കൊച്ചി ബ്ലൂ ടൈഗേഴ്സ്

സാംസൺ ബ്രദേഴ്സ് നിരാശപ്പെടുത്തിയെങ്കിലും ജയിച്ചുകയറി കൊച്ചി; ആലപ്പിയെ വീഴ്ത്തിയത് 34 റൺസിന്; ആസിഫിനും ആഷിഖിനും നാലു വിക്കറ്റ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് രണ്ടാം ജയം. ആലപ്പി റിപ്പിൾസിനെ 34 റൺസിനാണ് കൊച്ചി തോൽപിച്ചത്. സാംസൺ സഹോദരങ്ങൾ നിശാരപ്പെടുത്തിയെങ്കിലും ഓപ്പണർ വി. മനോഹരന്‍റെ അർധ സെഞ്ച്വറിയും കെ.എം. ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവരുടെ നാലു വിക്കറ്റ് പ്രകടനവുമാണ് കൊച്ചിക്ക് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആലപ്പി 19.2 ഓവറിൽ 149 റൺസിന് ഓൾ ഔട്ടായി. ആലപ്പിയുടെ രണ്ടാം തോൽവിയാണിത്. 31 പന്തിൽ 66 റൺസുമായി വിനൂപ് മനോഹരൻ കൊച്ചിയുടെ ടോപ് സ്കോററായി. ആദ്യ അഞ്ച് ഓവറിൽ തകർത്തടിച്ച കൊച്ചി ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റണ്‍സെടുത്ത് മികച്ച അടിത്തറയിട്ടെങ്കിലും മധ്യനിര നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറുമായി തുടക്കമിട്ടെങ്കിലും സാലി സാംസൺ മൂന്നാം പന്തിൽ പുറത്തായി. ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയിരുന്നു.

പതിവിനു വിപരീതമായി പ്രതിരോധത്തിലൂന്നി കളിച്ച സഞ്ജു സാംസൺ 22 പന്തിൽ 13 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഒരു ബൗണ്ടറി പോലും നേടാനാകാതെയാണ് താരം മടങ്ങിയത്. അവസാന ഓവറുകളിൽ 13 പന്തിൽ നാലു സിക്സും ഒരു ഫോറും സഹിതം 31 റൺസുമായി പുറത്താകാതെ നിന്ന ആൽഫി ഫ്രാൻസിസ് ജോണിന്റെ ഇന്നിങ്സാണ് കൊച്ചിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒരു റണ്ണുമായി പി.എസ്. ജെറിനും പുറത്താകാതെ നിന്നു. വിപുൽ ശക്തി (എട്ടു പന്തിൽ 11), മുഹമ്മദ് ഷാനു (അഞ്ചു പന്തിൽ 15), കെ.ജെ. രാകേശ് (23 പന്തിൽ 12), നിഖിൽ (14 പന്തിൽ ഒമ്പത്), മുഹമ്മദ് ആഷിഖ് (മൂന്നു പന്തിൽ 12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ആലപ്പി റിപ്പിൾസിനായി ജലജ് സക്സേന നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ശ്രീഹരി നായർ, അക്ഷയ് ചന്ദ്രൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വിഘ്നേഷ് പുത്തൂർ, ബാലു ബാബു എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 36 പന്തിൽ 33 റൺസ് നേടിയ ഓപ്പണർ അക്ഷയ് ചന്ദ്രനാണ് ആലപ്പിയുടെ ടോപ് സ്കോറർ.

അഭിഷേക് പി. നായരും (13 പന്തിൽ 29) ഭേദപ്പെട്ട പ്രകടനം നടത്തി. ജലജ് സക്സേന (15 പന്തിൽ 16), മുഹമ്മദ് അസ്ഹറുദ്ദീൻ (ഒമ്പത് പന്തിൽ 11), അനൂജ് ജോറ്റിൻ (10 പന്തിൽ 15), ടി.കെ. അക്ഷയ് (മൂന്നു പന്തിൽ അഞ്ച്), അർജുൻ സുരേഷ് (14 പന്തിൽ 16), ബാബു ബാബു (പൂജ്യം), ആദിത്യ ബൈജു (എട്ടു പന്തിൽ എട്ട്), എൻ. ബേസിൽ (മൂന്നു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

മൂന്നു ഓവറിൽ 17 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ആഷിഖാണ് കളിയിലെ താരം. ആസിഫ് 3.2 ഓവറിൽ 23 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ആൽഫി, വിനൂപ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - KCL: Kochi Blue Tigers beat Alleppey Ripples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.