representation image
ഇന്ത്യയുടെ കൗമാരതാരമായ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ ലാസ് വേഗാസിൽ നടക്കുന്ന ഫ്രീൈസ്റ്റൽ ചെസ് ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർതാരമായ മാഗ്നസ് കാൾസനെ തോൽപിച്ചു. മൽസരത്തിൽ വെള്ളകരുവുമായി മുന്നേറിയ പ്രഗ്നാനന്ദ കളിയുടെ ഒരു ഘട്ടത്തിലും കാൾസന് മുന്നേറാൻ അവസരം നൽകിയില്ലെന്നത് പ്രതീക്ഷക്ക് വകനൽകുന്നു.
ബുധനാഴ്ച നടന്ന നാലാം റൗണ്ട് മൽസരത്തിലായിരുന്നു തന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന രീതിയിലുള്ള കളിയുടെ കെട്ടഴിച്ചത്. ഇന്ത്യൻ ചെസ്സിന്റെ ഭാവി താരമായ 19കാരന്റെ പ്രകടനത്തിൽ നോർവീജിയൻ കൊടുങ്കാറ്റായ കാൾസൻ മുട്ടുമടക്കുകയായിരുന്നു.തുടക്കം മുതൽ മികച്ച രീതിയിൽ കളി തുടർന്ന ഇന്ത്യൻ താരം അവസാനം കളി തന്റേതാക്കുകയായിരുന്നു.
10 + ,10 - സെക്കൻഡ് ഫോർമാറ്റിൽ നടന്ന മത്സരത്തിൽ 93.9 ശതമാനം കൃത്യതയും ശ്രദ്ധയും രേഖപ്പെടുത്തിയ പ്രഗ്നാനന്ദയുടെ പ്രകടനം 84.9 ശതമാനം രേഖപ്പെടുത്തിയ കാൾസന്റെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്നതാണെന്ന് ചെസ് ലോകം വിലയിരുത്തുന്നു. ഈ വിഭാഗത്തിൽ അഞ്ച് തവണ ലോക ചാമ്പ്യനായ കാൾസനെതിരെ അസാമാന്യ ആത്മവിശ്വാസത്തോടെയും സംയമനത്തോടെയും കളിച്ച പ്രഗ്നാനന്ദ കാൾസണെ മറികടക്കുകയായിരുന്നു. ഈ വിജയം പ്രഗ്നാനന്ദയുടെ കായിക ചരിത്രത്തിലെ ഒരു പുതിയ അധ്യായമാവുകയാണ്. ഒരു ലോക ണചാമ്പ്യനെ ചെസ്സിലെ ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് പ്രധാന സമയ ഫോർമാറ്റുകളിലും ഇപ്പോൾ പരാജയപ്പെടുത്തിയിരിക്കുന്നു.
എനിക്കിപ്പോൾ ക്ലാസിക്കലിനേക്കാൾ ഫ്രീസ്റ്റൈൽ കളിക്കാനാണ് ഇഷ്ടമെന്ന് മത്സരത്തിന് ശേഷമുള്ള ഒരു അഭിമുഖത്തിൽ പ്രഗ്നാനന്ദ പറഞ്ഞു. ഈ ഗ്രാൻഡ് സ്ലാം കാൾസൻ കൂടി പങ്കാളിയായഒരു ടൂർണമെന്റാണ്. പുതിയ ഫ്രീസ്റ്റൈൽ ഫോർമാറ്റായ ചെസ്സ് 960 -നെ അടിസ്‍ഥാനമാക്കി രൂപപ്പെടുത്തിയ ടൂർണമെന്റാണിത്. ഈ വിജയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇതുതന്നെയാണ്. കാൾസനും ചേർന്ന് നിർമിച്ച ടൂർണമെന്റിൽ നിർമാതാവിനെ തന്നെ പരാജയപ്പെടുത്തിയത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനകരമാണ്.
ലാസ് വെഗാസിൽ വിൻസെന്റ് കീമറിനെതിരെയും ലെവോൺ ആരോണിയനെതിരെയും തുടർച്ചയായ വിജയങ്ങളോടെയാണ് കാൾസന്റെ കാൾസൺ തുടക്കമെങ്കിലും ഗ്രൂപ് ഘട്ടത്തിൽ കാൾസന് പിഴച്ചു. മൂന്നാം റൗണ്ടിൽ യാവോഗിർ സിൻഡറോവിനെതിരെ സമനില. നാലാം റൗണ്ടിൽ പ്രഗ്നാനന്ദയോടുള്ള തോൽവി ഒരു വഴിത്തിരിവായി. തുടർന്ന് അഞ്ചാം റൗണ്ടിൽ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോയോട് വീണ്ടും തോറ്റു. തുടർന്ന് ആറാം റൗണ്ടിൽ നോഡിർബെക്ക് അബ്ദുസത്തോറോവിനെതിരെ സമനില. ഗ്രൂപ് ഘട്ടം കസഖ്സ്താന്റെ ബിബിസാര അസൗബയേവയെ പരാജയപ്പെടുത്തി അവസാനിപ്പിച്ചെങ്കിലും ആരോണിയനെതിരെ പ്ലേഓഫ് ഒഴിവാക്കാൻ കാൾസന്റെ നാല് പോയന്റുകൾ പര്യാപ്തമായിരുന്നില്ല. പ്ലേഓഫിലെ രണ്ട് ഗെയിമുകളും കാൾസൺ തോറ്റ് അഞ്ചാം സ്ഥാനത്ത് എത്തുകയും ടൂർണമെന്റിൽനിന്ന്പുറത്താകുകയും ചെയ്തു.
പ്രഗ്നാനന്ദ ഗ്രൂപ് വൈറ്റിൽ 4.5 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി, സിൻഡറോവ്, അബ്ദുസത്തോറോവ് എന്നിവരുമായി തുല്യത പാലിച്ചു, പക്ഷേ ടൈബ്രേക്കുകളിൽ മുന്നിലായിരുന്നു. കാൾസൺ, കീമർ, അസൗബയേവ എന്നിവർക്കെതിരായ വിജയങ്ങളും സോ, സിൻഡറോവ് എന്നിവർക്കെതിരായ സമനിലകളും ചാമ്പ്യൻഷിപ്പിൽ പ്രഗ്നാനന്ദയുടെ മുന്നേറ്റത്തിന്റെ തെളിവാണ്. ഇന്ത്യൻ താരം അർജുൻ എറിഗൈസിയും ഗ്രൂപ് ബ്ലാക്കിൽ നിന്ന് മുന്നേറി, ഹികാരു നകാമുറക്കും ഹാൻസ് നീമാനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തി. വിദിത് ഗുജറാത്ത് ടൂർണമെന്റിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് നേരത്തേ പുറത്തായി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.