യഹൂദ വിരുദ്ധ ആരോപണങ്ങൾക്കിടയിലും മസ്‌കിന്റെ ‘എക്സ് എ.ഐ’യുമായി പെന്റഗണിന്റെ 200 മില്യൺ ഡോളർ കരാർ

വാഷിങ്ടൺ: ‘ഗ്രോക്ക്’ ചാറ്റ്‌ബോട്ടിന്റെ ആന്റിസെമിറ്റിക് പോസ്റ്റുകളുടെ പേരിൽ സമീപ ദിവസങ്ങളിൽ തീവ്രമായ ആരോപണങ്ങൾ ​നേരിട്ട ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ‘എക്സ് എ.ഐ’യുമായി വമ്പൻ കരാറുകൾ പ്രഖ്യാപിച്ച് പെന്റഗൺ.

മസ്‌കിന്റെ കമ്പനിയായ ‘എക്സ് എ.ഐ’ യുമായി തിങ്കളാഴ്ച പ്രഖ്യാപിച്ച 200 മില്യൺ ഡോളറിന്റെ കരാർ അതിന്റെ ‘ഗ്രോക്ക് ഫോർ ഗവൺമെന്റ്’ പ്രോഗ്രാമിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ട്. കൂടാതെ  നിർമിത ബുദ്ധിയുടെ ആക്രമണാത്മകമായ സ്വീകാര്യതക്കുള്ള ട്രംപ് ഭരണകൂടത്തിന്റെ താൽപര്യവുമായി ഇത് യോജിക്കുന്നുവെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്തു. 

സർക്കാർ ഉപയോഗത്തിനായി എ.ഐ ഉപകരണങ്ങളുടെ വിശാലമായ വിന്യാസത്തിന്റെ ഭാഗമാണിത്. കൂടാതെ നിരവധി പ്രമുഖ എ.ഐ സ്ഥാപനങ്ങൾക്കും യു.എസ് കരാറുകൾ നൽകിയിട്ടുണ്ടെന്നും പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു.

പെന്റഗൺ കരാറോടെ എല്ലാ ഫെഡറൽ ഗവൺമെന്റ് വകുപ്പുകൾക്കും ഏജൻസിക്കും ഓഫസിനും ഇപ്പോൾ എക്സ് എ.ഐI ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും. ഔദ്യോഗിക വിതരണക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് ‘എക്സ് എ.ഐ’ നന്ദി പറഞ്ഞു.

ഗ്രോക്ക് ചാറ്റ്ബോട്ട് വിവാദ പോസ്റ്റുകൾക്ക് കമ്പനി ആവർത്തിച്ച് ക്ഷമാപണം നടത്താൻ നിർബന്ധിതമായതിനു ദിവസങ്ങൾക്ക് ശേഷമാണ് ‘എക്സ് എ.ഐ’യുമായുള്ള കരാർ. ജൂലൈ 7ന് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ‘ചാറ്റ്ബോട്ട്’ അഡോൾഫ് ഹിറ്റ്‌ലറെ പ്രശംസിക്കുകയും ഹോളിവുഡിലെ ജൂത പ്രാതിനിധ്യത്തെ അനുപാതികമല്ലാത്തതെന്ന് വിമർശിക്കുകയും ചെയ്തിരുന്നു.

ബോട്ട് ‘വളരെ അനുസരണയുള്ളതും പ്രശംസിക്കാൻ വളരെയധികം ആഗ്രഹിക്കുന്നതുമാണ്’ എന്നായിരുന്നു മസ്കി​ന്റെ പ്രതികരണം. എന്നാൽ, പ്രസ്തുത സന്ദേശങ്ങൾക്ക് എക്സ് എ.ഐ പിന്നീട് ക്ഷമാപണം നടത്തുകയും സംഭവങ്ങളിലേക്ക് നയിച്ച നിർദേശങ്ങൾ തിരുത്തിയതായി അറിയിക്കുകയും ചെയ്തു.

ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉന്നത പിന്തുണക്കാരനായ മസ്‌കിനെ നിലവിലെ ഭരണകൂടത്തിനു കീഴിൽ സർക്കാർ ചെലവുകൾ വൻതോതിൽ വെട്ടിക്കുറക്കുന്നതിനായി ‘ഡോജ്’ എന്നറിയപ്പെടുന്ന സർക്കാർ ഏജൻസിയെ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നു.

എന്നാൽ, മെയ് മാസത്തിൽ തന്റെ നിയമനം അവസാനിപ്പിച്ച ശേഷം ദക്ഷിണാഫ്രിക്കൻ വംശജനായ വ്യവസായി ട്രംപിന്റെ പ്രധാന ബജറ്റ് ബില്ല് സർക്കാർ കടം വർധിപ്പിച്ചതായി വിമർശനമുന്നയിച്ചു.  ഇത് ഇരുവർക്കുമിടയിൽ തർക്കത്തിനിടയാക്കി. അതിനുശേഷം, മസ്‌കിന്റെ കമ്പനികളെ ദോഷകരമായി ബാധിക്കാൻ ‘ഡോജി’നെ വിന്യസിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. 

Tags:    
News Summary - Pentagon awards $200 million AI contract to Elon Musk’s xAI amid antisemitism furore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.