'അന്വേഷണത്തെ ദുർബലപ്പെടുത്തുന്ന അപൂർണ വ്യാഖ്യാനങ്ങൾ ഒഴിവാക്കണം'; വിമാന ദുരന്തത്തിന്‍റെ അന്വേഷണ വിവരങ്ങൾ പങ്കുവെക്കുമെന്ന് എ.എ.ഐ.ബി

ന്യൂഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തവുമായി ബന്ധപ്പെട്ട് അപൂർണമായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർഥിച്ച് എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി). അപകടത്തിന്‍റെ കാരണത്തെ കുറിച്ച് വിവിധ വിലയിരുത്തലുകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണിത്. അതേസമയം, അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന എ.എ.ഐ.ബി വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന വിമർശനവുമുണ്ട്.

'അന്വേഷണ പ്രക്രിയയെ ദുർബലപ്പെടുത്തുന്ന അപൂർണമായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർഥിക്കുന്നു. എ.എ.ഐ.ബിയുടെ അന്തിമ റിപ്പോർട്ട് അപകടത്തിന്‍റെ മൂലകാരണങ്ങൾ പുറത്തുകൊണ്ടുവരും. അതിനാൽ അന്വേഷണം അവസാനിക്കുന്നതുവരെ എല്ലാവരും കാത്തിരിക്കണം' -ഡയറക്ടർ ജനറൽ ജി.വി.ജി. യുഗാന്തർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിന്‍റെ വിവരങ്ങൾ പങ്കുവെക്കുമെന്നും എ.എ.ഐ.ബി ഉറപ്പുനൽകുന്നു.

വിമാനദുന്തവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ വിവിധ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപകടത്തിന്‍റെ കാരണങ്ങൾ വിശകലനം ചെയ്തുള്ള റിപ്പോർട്ടുകളാണ് ഏറെയും. അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായ ഇന്ധനനിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ലേഖനം യു.എസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ഓഫിസർ ക്യാപ്റ്റനോട് എന്തിനാണ് ഇന്ധനനിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്യുന്നതെന്ന് ചോദിക്കുന്നതിന്റെ ഓഡിയോ റെക്കോഡുകളാണ് പുറത്ത് വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, വാൾസ്ട്രീറ്റ് ജേണലിന്റെ ലേഖനത്തെ പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്‌.ഐ.പി) അപലപിച്ചിരിക്കുകയാണ്. പൈലറ്റിന്റെ ഭാഗത്താണ് തെറ്റെന്ന് വരുത്താനാണ് റിപ്പോർട്ട് ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. എ.എ.ഐ.ബിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഒരു പൈലറ്റിനെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും എഫ്‌.ഐ.പി ചൂണ്ടിക്കാട്ടി.

Tags:    
News Summary - AAIB urges public, media to avoid premature narratives on Air India plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.