പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയും പാകിസ്താനുമിടയിലുണ്ടായ സംഘർഷാവസ്ഥ നിലച്ചത് തന്റെ ഇടപെടലിലൂടെയാണെന്നായിരുന്നുവല്ലോ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ സമാധാനം ഉണ്ടാക്കിയ ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്ന് പാക് സൈനിക മേധാവി അവാർഡ് സമിതിയോട് ശിപാർശ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ട്രംപിന്റെ അവകാശവാദം തള്ളിയ ഇന്ത്യ പ്രസ്താവിച്ചത്, പാക് സൈനിക മേധാവികൾ ഇന്ത്യൻ സേനയോട് നേരിട്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വ്യോമാക്രമണം അവസാനിപ്പിച്ചതെന്നാണ്. എന്താണ് സത്യാവസ്ഥ?
പാകിസ്താനിലെ സുരക്ഷ വിശകലന വിദഗ്ധനായ ഇംതിയാസ് ഗുൽ യഥാർഥത്തിൽ നടന്നതെന്താണെന്നും സംഘർഷത്തിൽ ഇടപെട്ട അമേരിക്കക്ക് അതിലുള്ള താൽപര്യം എന്താണെന്നും വെളിപ്പെടുത്തുകയുണ്ടായി. ഗുല്ലിന്റെ വെളിപ്പെടുത്തലനുസരിച്ച് ആക്രമണം നിർത്തിയത് പാക് സൈനിക ഓപറേഷൻ മേധാവി ഇന്ത്യയിലെ സൈനിക ഓപറേഷൻ മേധാവിയുമായി നേരിട്ട് സംസാരിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. എന്നാൽ, പാകിസ്താന്റെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കം ഉണ്ടാകാൻ കാരണം യു.എസ് സമ്മർദമായിരുന്നുവെന്നാണ് ഗുൽ പറയുന്നത്. പാക് വ്യോമസേനയുടെ ഏറ്റവും വലിയ ആയുധ സംഭരണി നിലനിൽക്കുന്ന നൂർഖാൻ വ്യോമതാവളം ഇന്ത്യ ആക്രമിച്ച ഉടനെയായിരുന്നുവത്രെ ട്രംപിന്റെ ഇടപെടൽ. പ്രത്യാക്രമണത്തിനൊരുങ്ങിയ പാക് സേനയെ അതിൽനിന്ന് തടഞ്ഞുകൊണ്ടായിരുന്നു പാക് സൈനിക ഓപറേഷൻ മേധാവിയെ സംഭാഷണത്തിനായി അമേരിക്ക നിർബന്ധിച്ചത്.
നൂർഖാൻ വ്യോമതാവളം ആക്രമിക്കുന്നതിന്റെ ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് തങ്ങൾക്ക് ബന്ധമില്ലാത്ത ഒരു തർക്കത്തിൽ ഇടപെടാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് പറഞ്ഞതെന്ന് ഇവിടെ ഓർക്കേണ്ടതുണ്ട്. എന്നാൽ, നൂർഖാൻ താവളം ആക്രമിക്കപ്പെട്ടതോടെ യു.എസ് നിലപാട് 180 ഡിഗ്രി മാറുന്നതാണ് കണ്ടത്. അപ്പോൾ മുതലാണ് അവർ പിന്നാമ്പുറ കളികൾ ആരംഭിക്കുന്നത്. എന്തായിരിക്കും ഈ നിലപാടു മാറ്റത്തിന്റെ കാരണം! പാകിസ്താന് മാത്രമല്ല അമേരിക്കക്കും പ്രസ്തുത താവളത്തിലുള്ള വമ്പിച്ച സ്ട്രാറ്റജിക് പ്രാധാന്യമല്ലാതെ മറ്റൊരു വ്യാഖ്യാനവും അതിനില്ലെന്നാണ് ഇംതിയാസ് ഗുൽ പറയുന്നത്. ഇസ്ലാമാബാദുമായി അമേരിക്ക ഉണ്ടാക്കിയ രഹസ്യ കരാറനുസരിച്ച് സൈനിക നീക്കങ്ങൾക്ക് ഈ താവളം ഉപയോഗിക്കാൻ അമേരിക്കക്ക് അവകാശമുണ്ടത്രെ.
ഭീകരാക്രമണ സാധ്യതകൾ മുൻകൂട്ടിക്കണ്ട് ചെറുക്കാനും സുഹൃദ് രാഷ്ട്രങ്ങൾക്കെതിരെയുള്ള വിമത സായുധനീക്കങ്ങളെ പരാജയപ്പെടുത്താനും വേണ്ടി അമേരിക്കൻ വ്യോമസേനയുടെ വിമാനങ്ങൾക്ക് നിഗൂഢമായി വന്നിറങ്ങാനും ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറന്നുയരാനും ഈ താവളം ഉപയോഗിക്കാൻ സാധിക്കും. ഇതുസംബന്ധമായി ഇസ്ലാമാബാദുമായി യു.എസ് ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ അജ്ഞാതമാണെന്നാണ് ഗുൽ പറയുന്നത്. തലസ്ഥാന നഗരിയായ ഇസ്ലാമാബാദിനും റാവൽപിണ്ടിക്കും സമീപസ്ഥമായാണ് നൂർഖാൻ സ്ഥിതിചെയ്യുന്നത്. സേനയുടെ ആസ്ഥാനവും ആയുധസംഭരണികളും ഇവിടെത്തന്നെ. എതിരാളിക്ക് നോവുംവിധത്തിൽ എവിടെ പ്രഹരമേൽപ്പിക്കണം എന്ന കാര്യത്തിൽ ഇന്ത്യൻ സൈനിക ഇന്റലിജൻസിന്റെ കണക്കുകൂട്ടൽ കടുകിട പിഴച്ചില്ല എന്നർഥം.
ഗുല്ലിന്റെ വെളിപ്പെടുത്തലുകൾ ശരിയാണെങ്കിൽ പരമ്പരാഗത സഖ്യരാഷ്ട്രമായ പാകിസ്താനെ ഇന്ത്യക്കുവേണ്ടി അമേരിക്ക കൈയൊഴിഞ്ഞിട്ടുണ്ടെന്ന ധാരണ തിരുത്തേണ്ടിവരും. പാകിസ്താനേക്കാൾ ചൈനയെ ചെറുക്കാൻ ഇന്ത്യയെയാണ് അമേരിക്ക പരിഗണിക്കുന്നതെന്ന ഒരു ധാരണ നിലനിൽക്കുന്നുണ്ട്; പാക്-ചൈനീസ് സഹകരണം നാനാവിധ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഉന്നത തലങ്ങളിലെത്തിയ പശ്ചാത്തലത്തിൽ വിശേഷിച്ചും. സോവിയറ്റ് യൂനിയന്റെ തിരോധാനവും വലതുപക്ഷ ശക്തികളുടെ അധികാരാരോഹണവും ഇന്ത്യ-അമേരിക്ക ബന്ധം എഴുപതുകളിൽനിന്ന് ഭിന്നമായി കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ടെന്നതിൽ സംശയമില്ല. അതൊക്കെ ശരിയാണെങ്കിലും 1958 മുതൽ തുടങ്ങിയ പാക് ചങ്ങാത്തം അമേരിക്ക പാടെ അറുത്തെറിഞ്ഞിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ഒടുവിലത്തെ സംഘർഷ വേളയിലെ പൊടുന്നനെയുള്ള യു.എസ് ഇടപെടൽ ശീതയുദ്ധ കാലത്തിലെ സ്ട്രാറ്റജിക് സഹകരണം യു.എസ് തീരെ കൈയൊഴിച്ചിട്ടില്ലെന്നതിന്റെ ലക്ഷണമാണെന്ന് ദക്ഷിണേഷ്യൻ കാര്യ വിദഗ്ധരായ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോഴത്തെ സംഘർഷത്തിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ നീരസം വകവെക്കാതെ ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിൽനിന്ന് ഒരു ബില്യൺ ഡോളർ കടമെടുക്കാൻ പാകിസ്താന് അമേരിക്ക പിന്തുണ നൽകിയത് ശ്രദ്ധേയമാണ്. ഈ പണം സൈനികാവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുമെന്ന ഇന്ത്യയുടെ ആശങ്ക അവർ ചെവിക്കൊണ്ടതുമില്ല. കഴിഞ്ഞ ജൂൺ 18ന് പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് വിരുന്ന് നൽകിയതും സ്മരണീയമാണ്. പദവിയിലിരിക്കുന്ന ഒരു പാകിസ്താനി സൈനികത്തലവന് ഒരു യു.എസ് പ്രസിഡന്റ് വൈറ്റ് ഹൗസിൽ ഔദ്യോഗിക വിരുന്ന് നൽകുന്നത് ഇതാദ്യമാണെന്നാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.