ഇന്ത്യയിലെ ക്രിയേറ്റർമാരുടെ വളർച്ചക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. 500 മുതൽ അഞ്ച് ലക്ഷം വരെ സബ്സ്ക്രൈബർമാരുള്ള ക്രിയേറ്റർമാർക്ക് വേണ്ടിയാണ് യൂട്യൂബ് 'ഹൈപ്പ്' ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിക്കാം. ഇത് ക്രിയേറ്റർമാർക്ക് കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിനും വിഡിയോ കൂടുതൽ പ്രചരിക്കുന്നതിനും സഹായിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
ചില വിഡിയോ ക്രിയേറ്റർമാർക്ക് ഇതിനകം തന്നെ നിശ്ചിത സബ്സ്ക്രൈബർമാരും കാഴ്ചക്കാരും ഉണ്ടെങ്കിലും പുതിയ കാഴ്ചക്കാരിലേക്ക് എത്താൻ ബുദ്ധിമുട്ടാണെന്നുള്ള പ്രതികരണങ്ങൾ ലഭിച്ചതായി ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ പ്ലാറ്റ്‌ഫോം അറിയിച്ചു. വിഡിയോ കാണുന്നവർക്കാണ് വിഡിയോ ഹൈപ്പ് ചെയ്യാൻ സാധിക്കുന്നത്. 'ഹൈപ്പ്' സവിശേഷത സാധാരണ ലൈക്ക്, ഷെയർ, സബ്‌സ്‌ക്രൈബ് ഓപ്ഷനുകളിൽ നിന്നും വ്യത്യസ്തമായി ഈ വിഡിയോകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും കാഴ്ചക്കാരെ സഹായിക്കുന്നു.
ഒരു വിഡിയോ പ്രസിദ്ധീകരിച്ചതിന് ശേഷം ഏഴ് ദിവസം കഴിഞ്ഞാണ് ഹൈപ്പ് ഒപ്ഷൻ ലഭ്യമാകുന്നത്. ആദ്യ ആഴ്ച കാഴ്ചക്കാർക്ക് അതിനെ 'ഹൈപ്പ്' ചെയ്യാൻ കഴിയും. ഒരാഴ്ച മൂന്ന് തവണ വരെ സൗജന്യമായി ഹൈപ്പ് ചെയ്യാം. തുടർന്ന് പണം നൽകി ഹൈപ്പ് കൂട്ടാനും കഴിയും. ഇതിലൂടെ വിഡിയോക്ക് പോയന്‍റുകൾ ലഭിക്കുന്നു. പോയിന്‍റ് നില വർധിക്കുന്നതിനനുസരിച്ച് 'എക്സ്പ്ലോർ' സെക്ഷനിൽ പുതിയതായി അവതരിപ്പിച്ച ലീഡര്‍ബോര്‍ഡില്‍ വിഡിയോ സ്ഥാനം പിടിക്കുന്നു. ഏറ്റവും കൂടുതൽ ഹൈപ്പ് ലഭിച്ച നൂറ് വിഡിയോകളാണ് ഇതിൽ ഉണ്ടാവുക. തുടർന്ന് അത് യൂട്യൂബ് ഹോമിൽ ദൃശ്യമാകും.
2024ലാണ് ആഗോളതലത്തിൽ ഹൈപ്പ് ഫീച്ചർ ആരംഭിച്ചത്. തുർക്കി, തായ്‌വാൻ, ബ്രസീൽ എന്നിവിടങ്ങളിലാണ് യുട്യൂബ് ഹൈപ്പ് ആദ്യം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.