ന്യൂഡൽഹി: ഹരിയാനയിലെ ഷിക്കോപൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനായ റോബർട്ട് വാദ്രക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. 56കാരനായ വാദ്രക്കെതിരെ ക്രിമിനൽ കേസിൽ ഒരു അന്വേഷണ ഏജൻസി പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്യുന്നത് ഇതാദ്യമായാണ്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാദ്രക്കും മറ്റ് ചിലർക്കുമെതിരെ ഇവിടുത്തെ ഒരു പ്രാദേശിക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഏപ്രിലിൽ തുടർച്ചയായി മൂന്ന് ദിവസം ഫെഡറൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ഹരിയാനയിലെ മനേസർ-ഷിക്കോപൂരിലെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വാദ്രക്കെതിരായ അന്വേഷണം. 2008 ഫെബ്രുവരിയിൽ വാദ്ര മുമ്പ് ഡയറക്ടറായിരുന്ന സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഓങ്കാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് 7.5 കോടി രൂപക്ക് ഷിക്കോപൂരിൽ 3.5 ഏക്കർ ഭൂമി വാങ്ങിയ കരാരിൽ ഏർപ്പെട്ടത്. ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറായിരുന്നു അന്ന് അധികാരത്തിലിരുന്നത്. നാലു വർഷത്തിനു ശേഷം 2012 സെപ്റ്റംബറിൽ കമ്പനി റിയൽ എസ്റ്റേറ്റ് ഭീമനായ ഡി.എൽ.എഫിന് 58 കോടി രൂപക്ക് ഭൂമി വിറ്റു.
2012 ഒക്ടോബറിൽ ഭൂമി ഇടപാട് വിവാദത്തിലായി. ഹരിയാനയിലെ ലാൻഡ് കൺസോളിഡേഷൻ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് കം ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷന്റെ ഡയറക്ടർ ജനറലായി നിയമിതനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ അശോക് ഖേംക, സംസ്ഥാന ഏകീകരണ നിയമത്തിന്റെയും ചില അനുബന്ധ നടപടിക്രമങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിൽപന റദ്ദാക്കിയതിനെത്തുടർന്ന് ഭൂമി ഇടപാട് വിവാദത്തിൽപ്പെട്ടു.
തനിക്കും മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടുന്ന തന്റെ കുടുംബത്തിനുമെതിരായ കേസ് ‘രാഷ്ട്രീയ പകപോക്കൽ’ ആണെന്ന് പറഞ്ഞ് വാദ്ര ഇത് നിഷേധിച്ചിട്ടുണ്ട്.
യു.കെ ആസ്ഥാനമായുള്ള ആയുധ ഉപദേഷ്ടാവ് സഞ്ജയ് ഭണ്ഡാരിക്കെതിരായ കേസ്, രാജസ്ഥാനിലെ ബിക്കാനീറിലെ ഭൂമി ഇടപാട് എന്നിവയുൾപ്പെടെ മറ്റ് രണ്ട് കേസുകളിലും ഇ.ഡി വാദ്രക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.