തകർത്തടിച്ച് ആനന്ദും ഇമ്രാനും; ആലപ്പി റിപ്പിൾസിനെ ഏഴു വിക്കറ്റിന് തകർത്ത് തൃശൂർ ടൈറ്റൻസ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ ഏഴു വിക്കറ്റിന് തകർത്ത് തൃശൂർ ടൈറ്റൻസ്. സ്കോർ: ആലപ്പി റിപ്പിൾസ്: 151/7 (20), തൃശൂർ ടൈറ്റൻസ് 152/3 (16.3). തൃശൂരിനായി നാല് ഓവറിൽ 23 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്ത സിബിൻ ഗിരീഷാണ് കളിയിലെ താരം.

ടോസ് നേടിയ തൃശൂർ ക്യാപ്റ്റൻ സിജോമോൻ ജോസഫ് ആലപ്പുഴയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ അസറുദ്ദീന് പകരം ഓപണിങ്ങിനിറങ്ങിയ ജലജ് സക്സേന കളിയുടെ രണ്ടാം ഓവറിൽ ആനന്ദ് ജോസഫിനെ സിക്സറിന് തൂക്കി കെ.സി.എല്ലിൽ ഹരിശ്രീ കുറിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ ജലജിനെ (എട്ട് ) ഷോർട്ട് തേഡ്മാനിൽ എം.ഡി നിധീഷിന്‍റെ കൈകളിലെത്തിച്ച് ആനന്ദ് ആദ്യവെടിപൊട്ടിച്ചു. തൊട്ടുപിന്നാലെ അക്ഷയ് ചന്ദ്രനും (ഏഴ്) അഭിഷേക് നായരും (14) മടങ്ങിയതോടെ ആലപ്പി പ്രതിരോധത്തിലായി. ഇതോടെ തൂക്കിയടിക്കാൻ മറന്ന റിപ്പിൾസിനെ സിജോമോനും സിബിൻ ഗിരീഷും ചേർന്ന് പിടിച്ചുകെട്ടുകയായിരുന്നു. ക്യാപ്റ്റൻ അസറുദ്ദീൻ (38 പന്തിൽ 56), എം.പി.ശ്രീരൂപിന്‍റെയും (30*) പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് ആലപ്പിയെ അടുപ്പിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിനായി അഹമ്മദ് ഇമ്രാനും ആനന്ദ് കൃഷ്ണനും ചേർന്ന് വെട്ടിക്കെട്ട് തുടക്കമാണ് നൽകിയത്. സീസണിലെ ആദ്യ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത ഇരുവരും, എൻ.പി. ബേസിലും ജലജ് സക്സേനയും വിഘ്നേഷ് പുത്തൂരും അടങ്ങിയ റിപ്പിൾസിന്‍റെ ബൗളർമാരെ അക്ഷരാർഥത്തിൽ വെള്ളം കുടിപ്പിക്കുകയായിരുന്നു. 12.4 ഓവറിൽ സ്കോർ 121ൽ നിൽക്കെ അഹമ്മദ് ഇമ്രാനെ (44 പന്തിൽ 61) എക്സ്ട്രാ കവറിൽ അക്ഷയ് ചന്ദ്രന്‍റെ കൈകളിൽ എത്തിച്ച് മുംബൈയ് ഇന്ത്യൻസ് താരമായിരുന്ന വിഘ്നേഷ് പുത്തൂരാണ് ആലപ്പിക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.

തൊട്ടുപിന്നാലെ ആനന്ദ് കൃഷ്ണനും (39 പന്തിൽ 63) ഷോൺ റോജറും (ഏഴ് ) മടങ്ങിയെങ്കിലും അക്ഷയ് മനോഹറും (10*) എ.കെ.അർജുനും (ഒന്ന്) ചേർന്ന് അനായാസ വിജയത്തിലേക്ക് തൃശൂരിനെ നയിക്കുകയായിരുന്നു. ആലപ്പിക്കായി വിഘ്നേഷ് പുത്തൂർ 3.3 ഓവറിൽ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ശ്രീഹരി എസ്. നായർ ഒരു വിക്കറ്റും നേടി.

Tags:    
News Summary - KCL: Thrissur Titans defeat Alleppey Ripples by seven wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.