മുംബൈ: ജനവാസ മേഖലകളിൽ കടുവ ഇറങ്ങുന്നതും കടുവ ആക്രമണവുമെല്ലാം കേരളത്തിലുൾപ്പെടെ സ്ഥിര വാർത്തകളായി മാറിയിരിക്കുകയാണ്. കടുവയുടെ ആക്രമണം കാരണം നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കടുവയിൽനിന്ന് സംരക്ഷണം ലഭിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമായി മഹാരാഷ്ട്ര സർക്കാർ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്.
കടുവകളുടെ ചലനം തിരിച്ചറിയാൻ സാധിക്കുന്ന നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സംവിധാനമാണ് അവതരിപ്പിച്ചത്. ഇത് കടുവകളുടെ സാന്നിധ്യം ലൗഡ് സ്പീക്കർ വഴി ജനങ്ങളെ അറിയിക്കും.
നിലവിൽ ഈ സംവിധാനം തഡോബ - അന്താരി ടൈഗര്‍ റിസര്‍വിലെ ഇരുപതോളം ഗ്രാമങ്ങളില്‍ സ്ഥാപിച്ചതായി മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് അറിയിച്ചു. കടുവാസങ്കേതം സ്ഥിതി ചെയ്യുന്ന കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ കടുവകളുടെ ആക്രമണത്തിൽ ഈ വർഷം 23 പേർ മരിച്ചുവെന്ന് കോൺഗ്രസ് അംഗം അഭിജിത് വനസാരി നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി ആയാണ് പുതിയ സംവിധാനത്തെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര വനം മന്ത്രി ഗണേഷ് നായിക് സ്ഥിരീകരിച്ചു. വൈകുന്നേരം ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ ഗ്രാമവാസികൾ വനങ്ങളിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടുവാസങ്കേതത്തിൽ നിലവിൽ 100ലധികം കടുവകൾ ഉണ്ടെന്നാണ് കണക്കുകൾ. മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സെൻസിറ്റീവ് പ്രദേശങ്ങളിൽ പട്രോളിങ് നടത്തുന്നുണ്ടെന്നും നായിക് വ്യക്തമാക്കി. ഗ്രാമവാസികളും ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രൈമറി റെസ്പോൺസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും വനത്തോട് ചേർന്നുള്ള കൃഷിയിടങ്ങളുള്ള കർഷകർക്ക് സംരക്ഷണ മാസ്കുകളും മുളവടികളും വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.