ന്യൂഡൽഹി: വർഷങ്ങളോളം സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന 66 കാരനായ ഇന്ത്യൻ എൻജിനീയറെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ പേരിൽ അറസ്റ്റ് ചെയ്തു. ഹജ്ജ് തീർഥാടനത്തിനായി എത്തിയപ്പോഴാണ് ഇദ്ദേഹത്തെ സൗദി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. 30 വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു എന്ന കുറ്റമാണ് എൻജിനീയർക്കെതിരെ ചുമത്തിയത്.
18 വർഷം സൗദിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കാൻ 12വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങി. അതിനിടയിലാണ് ഹജ്ജ് തീർഥാടനത്തിനെത്തിയത്. ആ സമയത്ത് വിമാനത്താവളത്തിൽ വെച്ച് അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എൻജിനീയറുടെ പേരിൽ വ്യാജ എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 30 വർഷം പഴക്കമുള്ള കേസുണ്ടെന്നും അധികൃതർ അറിയിച്ചു. ആരോഗ്യനില മോശമായി വീൽചെയറിൽ കഴിയുകയാണ് ഇപ്പോൾ ഇദ്ദേഹം. ആ സമയത്താണ് ഇത്തരമൊരു നിയമനടപടി വരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ രാജ്യം വിട്ട് പോകരുതെന്നാണ് സൗദി അധികൃതരുടെ നിർദേശം.
എന്നാൽ 1990ൽ ബംഗളൂരുവിലെ പ്രമുഖ കോളജിൽ നിന്നാണ് എൻജിനീയറിങ് ബിരുദം നേടിയതെന്നും വ്യാജരേഖ ചമച്ചിട്ടില്ലെന്നും ഇദ്ദേഹം ആണയിടുന്നുണ്ട്. ഇത് വിശ്വസിക്കാൻ അധികൃതർ തയാറായിട്ടില്ല. ബിരുദം ആധികാരികമാണ് എങ്കിൽ പോലും ഔദ്യോഗിക അറ്റസ്റ്റേഷൻ നടപടിക്രമങ്ങൾ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.
മുമ്പ് ആശ്രിത വിസകളെടുക്കാൻ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റുകളുമായി ജോലിക്ക് കയറുന്നവർ നിരവധിയുണ്ട്. അതിൽ പല സ്ഥാപനങ്ങളും പൂട്ടിപ്പോയിട്ടുണ്ടാകും. പിന്നീട് ഈ സർട്ടിഫിക്കറ്റുകൾ ഏജൻസികൾ പരിശോധിക്കുമ്പോൾ സ്ഥാപനം പൂട്ടിപ്പോയത് അറിയും. അറ്റസ്റ്റേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഉടനെ വ്യാജ സർട്ടിഫിക്കറ്റ് എന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.