ട്രാപിറ്റ് ബൻസാൽ, റുവോമിങ് പാങ്
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് ശക്തമായ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. എ.ഐ ലോകത്തെ ഓപൺ എ.ഐയേയും ഗൂഗ്ളിനേയുമെല്ലാം പിന്തള്ളുക എന്ന ലക്ഷ്യത്തോടെ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിന് വേണ്ടിയുള്ള ഗവേഷണ വിഭാഗമായി മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്സിന് രൂപം നൽകിയിരിക്കുകയാണ്.
അതിനായി ആപ്പിൾ, ഓപൺ എ.ഐ, ഗൂഗ്ൾ ഡീപ്മൈൻഡ്, ആന്ത്രോപിക് എന്നിവയിലുള്ള ലോകത്തിലെ മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരെയാണ് ലക്ഷ്യമിടുന്നത്. അവരെ ആകർഷിക്കുന്നതിനായി റെക്കോർഡ് ശമ്പള പാക്കേജുകളാണ് സക്കർബർഗ് വാഗ്ദാനം ചെയ്തത്. ആപ്പിളിന്റെ റുവോമിങ് പാങിന് 1,600 കോടി രൂപ (ഏകദേശം 200 മില്യൺ ഡോളർ) പാക്കേജ് വാഗ്ദാനം ചെയ്തുവെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. റുവോമിങ് പാങ്ങ് അടുത്തിടെ മെറ്റയിൽ ചേർന്നതായി റിപ്പോർട്ടുകൾ പറയുന്നു. മെറ്റ മുൻ ഓപൺ എ.ഐ ഗവേഷകനായ ഇന്ത്യക്കാരനായ ട്രാപിറ്റ് ബൻസാലിന് 800 കോടി രൂപ (100 മില്യൺ ഡോളർ) ഓഫർ നൽകിയാണ് സ്വന്തമാക്കിയത്.
ഐ.ഐ.ടി കാണ്‍പുരില്‍ നിന്ന് ബിരുദം നേടിയ ബന്‍സാല്‍ ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ബിരുദം നേടിയിട്ടുണ്ട്. പിന്നീട് മസാച്യുസെറ്റ്‌സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയില്‍ നിന്ന് മെഷീന്‍ ലേണിങ്, ഡീപ്പ് ലേണിങ്, നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ് എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത് കംപ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച.ഡി എടുത്തു. ഫേസ്ബുക്ക്, ഗൂഗ്ള്‍, മൈക്രോസോഫ്റ്റ്, ഓപണ്‍ എ.ഐ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് നാച്വറല്‍ ലാംഗ്വേജ് പ്രോസസിങിന് വേണ്ടിയുള്ള ഡീപ്പ് ലേണിങില്‍ പരിശീലനം നേടിയിട്ടുണ്ട്.
ട്രാപിറ്റ് ബൻസാൽ, റൂമിങ് പാങ് എന്നിവരെപ്പോലുള്ളവർ ഇപ്പോൾ മാർക്ക് സക്കർബർഗിന്റെ മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്‌സിന്റെ (എം.എസ്.എൽ) ഭാഗമാണ്. മുൻ ഗിറ്റ്ഹബ് സി.ഇ.ഒ നാറ്റ് ഫ്രീഡ്മാനും മുൻ സ്കെയിൽ എ.ഐ സി.ഇ.ഒ അലക്‌സാണ്ടർ വാങും ചേർന്നാണ് ലാബ് നയിക്കുന്നത്.
ഗൂഗ്ളിൽ നിന്നുള്ള ലൂക്കാസ് ബെയർ, സിയാവോഹുവ ഷായ്, ജാക്ക് റേ, ജോഹൻ ഷാൽക്വൈക്ക് എന്നിവരുൾപ്പെടെ കുറഞ്ഞത് 11 ഉന്നത എ.ഐ ഗവേഷകരെ ഓപൺ എ.ഐയിൽ നിന്നുള്ള ജി ലിൻ, ഷെങ്ജിയ ഷാവോ, ജിയാഹുയി യു തുടങ്ങിയ ഒന്നിലധികം ഗവേഷകരെയും മെറ്റ നിയമിച്ചതായി റിപ്പോർട്ടുണ്ട്.
നാല് വർഷ കാലത്തേക്കുള്ള പാക്കേജ് ആണ് ബൻസാൽ ഉൾപ്പെടെ ഈ ടീമിലുള്ളവർക്ക് മെറ്റ നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ജോയിനിങ് ബോണസിന് പുറമെ കമ്പനിയുടെ ഓഹരിയും മെറ്റ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.