ന്യൂഡൽഹി: റാഗി മില്ലറ്റ് ഇഡ്ഡലി മുതൽ പച്ചക്കറികൾ ചേർത്ത ഗ്രിൽ ചെയ്ത മത്സ്യം വരെ ഉൾപ്പെടുത്തി പാർലമെന്റിന് പുതിയ 'ഹെൽത്ത് മെനു'. നിയമനിർമാതാക്കൾക്കും ഉദ്യോഗസ്ഥർക്കും സന്ദർശകർക്കും ഒരു പ്ലേറ്റ് നിറയെ പോഷകാഹാരം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ നിർദേശപ്രകാരം രൂപകൽപ്പന ചെയ്‌തതാണ് ഈ പുതുക്കിയ പാചക വിഭവങ്ങൾ. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന, പാരമ്പര്യത്തെ പോഷകാഹാരവുമായി സംയോജിപ്പിക്കുന്ന ഈ പ്രത്യേക മെനു പാർലമെന്റ് കാന്റീൻ പുറത്തിറക്കിയിട്ടുണ്ട്. രുചികരമായ കറികൾക്കൊപ്പം, തിന അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ, നാരുകൾ അടങ്ങിയ സലാഡുകൾ, പ്രോട്ടീൻ അടങ്ങിയ സൂപ്പുകൾ എന്നിവ ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുതിയ മെനു.
കാർബോഹൈഡ്രേറ്റ്, സോഡിയം, കലോറി എന്നിവ കുറഞ്ഞ അളവിൽ ഉൾപ്പെടുത്തി അവശ്യ പോഷകങ്ങൾ കൂടുതലായി അടങ്ങിയ രീതിയിൽ ഓരോ വിഭവവും ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, ഹെൽത്ത് മെനുവിൽ വിഭവങ്ങളുടെ പേരിന് നേരെ സൂചിപ്പിച്ചിരിക്കുന്ന കലോറികളുടെ എണ്ണം ഉണ്ട്. 2023ൽ ഐക്യരാഷ്ട്രസഭ 'അന്താരാഷ്ട്ര മില്ലറ്റ്സ് വർഷ'മായി പ്രഖ്യാപിച്ചപ്പോൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മില്ലറ്റുകളും മെനുവിൽ കേന്ദ്രസ്ഥാനം ഏറ്റെടുക്കുന്നു. സാമ്പാറും ചട്ണിയും ചേർത്ത രാഗി മില്ലറ്റ് ഇഡ്ഡലി (270 കിലോ കലോറി), ജോവർ ഉപ്പുമാവ് (206 കിലോ കലോറി), പഞ്ചസാര രഹിത മിക്സ് മില്ലറ്റ് ഖീർ (161 കിലോ കലോറി) എന്നിവയാണ് പ്രധാന വിഭവങ്ങൾ. ചന ചാട്ട്, മൂങ് ദാൽ ചില്ല തുടങ്ങിയ ജനപ്രിയ ഇന്ത്യൻ ഭക്ഷണങ്ങളും മെനുവിലുണ്ട്.
ലഘുഭക്ഷണത്തിനായി എം.പിമാർക്ക് ബാർലി, ജോവർ സാലഡ് (294 കിലോ കലോറി), ഗാർഡൻ ഫ്രഷ് സാലഡ് (113 കിലോ കലോറി) തുടങ്ങിയ സലാഡുകൾ, റോസ്റ്റ് ടൊമാറ്റോ, ബേസിൽ ഷോർബ, വെജിറ്റബിൾ ക്ലിയർ സൂപ്പ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം. നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരെ ഒഴിവാക്കിയിട്ടില്ല, ഗ്രിൽഡ് ചിക്കൻ വിത്ത് ബോയിൽഡ് വെജിറ്റബിൾസ് (157 കിലോ കലോറി), ഗ്രിൽഡ് ഫിഷ് (378 കിലോ കലോറി) പോലുള്ള ഭക്ഷണങ്ങൾ ലഭ്യമാണ്. പഞ്ചസാര ചേർത്ത സോഡകൾക്കും പരമ്പരാഗത മധുരപലഹാരങ്ങൾക്കും പകരം ഹെർബൽ ചായകൾ, ശർക്കര ചേർത്ത പലഹാരങ്ങൾ എന്നിവയും ലഭ്യമാണ്. ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകുന്ന സമീപനമാണ് പാനീയ മെനുവിലും പ്രതിഫലിക്കുന്നത്.
പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ ലോക്‌സഭാ സ്പീക്കർ പാർലമെന്റ് അംഗങ്ങൾക്കായി പതിവായി ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. പാർലമെന്റ് അംഗങ്ങൾ ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പാലിക്കാനായി ഗവൺമെന്റ് നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. അവയിൽ ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്, നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് നോൺ-കമ്മ്യൂണിക്കബിൾ ഡിസീസസ് (NP-NCD), പോഷൺ അഭിയാൻ, ഈറ്റ് റൈറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ എന്നിവ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.