ബാഴ്സലോണ താരം പെഡ്രിയുടെയും ലമിൻ യമാലിന്റെയും ഗോൾ ആഘോഷം
ബാഴ്സലോണ: രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ച ബാഴ്സലോണക്ക് സ്പാനിഷ് ലാ ലിഗയിൽ മിന്നും ജയം. സീസണിലെ രണ്ടാം മത്സരത്തിൽ ലെവാന്റെക്കെതിരെ കളിയുടെ ഇഞ്ചുറി സമയത്ത് പിറന്ന സെൽഫ് ഗോളാണ് ബാഴ്സലോണക്ക് രക്ഷയൊരുക്കിയത്. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുമായി ലെവാന്റെ ബാഴ്സലോണയെ ഞെട്ടിച്ചു. ഇവാൻ റൊമേറോയും (15ാം മിനിറ്റ്), ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോസ് ലൂയിസ് മൊറേൽസും നേടിയ ഗോളിലുടെ ലെവാന്റെ ലീഡ് പിടിച്ചപ്പോൾ കളി ബാഴ്സയെ കൈവിടുകയാണോയെന്ന് സംശയിച്ചു.
എന്നാൽ, രണ്ടാം പകുതിയിൽ ഗവിയെയും, റാഷ്ഫോഡിനെ പിൻവലിച്ച് ഡാനി ഒൽമോയെയും ഇറക്കി കോച്ച് ഹാൻസ് ഫ്ലിക് കളിയുണർത്തി. അതിന്റെ ഫലവും അടുത്ത മിനിറ്റുകളിൽ പിറന്നു തുടങ്ങി. 49ാം മിനിറ്റിൽ ലമിൻ യമാൽ നീട്ടി നൽകിയ ക്രോസിനെ കിടിലൻ ഷോട്ടിലൂടെ വലയിലാക്കി പെഡ്രിയാണ് ബാഴ്സയെ കളിയിൽ തിരികെയെത്തിച്ചത്. 52ാം മിനിറ്റിൽ റഫീന്യയുടെ കോർണർ കിക്കിനെ ഫുൾ വോളിയിലുടെ വലയിലേക്ക് നയിച്ച് ഫെറാൻ ടോറസ് ബാഴ്സലോണയെ ഒപ്പമെത്തിച്ചു. സ്കോർ സമനിലയിലെത്തിയതോടെ കളിയും മുറുകി. ഒടുവിൽ ഇഞ്ചുറി ടൈമിലെ ആദ്യ മിനിറ്റിൽ ലമിൻ യമാലും ഫെറാർ ടോറസും തമ്മിലെ സമവാക്യത്തിൽ പിറന്ന നീക്കം സെൽഫ് ഗോളായി ബാഴ്സയുടെ അക്കൗണ്ടിൽ വരവു ചേർത്തു. യമാലിന്റെ ക്രോസിന് തലവെക്കാനുള്ള ടോറസിന്റെ ശ്രമത്തെ തടയാൻ ഉയർന്നു ചാടിയ ലെവാന്റെ പ്രതിരോധ താരം ഉനായ് എൽഗുസേബാലിന്റെ തലയിൽ തട്ടി വലയിലാവുകയായിരുന്നു.
സീസണിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണ മയോർകക്കെതിരെ 3-0ത്തിന് ജയിച്ചിരുന്നു.
ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ അത്‍ലറ്റികോ മഡ്രിഡിനെ എൽഷെ 1-1ന് സമനിലയിൽ തളച്ചു. ആദ്യ കളിയിൽ തോറ്റതിനു പിന്നാലെയാണ് അത്‍ലറ്റികോ സമനില വഴങ്ങുന്നത്.
ലാ ലിഗയിൽ ഞായറാഴ്ച രാത്രിയിൽ റയൽ മഡ്രിഡ് റയൽ ഒവീഡോയെ നേരിടും.
കിരീടത്തിനായി ബൂട്ടുകെട്ടുന്ന റയലിന് പ്രതീക്ഷ നൽകുന്നതല്ല മത്സര ഫലമെന്നാണ് കോച്ച് ഹാൻസ് ഫ്ലികിന്റെ അഭിപ്രായം. എതിരാളികളായ ലെവാന്റെ കടത്ത മത്സരമാണ് നൽകിയതെന്നും, ഞങ്ങളുടെ ടീമിന് കൂടുതൽ മെച്ചപ്പെടാനുണ്ടെന്നും ബാഴ്സ കോച്ച് മത്സര ശേഷം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.