റഷ്യൻ എണ്ണക്കുമേലുള്ള യു.എസ് ഉപരോധ ഭീഷണി തള്ളി ഇന്ത്യ; ബദൽ മാർഗങ്ങൾ തേടുമെന്ന്

ന്യൂഡൽഹി: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസ് ഭീഷണി തള്ളിക്കളഞ്ഞ് ഇന്ത്യ. ബദൽ സ്രോതസ്സുകളിൽ നിന്ന് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന ആത്മവിശ്വാസമുണ്ടെന്ന് എണ്ണ മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിനായുള്ള 85ശതമാനം അസംസ്കൃത എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇത് റിഫൈനറികളിൽ ​വെച്ച് പെട്രോൾ, ഡീസൽ പോലുള്ള ഇന്ധനങ്ങളാക്കി മാറ്റുന്നു. പശ്ചിമേഷ്യയാണ് ഇന്ത്യയുടെ പരമ്പരാഗത സ്രോതസ്സെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി റഷ്യ ഇന്ത്യയുടെ പ്രധാന വിതരണക്കാരിലൊരാളാണ്.

2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പടിഞ്ഞാറൻ രാജ്യങ്ങളിൽ ഭൂരിഭാഗവും റഷ്യൻ അസംസ്കൃത എണ്ണ ഒഴിവാക്കിയിരുന്നു.  തുടർന്ന് ബദലായി വാങ്ങുന്നവരെ ആകർഷിക്കാൻ റഷ്യ വലിയ ഇളവുകൾ നൽകാൻ തുടങ്ങി.

ഒരുകാലത്ത് നാമമാത്ര വിതരണക്കാരനായിരുന്ന റഷ്യയെ പശ്ചിമേഷ്യയിൽ നിന്നുള്ള പരമ്പരാഗത വിതരണക്കാരെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ സ്രോതസ്സാക്കി മാറ്റിക്കൊണ്ട് ഇന്ത്യൻ റിഫൈനർമാർ അവസരം മുതലെടുത്തു. ഇപ്പോൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയാണ്.

ഈ ആഴ്ച ആദ്യം യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 50 ദിവസത്തിനുള്ളിൽ റഷ്യ യുക്രെയ്നുമായി സമാധാന കരാറിലെത്തിയില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധങ്ങളോ ഉയർന്ന തീരുവകളോ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺസിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിച്ച മന്ത്രി പുരി, ഗയാന പോലുള്ള നിരവധി പുതിയ വിതരണക്കാർ വിപണിയിലേക്ക് വരുന്നുണ്ടെന്നും ബ്രസീൽ, കാനഡ തുടങ്ങിയ നിലവിലുള്ള ഉൽ‌പാദകരിൽ നിന്നും സപ്ലൈകൾ വർധിപ്പിക്കുമെന്നും പറഞ്ഞു.

രാജ്യത്തിനുള്ളിൽ പുതിയ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തി വേഗത്തിൽ ഉൽപാദനത്തിലേക്ക് കൊണ്ടുവരാനുള്ള അന്വേഷണം ഇന്ത്യ ശക്തമാക്കുകയാണെന്ന് പുരി പറഞ്ഞു. ഒട്ടും ആശങ്കയില്ലെന്നും എന്തെങ്കിലും സംഭവിച്ചാൽ അത് കൈകാര്യം ചെയ്യുമെന്നും ഇന്ത്യ വിതരണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചതായും മുമ്പ് എണ്ണ വാങ്ങിയിരുന്ന 27 രാജ്യങ്ങളിൽ നിന്ന് ഇപ്പോൾ 40തോളം രാജ്യങ്ങളിലേക്ക് മാറിയിരിക്കുന്നുവെന്നും പുരി പറഞ്ഞു.


Tags:    
News Summary - India downplays Russian oil sanctions threat, says can source from alternate places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.