എയർ ഇന്ത്യ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്ന യു.എസ് മാധ്യമ റിപ്പോർട്ടിനെതിരെ ഇന്ത്യൻ പൈലറ്റുമാരുടെ സംഘടന; അപകടത്തിന്റെ അ​ന്വേഷണ സമിതിയിൽ ഒരു പൈലറ്റു പോലുമില്ലെന്നും ആക്ഷേപം

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള യു.എസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണലിന്റെ പുതിയ ലേഖനത്തെ അപലപിച്ച് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്. വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ചലനത്തിൽ പൈലറ്റിന്റെ തെറ്റു ചൂണ്ടിക്കാണിക്കാൻ റിപ്പോർട്ട് ശ്രമിച്ചുവെന്ന് അവർ ആരോപിച്ചു. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.ഐ.ബി) പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഒരു പൈലറ്റിനെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് എഫ്‌.ഐ.പി മേധാവി സി.എസ് രൺധാവ വാൾസ്ട്രീറ്റ് റിപ്പോർട്ടിനെ വിമർശിച്ചു.

റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായം  പറയരുതെന്നും നിഗമനങ്ങളിൽ എത്തുന്നതിനുമുമ്പ് അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനായി കാത്തിരിക്കണമെന്നും രൺധാവ ആളുകളോട് അഭ്യർഥിച്ചു. എയർ ഇന്ത്യ വിമാനാപകടം അന്വേഷിക്കുന്ന സമിതിയിൽ ഒരു പൈലറ്റ് പോലും ഭാഗമാകാത്തതിലും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു. 

‘ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരിൽ ഒരു വിഭാഗമാണ് ഇന്ത്യൻ പൈലറ്റുമാർ. എന്നെ സമീപിച്ച വാൾസ്ട്രീറ്റ് ജേണലിനോട് ഞാൻ എന്റെ അഭിപ്രായം പറഞ്ഞില്ല. കാരണം ഞാൻ ഈ അമേരിക്കൻ മാധ്യമങ്ങൾക്ക് എതിരാണ്. അവർ മനഃപൂർവ്വം സ്വന്തം അഭിപ്രായം പറയുകയാണ്. ഈ റിപ്പോർട്ടിൽ അതുപോലുള്ള ഒന്നും ഇല്ലെങ്കിലും. അതിനാൽ വാൾസ്ട്രീറ്റ് ജേണലിന്റെ ഈ റിപ്പോർട്ടിനെ ഞാൻ ശക്തമായി അപലപിക്കുന്നു. ഞങ്ങൾ അതിൽ നടപടിയെടുക്കും’ - അദ്ദേഹം കൂട്ടിച്ചേർത്തു. 

പൈലറ്റുമാർ, എൻജിനീയർമാർ, വ്യോമ സുരക്ഷാ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി അന്വേഷണ പാനൽ പുനഃസംഘടിപ്പിക്കണമെന്ന് അദ്ദേഹം സിവിൽ വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ​ചെയ്തു. 

അഹമ്മദാബാദിൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്ന എ.ഐ171 ബോയിങ് 787 ഡ്രീംലൈനർ പറത്തിയത് രണ്ട് പൈലറ്റുമാരാണ്. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദറും. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ, വിമാനത്തിലെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും പറന്നുയർന്നതിനുശേഷം ‘റൺ’ മോഡിൽനിന്ന് ‘കട്ട് ഓഫ്’ മോഡിലേക്ക് മാറ്റിയതായി പറഞ്ഞുകൊണ്ട് രണ്ടു പൈലറ്റുമാർ തമ്മിലുള്ള കോക്ക്പിറ്റ് സംഭാഷണം വെളിപ്പെടുത്തിയിരുന്നു.

‘എന്തുകൊണ്ടാണ് നിങ്ങൾ ഇന്ധനം നിർത്തിയത്? എന്ന് ഒരു പൈലറ്റ് ചോദിച്ചു. മറ്റൊരാൾ ‘ഞാൻ അങ്ങനെ ചെയ്തില്ല’ എന്ന് മറുപടി നൽകിയെന്നും എ.എ.ഐ.ബി റിപ്പോർട്ട് പറയുന്നു. എന്നാൽ, ചോദ്യം ഉന്നയിച്ചതും മറുപടി പറഞ്ഞതും ഏതു പൈലറ്റാണ് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. എൻജിനുകളിലേക്കുള്ള ഇന്ധനം നിർത്തിയത് മനഃപൂർവ്വമോ ആകസ്മികമോ ആണെന്നും സൂചിപ്പിച്ചിട്ടില്ല. 

എന്നാൽ, ബുധനാഴ്ച പ്രസിദ്ധീകരിച്ച എയർ ഇന്ത്യ വിമാനാപകടത്തിന്റെ വിശദാംശങ്ങളുള്ള വാൾസ്‍ട്രീറ്റ് ജേണൽ ലേഖനത്തിൽ വിമാനത്തിന്റെ രണ്ട് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ബ്ലാക്ക്-ബോക്സ് റെക്കോർഡിങ് സൂചിപ്പിക്കുന്നത് വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കും ഇന്ധനം ഒഴുകുന്നത് നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ യു.എസ് ഉദ്യോഗസ്ഥരുമായി പരിചയമുള്ള വൃത്തങ്ങൾ പറയുന്നുവെന്നാണ്.

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം 56 കാരനായ സുമീത് സബർവാളിന് വിമാനം പറത്തിക്കലിൽ 15,638 മണിക്കൂർ പരിചയമുണ്ട്. അതിൽ 8,596 മണിക്കൂർ ബോയിങ് 787 വിമാനങ്ങളിലാണ്. 32 കാരനായ ക്ലൈവ് കുന്ദറിന് 3,403 മണിക്കൂർ പറത്തിക്കൽ പരിചയവുമുണ്ട്. അതിൽ 1,128 മണിക്കൂർ ബോയിങ് ജെറ്റുകളിൽ സഹപൈലറ്റായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags:    
News Summary - Indian pilots’ body slams US media report as new details emerge on Air India plane crash in Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.