ബുലന്ദ്ഷഹർ (യു.പി): പ്രായപൂർത്തിയാകാത്ത നാലു പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ട് ദിവസങ്ങൾക്കുശേഷം യു.പിയിൽ 14 കാരി ആത്മഹത്യ ചെയ്തതായി പൊലീസ്.
ചൊവ്വാഴ്ച ഖുർജ നഗർ സ്റ്റേഷൻ പ്രദേശത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുവെന്നും പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്ത് കറക്ഷൻ ഹോമിലേക്ക് അയച്ചതായും മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും ഖുർജ സർക്കിൾ ഓഫിസർ പൂർണിമ സിങ് പറഞ്ഞു.
ജൂൺ 28ന് ഉച്ചക്ക് 2 മണിയോടെ പെൺകുട്ടി തന്റെ മൂന്നു വയസ്സുള്ള സഹോദരനോടൊപ്പം വീടിനു പുറത്ത് ഇരിക്കവെയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിനിരയായത്. മൺപാത്ര നിർമാണ യൂണിറ്റിൽ തൊഴിലാളിയായ മാതാവ് ജോലിക്കു പോയ സമയത്താണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അയൽപക്കത്തെ ഒരു ആൺകുട്ടി മോട്ടോർ സൈക്കിളിലെത്തി പെൺകുട്ടിയുടെ വീടിനടുത്ത് നിർത്തിയെന്നും മറ്റൊരു മോട്ടോർ സൈക്കിളിൽ വന്ന മറ്റ് മൂന്ന് പ്രായപൂർത്തിയാകാത്തവരെത്തി പെൺകുട്ടിയെയും അനിയനെയും ഒരു ഷെഡിലേക്ക് കൊണ്ടുപോയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. നാലു ആൺകുട്ടികളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി ആരോപിച്ചു. സംഭവത്തിനുശേഷം അവൾ ഖുർജയിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്കു പോയി. അവിടെവെച്ച് മുഴുവൻ സംഭവവും വെളിപ്പെടുത്തി. തുടർന്ന് അവളെ അമ്മയുടെ അടുത്തേക്കു കൊണ്ടുപോയി ബലാത്സംഗത്തെക്കുറിച്ച് അറിയിച്ചുവെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അമ്മയുടെ പരാതിയിൽ ജൂലൈ 2ന് ആൺകുട്ടികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണവും പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൂടുതൽ നിയമനടപടികൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
രാജ്യത്ത് പെൺകുട്ടികൾ കത്തിത്തീരുകയാണെന്നും കേന്ദ്ര -സംസ്ഥാന സർക്കാറുകൾ നിശബ്ദത പാലിക്കുകയാണെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന യു.പിയിൽ നിന്നും ഈ വാർത്ത വരുന്നത്.
ഒഡിഷയിൽ കോളജ് വിദ്യാർഥിനി തീകൊളുത്തി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ ആക്രമണം. പെൺകുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നും വ്യവസ്ഥിതി നടത്തിയ സംഘടിത കൊലപാതകമാണെന്നും രാഹുൽ പറഞ്ഞു. സംരക്ഷിക്കേണ്ടവർ തന്നെ തകർത്തു എന്നും രാഹുൽ ആരോപിച്ചു.
‘മോദി ജീ, ഒഡിഷയിലായാലും മണിപ്പൂരിലായാലും രാജ്യത്തിന്റെ പെൺമക്കൾ കത്തിക്കൊണ്ടിരിക്കുകയാണ്, തകർന്നുകൊണ്ടിരിക്കുകയാണ്. മരിച്ചുവീഴുകയാണ്. എന്നിട്ടും താങ്കൾ നിശബ്ദത പാലിക്കുന്നു. രാജ്യത്തിന് നിങ്ങളുടെ നിശബ്ദത ആവശ്യമില്ല. വേണ്ടത് ഉത്തരങ്ങളാണ്. ഇന്ത്യയുടെ പെൺമക്കൾക്ക് സുരക്ഷയും നീതിയും വേണ’മെന്നും രാഹുൽ പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.