ബോയിങ് വിമാനങ്ങളുടെ ഇന്ധനനിയന്ത്രണ സ്വിച്ചുകൾക്ക് തകരാറില്ലെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി: ബോയിങ് വിമാനങ്ങളുടെ ഇന്ധനനിയന്ത്രണ സ്വിച്ചുകൾക്ക് തകരാറില്ലെന്ന് എയർ ഇന്ത്യ. സ്വിച്ചുകളുടെ ലോക്കിങ് മെക്കാനിസത്തിൽ തകരാർ കണ്ടെത്തിയില്ലെന്ന് വിമാന കമ്പനി അറിയിച്ചു. ബോയിങ് വിമാനങ്ങളിൽ പരിശോധന നടത്താൻ ഡി.ജി.സി.എ അറിയിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യയും പരിശോധന നടത്തിയത്.

എന്നാൽ, പരിശോധനകളിൽ തകരാറൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് എയർ ഇന്ത്യ വിശദീകരിക്കുന്നത്. ബോയിങ്ങിന്റെ നിർദേശങ്ങളനുസരിച്ചുള്ള അറ്റകൂറ്റപ്പണികളെല്ലാം എയർ ഇന്ത്യ പൂർത്തീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. എയർ ഇന്ത്യ എകസ്പ്രസിലെ മുഴുവൻ 737 മാക്സ് വിമാനങ്ങൾ പരിശോധിച്ചുവെങ്കിലും തകരാറൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

അഹ്മദാബാദിലെ വിമാനാപകടത്തെ തുടർന്ന് താൽകാലികമായി നിർത്തിവെച്ച സർവീസുകൾ എയർ ഇന്ത്യ പുനഃരാരംഭിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആഗസ്റ്റ് ഒന്ന് മുതൽ അന്താരാഷ്ട്ര സർവീസുകളാണ് ആരംഭിക്കുക. ഒക്ടോബർ ഒന്നോടെ സർവീസുകളെല്ലാം പൂർണമായും പുനസ്ഥാപിക്കും.

ജൂൺ 12നാണ് അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകർന്ന് മലയാളി ഉൾപ്പെടെ 270 പേർ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായ 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചിരുന്നു. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രികരല്ലാത്ത 29 പേരും മരിച്ചു.

തകർന്നുവീണ വിമാനത്തിലോ എൻജിനിലോ സാ​ങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്തിനായിട്ടില്ലെന്നും എല്ലാ നിർബന്ധിത അറ്റകുറ്റപ്പണികളും പൂർത്തിയാരുന്നുവെന്നും എയർ ഇന്ത്യ സി.ഇ.ഒയും എം.ഡിയുമായ കാംബെൽ വിൽസൺ പറഞ്ഞു.

വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എ.എ.ഐ.ബി)യുടെ പ്രാഥമിക റിപ്പോർട്ടിൽ ആണ് കാംബലിന്റെ അവകാശവാദം. വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ശനിയാഴ്ച പുറത്തിറക്കി.

പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിലോ എൻജിനുകളിലോ സാ​ങ്കേതികമായതോ അല്ലെങ്കിൽ അറ്റകുറ്റപ്പണി സംബന്ധമായതോ ആയ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ നിർബന്ധിത അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയാണെന്നും എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച സന്ദേശത്തിലും വിൽസൺ പറഞ്ഞു.

‘ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ ഒരു പ്രശ്നവുമില്ല. ടേക്ക് ഓഫിൽ ഒരു അസാധാരണത്വവുമില്ല. പൈലറ്റുമാർ നിർബന്ധിത പ്രീ ഫ്ലൈറ്റ് ബ്രെത്ത്അനലൈസർ പാസായിരുന്നു. അവരുടെ മെഡിക്കൽ നിലയെക്കുറിച്ച് പ്രത്യേകമായ നിരീക്ഷണവും വേണ്ടിവന്നില്ല- അദ്ദേഹം പറഞ്ഞു

Tags:    
News Summary - Air India says no fault with Boeing aircraft fuel control switches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.