ഹൃദയം മാറ്റിവച്ച ആദ്യ പന്തുകളിക്കാരൻ
കരളും ഹൃദയവും വൃക്കയും ശ്വാസകോശവും ഒക്കെ മാറ്റിവെക്കപ്പെട്ടവർക്കും ഒളിമ്പിക്സ് രീതിയിൽ സാർവദേശീയ മത്സരങ്ങൾ ഉണ്ടെന്നറിഞ്ഞതും അതിൽ പങ്കെടുക്കാൻ താൽപര്യമുണ്ടോ എന്ന ചോദ്യം കേട്ടതും ജൂലൈ 27 മുതൽ ആഗസ്റ്റ് ഒന്നുവരെ ആശുപത്രി കിടക്കയിൽ ചികിത്സയിലായപ്പോഴായിരുന്നു.
2025 ലെ ലോക ട്രാൻസ്പ്ലാന്റ് ഗെയിംസ് നടക്കുന്നത് ജർമനിയിലെ ഡ്രേസ്‌ഡനിൽ ഈ മാസം 17 മുതൽ 24 വരെയാണ്. ‘വേൾഡ് ട്രാൻസ്പ്ലാൻറ് ഗെയിംസ്’ പൊതുവെ അവയവം മാറ്റിവയ്ക്കൽ പങ്കാളികളുടേതാണ്. സ്വീകർത്താക്കൾക്കും ജീവിച്ചിരിക്കുന്ന ദാതാക്കൾക്കും വേണ്ടിയുള്ള അന്താരാഷ്ട്ര മൾട്ടിസ്‌പോർട്‌സ് ഇവന്റാണിത്. വേൾഡ് ട്രാൻസ്പ്ലാൻറ് ഗെയിംസ് ഫെഡറേഷൻ (WTGF) ആണ് രണ്ട് വർഷത്തിലൊരിക്കൽ ഗെയിംസ് സംഘടിപ്പിക്കുന്നത്. വിന്റർ സമ്മർ ഒളിമ്പിക്സ് പോലെ ട്രാൻസ്പ്ലാൻറ് ഗെയിംസിനും വേനൽക്കാലത്തും ശൈത്യകാലത്തും രണ്ട് മത്സരങ്ങളുണ്ട്. അവയവ ദാനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ട്രാൻസ്പ്ലാൻറേഷന് ശേഷം ആരോഗ്യവും ഫിറ്റ്‌നസും പ്രകടിപ്പിക്കുന്നതിനും ഗെയിമുകൾ ലക്ഷ്യമിടുന്നു.
51 രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളും ടീമുകളും ഒരാഴ്ച നീളുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും സൗഹൃദം പങ്കിടാനുമായി ഇവിടെയെത്തും. ട്രാക്ക് ആൻഡ് ഫീൽഡ്, നീന്തൽ, ബാഡ്മിന്റൺ, സൈക്ലിങ്, ബാസ്കറ്റ്ബാൾ, വോളിബാൾ, ഫുട്ബാൾ എന്നീ ഇനങ്ങളിലാണ് മത്സരം. അവയവങ്ങൾ സ്വീകരിച്ചവരുടെയും അത് നൽകിയവരുടെയും സ്നേഹ സംഗമം കൂടിയാണ് ഈ ലോക മേള. ഗെയിംസിൽ 17 വ്യത്യസ്ത കായിക ഇനങ്ങളിലാണ് മത്സരങ്ങൾ. ‘കളിയുടെയും ജീവിതത്തിന്റെയും അതുല്യമായ ആഘോഷത്തിൽ പങ്കെടുക്കാനും ആഹ്ലാദിക്കാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു’ എന്ന ക്ഷണക്കത്ത് ആശുപത്രിയിൽ നിന്നാണ് എനിക്ക് കിട്ടിയത്.
ഹൃദയം മാറ്റിവച്ച ഒളിമ്പിക് സ്വർണ വിജയി
കളികൾ ജീവിതത്തിന്റെ ആഘോഷമാണ്. ട്രാൻസ്‌പ്ലാന്റേഷന്റെ വിജയവും അവയവങ്ങളുടെയും ടിഷ്യു ദാനത്തിന്റെയും കരുത്തും പ്രദർശിപ്പിക്കുന്നതാണ് ട്രാൻസ്പ്ലാൻറ് ഗെയിംസിലെ മത്സരങ്ങൾ. ‘ജീവിതത്തിന്റെ രണ്ടാമത്തെ അവസരത്തിന്റെ ആഘോഷം’ എന്നാണ് ട്രാൻസ്പ്ലാൻറ് ഗെയിംസ് അറിയപ്പെടുന്നത്.
1978ൽ യു.കെയിലെ പോർട്ട്സ്മൗത്തിൽ ആയിരുന്നു പ്രഥമ ട്രാൻസ്പ്ലാന്റ് ഗെയിംസ് നടന്നത്. അവയവങ്ങൾ സ്വീകരിക്കുന്നവർ, അവരുടെ കുടുംബങ്ങൾ, പിന്തുണയ്ക്കുന്നവർ, ദാതാക്കളുടെ കുടുംബങ്ങൾ, ജീവിച്ചിരിക്കുന്ന ദാതാക്കൾ എന്നിവർക്ക് പ്രചോദനമേകുന്ന സംഗമവേദിയായും ജീവന്റെ സമ്മാനത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ അവബോധ പരിപാടിയായും അത് വളർന്നു. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ആസ്‌ട്രേലിയ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലാണ് ഗെയിംസ് ഇതുവരെ നടന്നത്. ജർമനിയിൽ ഗെയിംസ് വിരുന്നെത്തുന്നത് ഇതാദ്യമായാണ്.
പലതവണ പരഹൃദയം സ്വീകരിച്ചു ലോക മാരത്തോണിൽ മത്സരിച്ച ഈസ്റ്റ് ജർമനിയുടെ ഹാർട്ട്വീഷ് ഗൗഡറുടേതുപോലെ അതിശയ കഥകളുടെ അക്ഷയഖനിയാണ് ട്രാൻസ്പ്ലാന്റ് ഗെയിംസ്. 1980 മോസ്‌കോ ഒളിമ്പിക്സിൽ 50 കിലോമീറ്റർ നടത്ത മത്സരത്തിൽ സ്വർണവും 88 സിയോൾ ഒളിമ്പിക്സിൽ വെള്ളിയും നേടിയ നേടിയ ഹാർട്ട്വീഷ് ഗൗഡർക്ക് 96ൽ ഹൃദയാഘാതത്തെ തുടർന്ന് ഹൃദയം മാറ്റി വൈക്കേണ്ടിവന്നു. ഒരു കാർ അപകടത്തിൽ മസ്തിഷ്ക്ക മരണം സംഭവിച്ചയാളുടെ ഹൃദയം ഒളിമ്പിക് ചാമ്പ്യനു വച്ചു പിടിപ്പിച്ചു. രണ്ടു വർഷത്തിന് ശേഷം വീണ്ടും അദ്ദേഹം സജീവ സ്പോർട്സ് രംഗത്ത് തിരിച്ചുവന്നു. ബോസ്റ്റൺ മാരത്തോണിൽ വരെ പങ്കെടുത്തു. 2020 ഏപ്രിലിലാണ് ഗൗഡർ മരിച്ചത്.
അതുപോലെ ആവേശകരമായ മറ്റൊരു വൈദ്യശാസ്ത്ര വിസ്മയമാണ് 2016-ലെ റിയോ ഒളിമ്പിക്സിനിടെ കാർ അപകടത്തിൽ മരിച്ച ജർമൻ കാനോയിങ് ടീം പരിശീലകനും 2004-ലെ ഏഥൻസ് ഗെയിംസിൽ വെള്ളി മെഡൽ ജേതാവുമായ സ്റ്റെഫാൻ ഹെൻസിന്റെ ഹൃദയം ബ്രസീലിൽനിന്നുള്ള ഇവോനെറ്റ് ബാൽത്തസാർ എന്ന വനിതക്കു വച്ചു പിടിപ്പിച്ച കഥ. തുടർന്ന് അവർ ദീർഘ ദൂര ഓട്ട മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു!
ഹൃദയം മാറ്റിവച്ച ആദ്യ വനിത അത്ലറ്റ്
ഏറ്റവും ആയാസകരമായ കായിക ഇനമാണ് ട്രയാത്ലോൺ. അതിലെ തന്നെ ഏറ്റവും കടുത്ത മത്സരത്തിലൂടെയാണു ഹവായി അയേൺ മാൻ ചാമ്പ്യനെ കണ്ടെത്തുക. 3,862 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിങ്, പിന്നെ ഒരു ഫുൾ മാരത്തോൺ.
ഇത്രയും ആയാസകരമായ മത്സരത്തിൽ ജർമനിയുടെ പ്രതിനിധിയായി പങ്കെടുത്തിരുന്ന എൽമാർ സ്പ്രിങ്ക് 2010 ജൂണിൽ കൊളോണിലെ സാൽസ്‌കോട്ടണിൽ വഴിയിൽ വീണത് അങ്ങേയറ്റം അപകടകരമായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു. മറ്റൊരു ഹൃദയം കണ്ടെത്തുക മാത്രമെ പിന്നൊരു വഴിയുണ്ടായിരുന്നുള്ളൂ. സ്പ്രിങ്കിന്റെ ഭാഗ്യത്തിന് തൊട്ടടുത്ത ദിവസം ബാഡ് ഓയിൻഹൗസൻ ഹാർട്ട് ക്ലിനിക്കിൽ നിന്ന് അദ്ദേഹത്തിന് ഒരു ഹൃദയം ലഭിച്ചു. അങ്ങനെ കിട്ടിയ ഹൃദയവുമായി എൽമാർ കൃത്യം രണ്ടു വർഷങ്ങൾക്കു ശേഷം അതേ ഹവായ് ട്രയാത്ലോൺ അയേൺ മാൻ മത്സരങ്ങളിൽ പങ്കെടുത്തു.
പരഹൃദയവും ആയി ആദ്യം പ്രൊഫഷണൽ ഫുട്ബാൾ ഫീൽഡിൽ മടങ്ങിയെത്തിയത് ബ്രിട്ടീഷ് കനേഡിയൻ കളിക്കാരനായ സൈമൺ കീത്ത് ആയിരുന്നു. 1986ൽ മയോ കാർഡിറ്റിസ് രോഗബാധിതനായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഹൃദയം പ്രവർത്തന രഹിതമാവുകയും മാസങ്ങളോളം കൃത്രിമ ഹൃദയവുമായി ജീവിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹത്തിന് ഇണങ്ങിയ ഒരു ഹൃദയം കണ്ടെത്തുകയും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
തുടർന്ന് കളിക്കളത്തിൽ തിരിച്ചെത്തിയ അദ്ദേഹം കളി പൂർത്തിയാക്കാനാകാതെ വീണ്ടും ചികിത്സക്ക് വിധേയനായപ്പോഴാണ് അറിഞ്ഞത് മാറ്റിവച്ച ഹൃദയവും പണി മുടക്കിയിരിക്കുകയാണെന്ന്. ഭാഗ്യത്തിന് അതേസമയം മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ഹൃദയം 2019 മാർച്ചിൽ അദ്ദേഹത്തിന് വച്ചുപിടിപ്പിച്ചു. അങ്ങനെ രണ്ടു തവണ ഹൃദയം മാറ്റിവച്ച ആദ്യ കായിക താരമായി സൈമൺ കീത്ത്. എന്നാൽ, അത് ഇവിടെ തീർന്നു എന്നു കരുതേണ്ട. അടുത്ത വർഷം അദ്ദേഹത്തിന്റെ ഇരു വൃക്കകളും പ്രവർത്തന രഹിതമായി. എന്നാൽ, വൃക്കകളും മാറ്റിവെച്ച് അദ്ദേഹം വീണ്ടും പന്തുകളിക്കാനെത്തി!
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആദ്യ വനിതാ കായികതാരം ആസ്‌ട്രേലിയൻ അത്‌ലറ്റായ ഫിയോണ കൂട്ട് ആയിരുന്നു. 1984-ൽ 14 വയസ്സുള്ളപ്പോൾ അവർക്ക് ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഒരുവർഷത്തിനിടെരണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും. ഏറ്റവും കൂടുതൽ കാലം പരഹൃദയവും ആയി ജീവിക്കുകയുംകായിക രംഗത്തു സജീവമായി നിലയുറപ്പിക്കുയും ചെയ്ത ആസ്‌ട്രേലിയക്കാരിയാണ് ഫിയോണ.
ദേശീയ കായികരംഗത്ത് ജൂനിയർ വിഭാഗത്തിൽ മത്സരിച്ചിരുന്ന ആരോഗ്യവതിയായ കൗമാരക്കാരിയായിരുന്നു ഫിയോണ. പെട്ടെന്ന് ഹൃദയത്തിന് കേടുപാടുകൾ വരുത്തുന്ന ഒരു വൈറൽ അണുബാധ ഏറ്റതിനെ തുടർന്ന് അവളുടെ ഹൃദയം മാറ്റിവയ്ക്കേണ്ട വിധമുള്ള കേടുപാടുകൾ ഉണ്ടായി. ആദ്യം കിട്ടിയ ഹൃദയത്തിനു അൽപ്പായുസായിരുന്നു. തുടർന്ന് മറ്റൊരു പുത്തൻ ഹൃദയം അവൾക്കു ലഭിച്ചു. മൂന്നാം ഹൃദയവും ആയി അവർ വീണ്ടും കായികരംഗത്ത് സജീവമായി തുടരുകയും ലോക ട്രാൻസ്പ്ലാൻറ് ഗെയിംസിൽ പങ്കെടുക്കുകയും ചെയ്തു.
1967 ഡിസംബർ മൂന്നിന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലുള്ള ഗ്രൂട്ട് ഷൂർ ആശുപത്രിയിലെ ചീഫ് കാർഡിയോളജി സർജൻ ഡോ. ക്രിസ്ത്യൻ ബെർനാർഡ് ആണ് ചരിത്രത്തിലെ ആദ്യത്തെ മനുഷ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. 53 വയസ്സുള്ള ലൂയിസ് വാഷ്കൻസ്കി ആയിരുന്നു സ്വീകർത്താവ്. അദ്ദേഹത്തിന് മാരകമായ ഹൃദ്രോഗം ഉണ്ടായിരുന്നു. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഡെനിസ് ഡാർവാൾ എന്ന 25 വയസ്സുള്ള സ്ത്രീയായിരുന്നു ദാതാവായത്. ശസ്ത്രക്രിയ ഒരു നാഴികക്കല്ലായിരുന്നെങ്കിലും, 18 ദിവസത്തിനുശേഷം വാഷ്കൻസ്കി മരിച്ചു. തുടർന്ന് അത് വൈദ്യശാസ്ത്രത്തിലെ ഏറ്റവും മികച്ച നേട്ടമായി.
2021ലെ കണക്കനുസരിച്ച് ലോകമെമ്പാടും 7,000ത്തിലധികം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നു. ഇതിൽ ഏകദേശം 90 ശതമാനം യൂറോപ്പിലും വടക്കേ അമേരിക്കയിലുമാണ്. ബാക്കിയുള്ള 10 ശതമാനം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും. ഇതോടെ 1978ൽ പോർട്ട് മൗത്തിൽ പ്രഥമ ലോക ട്രാൻസ്പ്ലാന്റ് ഗെയിംസ് തുടങ്ങിയപ്പോഴേ പരഹൃദയവും ആയി കായിക താരങ്ങൾ വാശിയോടെ മത്സരങ്ങളിൽ പങ്കെടുത്തു.
ഇത്തവണ നാലാമത്തെ അറ്റാക്കും തുടർന്നുള്ള ആഞ്ചിയോപ്ലാസ്റ്റിയും കഴിഞ്ഞു വാർഡിൽ എത്തിയപ്പോൾ അവയവദാന സമ്മത പത്രം നേരത്തെ ഒപ്പിട്ടുകൊടുത്ത ഞാൻ സ്പോർട്സ് രംഗത്തുള്ള ആളാണെന്നു മനസിലാക്കിയ ഹംഗറിക്കാരിയായ ഡോ. ഏറീക്ക സാൻഡോർ ആണ് ഡ്രെയ്‌സ്‌ഡനിൽ നടക്കുന്ന ലോക ട്രാൻസ് പ്ലാന്റ് മത്സരത്തെ കുറിച്ച് എന്നോട് പറഞ്ഞത്. അന്നുമുഴുവൻ ഇതേക്കുറിച്ചുള്ള ഗവേഷണമായിരുന്നു.
രണ്ടു തവണ ഹൃദയവും ശ്വാസകോശവും കരളും മാറ്റിവച്ചവർ ഒളിമ്പ്യന്മാരെ വെല്ലുന്ന ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ എന്റെ ഹൃദയം എത്ര കാരുണ്യവാനാണെന്ന് ഞാനറിഞ്ഞു. ഇടയ്ക്കിടെ ചെറിയ പണി തരാറുണ്ടെങ്കിലും ഇപ്പറഞ്ഞവരോട് കാട്ടിയ ക്രൂരതയൊന്നും അവൻ എന്നോട് കാട്ടുന്നില്ലെന്നറിഞ്ഞപ്പോൾ അവനോടൊരു ബഹുമാനവും. ഈ അറിവും അനുഭവങ്ങളും പകർന്നു തരുന്നത് ചില്ലറ ആത്മവിശ്വാസമൊന്നുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.