ആഷിഖ് കുരുണിയൻ, മുഹമ്മദ് ഉവൈസ്, എം.എസ് ജിതിൻ
ബംഗളൂരു: ഇന്ത്യയുടെ പുതിയ പരിശീലകൻ ഖാലിദ് ജമീലിനു കീഴിലെ ആദ്യ ടൂർണമെന്റിനുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ സംഘത്തിൽ മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, എം.എസ് ജിതിൻ, മുഹമ്മദ് ഉവൈസ് എന്നിവർ ഇടം നേടി. ആഗസ്റ്റ് 29 മുതൽ തജികിസ്താനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻ (കാഫ) നാഷൻസ് കപ്പ് ടൂർണമെന്റിനുള്ള 23 അംഗ സംഘത്തെയാണ് കോച്ച് പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ പുതിയ കോച്ചായി സ്ഥാനമേറ്റതിനു പിന്നാലെ നടന്ന ദേശീയ ടീം സാധ്യതാ സംഘത്തിൽ നിന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചത്. 35 അംഗങ്ങൾ ഉൾപ്പെട്ട ക്യാമ്പിൽ നിന്നും ഒഴിവാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാതെയാണ് പുതിയ ദേശീയ ടീമിനെ കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിന് കോച്ച് തുടക്കം കുറിച്ചത്. ക്യാമ്പിൽ നിന്നും വിട്ടു നിന്ന മോഹൻ ബഗാൻ ടീമിലെ മലയാളി താരം സഹൽ അബ്ദുൽ സമദിനെയും കാഫ് നാഷൻസ് കപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ എട്ടുവരെ നീണ്ടു നിൽക്കുന്ന ടൂർണമെന്റിനായി ഇന്ത്യൻ ടീം തിങ്കളാഴ്ച പുറപ്പെടും. ഗ്രൂപ്പ് ‘ബി’യിൽ തജികിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ ടീമുകളാണ് ഇന്ത്യക്കൊപ്പമുള്ളത്.
ആഗസ്റ്റ് 29ന് തജികിസ്താൻ, സെപ്റ്റംബർ ഒന്നിന് ഇറാൻ, നാലിന് അഫ്ഗാനിസ്താൻ എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ.
ഇന്ത്യൻ സൂപ്പർ ലീഗിൽ ശ്രദ്ധേയ പ്രകടനവുമായി ആരാധക മനസ്സിൽ ഇടം നേടിയ മലയാളി താരം മുഹമ്മദ് ഉവൈസിന് ദേശീയ ടീമിലേക്കുള്ള ആദ്യ വിളിയാണിത്. ക്യാമ്പിൽ ഇടം നേടിയ ജംഷഡ്പൂർ എഫ്.സി മുൻ താരം കോച്ച് ഖാലിദ് ജമീലിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളുമാണ്. എഫ്‌സി കേരളയിലൂടെ കളി തുടങ്ങിയ 26കാരൻ ഗോകുലം കേരള, ബംഗളൂരു യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്കായെല്ലാം കളിച്ചു. കഴിഞ്ഞ സീസൺ സമാപിച്ചതിനു പിന്നാലെ ഉവൈസിനെ പഞ്ചാബ് എഫ്.സി സ്വന്തമാക്കിയിരുന്നു. നിലമ്പൂർ സ്വദേശിയാണ് മുഹമ്മദ് ഉവൈസ്.
തൃശൂർ ഒല്ലൂർ സ്വദേശിയായ എം.എസ് ജിതിൻ നോർത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി താരമാണ്. നേരത്തെ ഒരു മത്സരത്തിൽ ഇന്ത്യക്കായി കളിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ് ആഷിഖ് കുരുണിയൻ.
ബഗാൻ വിട്ടുനിന്നു; സീനിയർ താരങ്ങളില്ല
സന്നാഹ ക്യാമ്പിലേക്ക് മോഹൻ ബഗാൻ താരങ്ങളെ വിട്ടു നൽകാതിരുന്നതണ് സഹലിന് തിരിച്ചടിയായത്. വിശാൽ കെയ്ത്ത്, ലാലങ്മാവിയ (അപൂയ), അനിരുദ്ധ് താപ്പ, സഹൽ അബ്ദുൽ സമദ്, ദീപക് താങ്റി, മൻവീർ സിങ്, ലിസ്റ്റൺ കൊളാസോ എന്നിവരാണ് ക്യാമ്പിൽ നിന്നും വിട്ടു നിന്ന ബഗാൻ താരങ്ങൾ. ഇവരെയെല്ലാം ഒഴിവാക്കിയാണ് കോച്ച് ഖാലിദ് ജമീൽ ദേശീയ ടീമിനെ ഇറക്കുന്നത്. മുൻ കോച്ച് മനോലോ മാർക്വസ് തിരിച്ചു വിളിച്ച സുനിൽ ഛേത്രിയില്ലാതെയാണ് ഖാലിദ് ജമീൽ ക്യാമ്പ് ആരംഭിച്ചത്. എന്നാൽ, ഇത് തയ്യാറെടുപ്പ് ടൂർണമെന്റ് മാത്രമാണെന്നും, വരാനിരിക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഛേത്രിക്ക് ഇടമുണ്ടാവുമെന്നും കോച്ച് സൂചന നൽകി.
35 അംഗ ക്യാമ്പിൽ ഇടം നേടിയ മലയാളി താരം സുനിൽ ബെഞ്ചമിൻ 23 അംഗ ടീമിൽ ഇടം നേടിയില്ല.
ടീം ഇന്ത്യ:
ഗോൾകീപ്പർ: ഗുർപ്രീത് സിങ് സന്ധു, അമരിന്ദർ സിങ്, ഋതിക് തിവാരി.
പ്രതിരോധം: രാഹുൽ ഭെകെ, നൗറം റോഷൻ സിങ്, അൻവർ അലി, സന്ദേശ് ജിങ്കാൻ, ചിഗ്ലൻസന സിങ്, മിങ്താൻമാവിയ റാൽതെ, മുഹമ്മദ് ഉവൈസ്.
മധ്യനിര: നിഖിൽ പ്രഭു, സുരേഷ് സിങ് വാങ്ജാം, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്സൻ സിങ്, ബോറിസ് സിങ് താങ്ജാം, ആഷിഖ് കുരുണിയൻ, ഉദാന്ത സിങ്, നൗറം മഹേഷ് സിങ്.
മുന്നേറ്റം: ഇർഫാൻ യദ്‍വാദ്, മൻവിങ് സിങ് ജൂനിയർ, ജിതിൻ എം.എസ്, ലാലിയാൻസുവാല ചാങ്തെ, വിക്രം പ്രതാപ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.