congress
പുണെ: കോൺഗ്രസിന്റെ പ്രമുഖ നേതാവും മുൻ എം.എൽ.എയും പുണെ ജില്ല പ്രസിഡന്റുമായിരുന്ന സഞ്ജയ് ജഗദാപ് പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ സംഗ്രാം തോപ്തെയുടെ ബി.ജ.പി പ്രവേശത്തിന് തൊട്ടുപിന്നാലെയാണ് സഞ്ജയ് ജഗദാപും കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ ചേക്കേറുന്നത്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ അനന്തറാവു തോപ്തെയുടെ മകനാണ് സംഗ്രാം തോപ്തെ. മുൻ എം.എൽ.സി ചണ്ഡുകാക ജഗദാപിന്റെ മകനാണ് സഞ്ജയ്.
സംസ്ഥാനത്തെ തലമുതിർന്ന കോൺഗ്രസ് നേതാവ് പതംഗറാവു സദമിനോട് വളരെയധികം അടുപ്പമുള്ളയാളാണ് സഞ്ജയ് ജഗദാപ്. തന്റെ രാഷ്ട്രീയ ശൈലിയോട് കുടുതൽ അടുത്തു നിൽക്കുന്നത് ബി.ജെ.പിയാണെന്നതിനാലും കോൺഗ്രസിൽ നിന്ന് അർഹിക്കുന്നത് കിട്ടിയില്ലെന്നും അഭിപ്രായപ്പെട്ടാണ് ജഗദാപ് പാർട്ടി വിടുന്നത്.
അടുത്തകാലത്ത് കോൺഗ്രസ് വിട്ട അരഡസനോളം നേതാക്കൾക്ക് പിറകെയാണ് പാർട്ടി പാരമ്പര്യവും സ്വാധീനവുമുള്ള കുടുംബങ്ങളിൽ നിന്നുള്ള രണ്ടു നേതാക്കൾകൂടി ബി.ജെ.പിയിലേക്ക് കൂടേറുന്നത്.
നേരത്തെ മുൻ എം.എൽ.എ രാഹിതാസ് പട്ടേലിന്റെ മകൻ കുനാൽ പാട്ടിൽ, സംഗ്‍ലിയിൽ റിബലായി മൽസരിച്ച കോൺഗ്രസ് നേതാവ് ജയശ്രീ പാട്ടിൽ എന്നിവർ ബി.ജെ.പിയിൽ ചേർന്നിരുന്നു. മുൻ മുഖ്യമന്ത്രി വസന്ത്ദാദാ പാട്ടീലിന്റെ കൊച്ചുമകന്റെ ഭാര്യയാണ് ജയശ്രീ.
മറ്റൊരു മുൻ എം.എൽ.എ രവീന്ദ്ര ധംഗേകർ പാർട്ടി വിട്ട് ഭരണകക്ഷിയായ ശിവസേനയിൽ (ഷിൻഡേ) ചേർന്നിരുന്നു. 2024 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശീഷൻ സിദ്ദിഖ് എന്ന നേതാവ് എൻ.സി.പിയിൽ ചേർന്നിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ബാബാ സിദ്ദിഖ് നേരത്തെ അജിത് പവാറിന്റെ പാർട്ടിയിലും ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.