തിരുവനന്തപുരം: കായിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൈലം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷണ വിതരണ ഏജൻസിയെ തെരഞ്ഞെടുത്തതിൽ വൻ ക്രമക്കേട്. ടെൻഡർ പാലിക്കാതെ വകുപ്പിലെ ഉന്നതന്റെ നിർദേശപ്രകാരം കാന്റീൻ നടത്തിപ്പ് ചുമതല നൽകിയതായി ആരോപണം. ഇതുസംബന്ധിച്ച രേഖകൾ ‘മാധ്യമ’ത്തിന് ലഭിച്ചു. സ്കൂളിലെ 392 പുരുഷ, വനിത കായികതാരങ്ങൾക്ക് പ്രതിദിനം ഭക്ഷണത്തിന് 250 രൂപ വീതമാണ് സർക്കാർ നൽകുന്നത്.
ന്യൂട്രീഷ്യൻ ഇനത്തിൽ 50 രൂപയും നൽകുന്നു. 2022 വരെ ഭക്ഷണം നൽകാൻ ഏജൻസികളെ കായിക വകുപ്പ് തെരഞ്ഞെടുത്തിരുന്നത് ടെൻഡറിലൂടെയാണ്. എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി കളമശ്ശേരി ആസ്ഥാനമായ ‘പാച്ചൂസ് കിച്ചണി’ന് ടെൻഡറില്ലാതെ കാന്റീൻ നടത്തിപ്പവകാശം പതിച്ചുനൽകുകയായിരുന്നുവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 115 കുട്ടികളുള്ള കുന്നംകുളം സ്പോർട്സ് ഡിവിഷനിലും 300 രൂപക്ക് പാച്ചൂസ് കിച്ചണിന് തന്നെയാണ് കരാർ.
കണ്ണൂർ സ്പോർട്സ് സ്കൂളിൽ ഭക്ഷണത്തിനായി മത്സരാധിഷ്ഠിത ടെൻഡറിൽ കരാർ എടുത്ത സ്ഥാപനം 274.97 രൂപക്ക് സർക്കാർ മെനു അനുസരിച്ച ഭക്ഷണവും ന്യൂട്രീഷ്യൻ ഫുഡും നൽകുമ്പോഴാണ് ടെൻഡർ നടപടികളില്ലാതെ തെരഞ്ഞെടുത്ത പാച്ചൂസ് കിച്ചൺ ജി.വി. രാജയിലും കുന്നംകുളത്തും 300 രൂപക്ക് അതേ മെനുവിലുള്ള ഭക്ഷണം നൽകുന്നത്.
ഇതുവഴി ഓരോ കുട്ടിക്കും പ്രതിദിനം 25 രൂപ സർക്കാറിൽനിന്ന് അനധികൃതമായി സ്ഥാപനത്തിന് നൽകിയതായി രേഖകൾ വ്യക്തമാക്കുന്നു. ജി.വി. രാജയിലെയും കുന്നംകുളത്തെയും 507 കുട്ടികളുടെ ഭക്ഷണ അലവൻസിൽ പ്രതിദിനം 12,675 രൂപയാണ് ഇതുവഴി പാച്ചൂസ് കിച്ചണിന് അധികമായി ലഭിച്ചത്. 2021ന് മുമ്പുവരെ 200 രൂപയായിരുന്നു താരങ്ങൾക്ക് അനുവദിച്ചിരുന്നത്. അന്ന് ടെൻഡറിലൂടെ തെരഞ്ഞെടുത്ത ഏജൻസികൾ 179.50 രൂപക്കാണ് ഭക്ഷണം നൽകിയത്.
ഇത്തരം ഏജൻസികൾക്കെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ടെൻഡറില്ലാതെ പാച്ചൂസ് കിച്ചണിന് കാന്റീൻ നടത്തിപ്പ് ചുമതല നൽകിയതെന്നാണ് കായിക വകുപ്പിന്റെ വിശദീകരണം.
ടെൻഡർ പൂർണമായി ഒഴിവാക്കി കൂടിയ തുകക്ക് ഒരു സ്ഥാപനത്തിന് കരാർ നൽകിയത് ഗുരുതര ചട്ടലംഘനമാണെന്നും പ്രതിമാസം ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നും കായികാധ്യാപകർ ആരോപിക്കുന്നു. വിജിലൻസിൽ പരാതി നൽകാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.