ന്യൂഡൽഹി: തബ്‍ലീഗ് ജമാഅത്തിൽ ഉൾപ്പെട്ട 70 ഇന്ത്യക്കാർക്കെതിരെ കോവിഡ് പടർത്തിയെന്ന് ആരോപിച്ച് അഞ്ച് വർഷത്തിലേറെയായി ഉള്ള കേസിൽ കുറ്റങ്ങൾ ഡൽഹി ഹൈകോടതി റദ്ദാക്കി. 16 എഫ്.ഐ.ആറുകളിലെയും തുടർന്നുള്ള നടപടികളിലെയും കുറ്റങ്ങൾ ആണ് റദ്ദാക്കിയത്. വിശദമായ വിധിക്കുള്ള കാത്തിരിപ്പിനിടെയാണ് നടപടി ക്രമങ്ങൾ റദ്ദാക്കുന്നതായി ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ തുറന്ന കോടതിയിൽ പ്രഖ്യാപിച്ചത്.
ഏപ്രിൽ തുടക്കത്തിൽ ഇന്ത്യയിൽ കോവിഡ് 19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതോടെ, ഒരു അന്താരാഷ്ട്ര മുസ്‍ലിം മിഷനറി ഗ്രൂപ്പായ തബ്‍ലീഗ് ജമാഅത്തിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ വഷളാക്കിയയെന്നാരോപിച്ച് കുറ്റം ചുമത്തി. ഡൽഹിയിലെ അവരുടെ മർകസിൽ (കേന്ദ്രത്തിൽ) ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് അടിയന്തര നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് 950 ലധികം വിദേശ പൗരന്മാരെയും സർക്കാർ കരിമ്പട്ടികയിൽ പെടുത്തി.
2020 മാർച്ച് 24 നും 2020 മാർച്ച് 30നും ഇടയിൽ വിദേശ പൗരന്മാരെ വിവിധ പള്ളികളിൽ പാർപ്പിച്ചുവെന്നാരോപിച്ച് 16 എഫ്.ഐ.ആറുകളിലായി പേരുള്ള 70 പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയിരുന്നു. എഫ്.ഐ.ആറുകളിൽ വിദേശ പൗരന്മാരുടെയും പേരുകൾ ഉണ്ടായിരുന്നുവെങ്കിലും മിക്ക കുറ്റപത്രങ്ങളിലും അവരെ പ്രതികളായി ഉൾപ്പെടുത്തിയിരുന്നില്ല.
1897 ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ സെക്ഷൻ 3, ഐ.പി.സി സെക്ഷൻ 188, 269, 270, 271,120-ബി എന്നിവയും 2005ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകളും ചേർത്ത് ഏഴു ഇന്ത്യക്കാർക്കെതിരെ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് ക്രൈംബ്രാഞ്ച് 1946ലെ വിദേശി നിയമത്തിലെ സെക്ഷൻ 14 (ബി) പ്രകാരം 955 വിദേശ പൗരന്മാർക്കെതിരെ 48 കുറ്റപത്രങ്ങളും 11 അനുബന്ധ കുറ്റപത്രങ്ങളും ഫയൽ ചെയ്തു. അതിൽ 911പേർ മജിസ്ട്രേറ്റ് കോടതി നടപടികളിൽ പങ്കെടുത്തു.
പിന്നീട്, സമാനമായ കുറ്റങ്ങൾക്ക് ഡൽഹിയിലുടനീളം ചാന്ദ്നി മഹൽ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ 28 മറ്റ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ചാന്ദ്നി മഹൽ പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആറിലെ ഇന്ത്യൻ പൗരന്മാർക്കെതിരായ കുറ്റപത്രമാണ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.