ഫുട്ബാൾ ലോകകപ്പ് ഫിക്സ്ചർ നറുക്കെടുപ്പ് തീ‍യതി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഫുട്ബാൾ ലോകകപ്പ് ഫിക്സ്ചർ നറുക്കെടുപ്പ് ഡിസംബർ അഞ്ചിന്; കെന്നഡി സെന്ററിൽ പ്രഖ്യാപനം നടത്തി ട്രംപ്

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പ് ഫിക്സ്ചർ നറുക്കെടുപ്പ് ഈ വർഷം ഡിസംബർ അഞ്ചിന് വാഷിങ്ടണിലെ ജോൺ എഫ്. കെന്നഡി സെന്ററിൽ നടക്കും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യമറിയിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിൽ യു.എസ്, മെക്സിക്കോ, കാനഡ രാജ്യങ്ങളിലായാണ് ഫുട്ബാൾ ലോകകപ്പ് അരങ്ങേറുക. ഇതാദ്യമായി 48 ടീമുകൾ അണിനിരക്കും. ആകെ 104 മത്സരങ്ങളുണ്ടാവും.

കെന്നഡി സെന്ററിൽ പുരോഗമിക്കുന്ന 257 ദശലക്ഷം ഡോളറിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ വിലയിരുത്തിയ ട്രംപ്, അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ലോകകപ്പ് നറുക്കെടുപ്പിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ചത്. യു.എസിന്റെ 250ാം വാർഷികാഘോഷങ്ങളുടെ കൂടി ഭാഗമാവും ലോകകപ്പ്. കാനഡയിലും മെക്സിക്കോയിലും 13 വീതം മത്സരങ്ങളാണുണ്ടാവുക. ബാക്കിയെല്ലാം യു.എസിലെ 11 നഗരങ്ങളിലായി സംഘടിപ്പിക്കും. ലോകകപ്പിന് മുന്നോടിയായി മയാമിയിലും ന്യൂയോർക്കിലും ഓഫിസുകൾ തുറന്നിട്ടുണ്ട് ഫിഫ.

ബുണ്ടസ് ലിഗ: കെയ്ൻ ഹാട്രിക്കിൽ ബയേൺ ആറാട്ട്

ബർലിൻ: ജർമൻ ബുണ്ടസ് ലിഗയിൽ വൻ ജയത്തോടെ സീസൺ തുടങ്ങി ബയേൺ മ്യൂണിക്. ലെയ്പ്സിഗിനെ എതിരില്ലാത്ത ആറ് ഗോളിനാണ് അലയൻസ് അറീനയിലെ സ്വന്തം കാണികൾക്കുമുന്നിൽ നിലവിലെ ചാമ്പ്യന്മാർ തകർത്തത്.

സൂപ്പർ താരം ഹാരി കെയ്ൻ ഹാട്രിക് നേടി. മൈക്കൽ ഒലിസെ 27ാം മിനിറ്റിൽ ലീഡ് പിടിച്ചുകൊടുത്തു. ബയേണിനായി അരങ്ങേറിയ ലൂയിസ് ഡയസ് (32) മുൻതൂക്കം ഇരട്ടിയാക്കി. 42ാം മിനിറ്റിൽ ഒലിസെയുടെ രണ്ടാം ഗോളുമെത്തിയതോടെ ആദ്യ പകുതി 3-0. രണ്ടാം പകുതിയിലായിരുന്നു കെയ്നിന്റെ തേരോട്ടം. 64, 74, 77 മിനിറ്റുകളിൽ സ്കോർ ചെയ്ത് ഇംഗ്ലീഷ് താരം ഹാട്രിക് തികച്ചു.

ലിഗ് വൺ: ജയം തുടർന്ന് പി.എസ്.ജി

പാരിസ്: സൂപ്പർ സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ പെനാൽറ്റി നഷ്ടപ്പെടുത്തിയ ലിഗ് വൺ മത്സരത്തിൽ പാരിസ് സെന്റ് ജെർമെയ്ന് ജയം. എ‍യ്ഞ്ചേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. സീസണിലെ ആദ്യ ഹോം മത്സരത്തിൽ പി.എസ്.ജിക്കായി 50ാം മിനിറ്റിൽ ഫാബിയൻ റൂയിസ് വിജയ ഗോൾ നേടി. 27ാം മിനിറ്റിലാണ് ഡെംബലെ പെനാൽറ്റി കിക്ക് തുലച്ചത്. രണ്ട് മത്സരങ്ങളും ജയിച്ച പി.എസ്.ജി ആറ് പോയന്റുമായി ഒന്നാംസ്ഥാനത്താണ്.

Tags:    
News Summary - Final Draw For FIFA World Cup 2026 Set For December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.