ക്രിസ്റ്റ്യാനോ ചരിത്രം കുറിച്ചിട്ടും അൽ-നസ്റിന് രക്ഷയില്ല! സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ-അഹ്ലിയോട് തോറ്റു

ഹോങ്കോങ്: സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ-നസ്റിന് തോൽവി. പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്ര റെക്കോഡ് സ്വന്തമാക്കിയ മത്സരത്തിൽ ചിരവൈരികളായ അൽ-അഹ്ലിയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് നസ്ർ പരാജയപ്പെട്ടത്.

നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 എന്ന സ്കോറിൽ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടിൽ 5-3 എന്ന സ്കോറിനാണ് അഹ്ലിയുടെ ജയം. സൗദി ക്ലബിനൊപ്പം ഒരു മേജർ കിരീടത്തിനായി ക്രിസ്റ്റ്യാനോ ഇനിയും കാത്തിരിക്കണം. 2023ലെ അറബ് ക്ലബ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് മാറ്റി നിർത്തിയാൽ നസ്ർ ക്ലബിനൊപ്പം ഇതുവരെ മറ്റു കിരീടങ്ങളൊന്നും ക്രിസ്റ്റ്യാനോക്ക് നേടാനായിട്ടില്ല. അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ഒരു അനൗദ്യോഗിക ടൂർണമെന്‍റ് മാത്രമാണ്.

ഹോങ്കോങ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തോറ്റെങ്കിലും മത്സരത്തിന്‍റെ 41ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെയാണ് ചരിത്ര നേട്ടത്തിലെത്തിയത്. നസ്ർ ക്ലബിനായി താരത്തിന്‍റെ നൂറാം ഗോളാണിത്. ഇതോടെ നാലു വ്യത്യസ്ത ക്ലബുകൾക്കും ദേശീയ ടീമിനുമായി നൂറ് ഗോൾ നേടുന്ന ലോകത്തിലെ ആദ്യ ഫുട്ബാളറെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. സ്പെയിനിൽ റയൽ മഡ്രിഡിനായി 450 ഗോളുകളാണ് താരം നേടിയത്. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുനേറ്റഡിനായി 145 ഗോളുകളും ഇറ്റലിയിൽ യുവന്റസിനായി 101 ഗോളുകളും താരം നേടിയിട്ടുണ്ട്. കൂടാതെ, പോർചുഗൽ ദേശീയ ടീമിനൊപ്പം 138 ഗോളുകളും താരത്തിന്‍റെ പേരിലുണ്ട്.

അന്താരാഷ്ട്ര ഫുട്ബാളിൽ എക്കാലത്തെയും ടോപ് ഗോൾ സ്കോററാണ് ക്രിസ്റ്റ്യാനോ. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് (45+6) ഫ്രാങ്ക് കെസ്സിയുടെ ഗോളിൽ അൽ-അഹ്ലി മത്സരത്തിൽ ഒപ്പമെത്തി. 82ാം മിനിറ്റിൽ മാഴ്സെലോ ബ്രോസോവിച്ചിന്റെ ഗോളിലൂടെ നസ്ർ വീണ്ടും ലീഡെടുത്തു. എന്നാൽ നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ (89ാം മിനിറ്റിൽ) റോഡ്രിഗോ ഇബാനെസ് നേടിയ ഗോളിലൂടെ അഹ്ലി വീണ്ടും സമനില പിടിച്ചു.

തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ അഹ്ലി താരങ്ങൾ അഞ്ചു ഷോട്ടുകളും ലക്ഷ്യത്തിലെത്തിച്ചപ്പോൾ, നസ്റിന് മൂന്ന് പെനാൽട്ടികൾ മാത്രമേ ഗോളാക്കാൻ കഴിഞ്ഞുള്ളൂ. മത്സരം 5-3ന് അഹ്ലി സ്വന്തമാക്കി. മത്സരത്തിൽ പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും നസ്ർ ക്ലബിനായിരുന്നു മേൽക്കൈ.

Tags:    
News Summary - Al-Ahli win Saudi Super Cup as Ronaldo nets 100th Al-Nassr goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.