പ്രോട്ടീസ്, ഒരു മത്സരം ബാക്കി നിൽക്കെ പരമ്പര സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരവും സന്ദർശകർ ജയിച്ചിരുന്നു.

യുവ ബാറ്റർ മാത്യൂ ബ്രീറ്റ്‌സ്‌കെയുടെ തകർപ്പൻ അർധ സെഞ്ച്വറിയും ലുങ്കി എൻഗിടിയുടെ അഞ്ചു വിക്കറ്റ് പ്രകടനവുമാണ് പ്രോട്ടീസിന് വിജയവും പരമ്പരയും സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് 49.1 ഓവറിൽ 277 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആതിഥേയരുടെ ഇന്നിങ്സ് 37.4 ഓവറിൽ 193 റൺസിന് അവസാനിച്ചു. ദക്ഷിണാഫ്രിക്കക് 84 റൺസിന്‍റെ ജയം. ആദ്യ ഏകദിനം 98 റൺസിനാണ് പ്രോട്ടീസ് ജയിച്ചത്.

ഗ്രേറ്റ് ബാരിയർ റീഫ് അരീനയിൽ നടന്ന മത്സരത്തിൽ ബ്രീറ്റ്‌സ്‌കെ 78 പന്തിൽ 88 റൺസെടുത്തു. കരിയറിൽ ഇതുവരെ കളിച്ച നാലു ഏകദിനത്തിലും ഈ പ്രോട്ടീസ് ബാറ്റർ 50 പ്ലസ് സ്കോർ നേടിയതോടെ ചരിത്ര റെക്കോഡും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിന്‍റെ 54 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്. മുൻ ഇന്ത്യൻ താരം നവജ്യോത് സിങ് സിദ്ദു 48 വർഷം മുമ്പ് കുറിച്ച റെക്കോഡാണ് ബ്രീറ്റ്‌സ്‌കെയുടെ തകർപ്പൻ ബാറ്റിങ്ങിൽ പഴങ്കഥയായത്. സിദ്ദു കളിച്ച ആദ്യ അഞ്ചു ഏകദിനങ്ങളിൽ നാലിലും അർധ സെഞ്ച്വറി നേടിയിരുന്നു.

നാലാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ 26കാരൻ ബ്രീറ്റ്‌സ്‌കെ രണ്ടു സിക്സും എട്ടു ഫോറും നേടി. 23 റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായ പ്രോട്ടീസിനെ കരകയറ്റിയത് ബ്രീറ്റ്‌സ്‌കെയുടെ ബാറ്റിങ്ങാണ്. ടോണി ഡെ സോർസിയെ കൂട്ടുപിടിച്ച് 38 റൺസും ട്രിസ്റ്റൻ സ്റ്റബ്സിനൊപ്പം 74 റൺസും കൂട്ടുകെട്ടുണ്ടാക്കി. സ്റ്റബ്സ് 87 പന്തിൽ 74 റൺസും ടോണി സോർസി 39 പന്തിൽ 38 റൺസും എടുത്തു. മറ്റു താരങ്ങൾക്കൊന്നും തിളങ്ങാനായില്ല.

ഓസീസിനായി ആദം സാംമ്പ മൂന്നു വിക്കറ്റ് നേടി. സാവിയർ ബാർറ്റ്ലറ്റ്, നഥാൻ എല്ലിസ്, മാർനസ് ലബുഷെയ്ൻ എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയിൽ ജോഷ് ഇംഗ്ലിസ് 74 പന്തിൽ 87 റൺസും കാമറൂൺ ഗ്രീൻ 54 പന്തിൽ 35 റൺസും എടുത്തു. മറ്റു ബാറ്റർമാർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. എൻഗിടിയുടെ തകർപ്പൻ ബൗളിങ്ങാണ് ഓസീസിനെ തകർത്തത്. 8.4 ഓവറിൽ 42 റൺസ് വഴങ്ങിയാണ് താരം അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ട്വന്‍റി20 പരമ്പര 2-1നാണ് ഓസീസ് നേടിയത്.

Tags:    
News Summary - South Africa beats Australia by 84 runs to clinch series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.