കാത്തിരുന്ന് തീയതി കിട്ടിയാലും ശസ്ത്രക്രിയാ ഉപകരണങ്ങളടക്കം പുറത്തുനിന്ന് വാങ്ങി നൽകിയാൽ മാത്രമാണ് പല സർജറികളും നടക്കുക. ശസ്ത്രക്രിയക്ക് ആശുപത്രിയിൽ എത്തുമ്പോഴാണ് പലരും ഇതറിയുന്നത്. കമ്പനികൾക്ക് നേരിട്ട് പണം നൽകി ഉപകരണം വാങ്ങാം. ഇതിനുള്ള ഏജന്റുമാർ ആശുപത്രി വളപ്പിൽ വട്ടമിട്ട് നടക്കുന്നുണ്ടാവും
ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ അനന്തമായി നീട്ടിവെക്കേണ്ടിവരുന്ന സ്ഥിതി യൂറോളജി വിഭാഗത്തില്‍ മാത്രമല്ല, അടിയന്തര മെഡിക്കൽ ഇടപെടൽ ആവശ്യമായ കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ തുടങ്ങിയ വിഭാഗങ്ങളിലുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചില വകുപ്പുകളില്‍ രോഗികളുടെ ബാഹുല്യംകാരണം ശസ്ത്രക്രിയകള്‍ ആറുമാസത്തോളമാണ് നീട്ടിവെക്കേണ്ടിവരുന്നത്.
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ കാലതാമസമെന്ന പരാതികളെത്തുടര്‍ന്ന് നെഫ്രോളജി, യൂറോളജി വിഭാഗം തലവന്മാർ സസ്പെഷൻഷനിലായ സംഭവവും അടുത്തകാലത്തുണ്ടായി. എത്ര ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കിലും ഡോക്ടർ നിർദേശിച്ച പരിശോധന പൂർത്തിയാക്കി അതിന്റെ റിസൾട്ട് ഡോക്ടറെ കാണിക്കണമെങ്കിൽ അടുത്ത ഒ.പിയിൽ വരണം. അതിനാണെങ്കിൽ വീണ്ടും ഓൺലൈൻ ബുക്കിങ് നടത്തണം. അപ്പോഴേക്കും ദിവസങ്ങളൊരുപാട് കടന്നുപോയിട്ടുണ്ടാവും.
കാത്തുകാത്തിരുന്ന് തീയതി കിട്ടിയാലും ശസ്ത്രക്രിയാ ഉപകരണങ്ങളടക്കം പുറത്തുനിന്ന് വാങ്ങി നല്‍കിയാല്‍ മാത്രമാണ് പല സർജറികളും നടക്കുക. ശസ്ത്രക്രിയ നിശ്ചയിച്ച ദിവസം ആശുപത്രിയില്‍ എത്തുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. കമ്പനികള്‍ക്ക് നേരിട്ട് പണം നൽകി ഉപകരണം വാങ്ങാമെന്നാണ് കൂട്ടിരിപ്പുകാര്‍ പറയുന്നത്. ഇതിനുള്ള ഏജന്റുമാര്‍ ആശുപത്രി വളപ്പിൽ വട്ടമിട്ട് നടക്കുന്നുണ്ടാവും. ഇവരില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ നിർദേശിക്കുന്നത് ഡോക്ടര്‍മാര്‍തന്നെയാണ്. രോഗികളുടെ ദുരിതം കണ്ട് സഹിക്കാനാവാതെ ആവുന്നത്ര വേഗത്തിൽ ചികിത്സ ലഭ്യമാക്കാനാണ് പല ഡോക്ടർമാരും ഈ വഴി നിർദേശിക്കുന്നതെങ്കിലും അതിന്റെ പേരില്‍ അനാവശ്യ ആരോപണങ്ങള്‍ നേരിടേണ്ടിവരുന്നവരുമുണ്ട്.
യൂറോളജി വിഭാഗത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് ശസ്ത്രക്രിയകളുള്ളത്. സാധാരണ മൂത്രാശയത്തിലെ കല്ല് പൊടിക്കല്‍ പോലെയുള്ള ചികിത്സകള്‍ ദിവസം മൂന്നോ നാലോ എണ്ണമാണ് നടക്കുക. ഇത്തരം ചികിത്സക്കെത്തിയ വിദ്യാര്‍ഥിക്ക് ശസ്ത്രക്രിയ മുടങ്ങിയതാണ് ഡോ. ഹാരിസ് ചിറക്കല്‍ തുറന്നുപറഞ്ഞത്. ഒരു രോഗിയുടെ ശസ്ത്രക്രിയ മുടങ്ങുമ്പോള്‍ തൊട്ടുപിന്നിലുള്ളവരുടെ ചികിത്സയും അനന്തമായി നീളും. ഓർത്തോ വിഭാഗങ്ങളിൽ മാസങ്ങൾ കാത്തിരിക്കുന്നവരും ഉണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ആര്‍.ഐ പരിശോധനക്കായി കാത്തിരിക്കേണ്ടിവരുന്നത് രണ്ടുമാസം വരെയാണ്. സ്‌കാനിങ് പരിശോധനക്കാവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ എല്ലാമുണ്ടെങ്കിലും അവ പ്രവര്‍ത്തിപ്പിക്കാന്‍ ഇപ്പോഴുമുള്ളത് കുറഞ്ഞ ജീവനക്കാര്‍ മാത്രം. അമിത ജോലിഭാരം കാരണം പി.എസ്.സി വഴി നിയമനം ലഭിച്ചവര്‍പോലും ഉപേക്ഷിച്ചുപോകുന്നു.
1964 ലെ സ്റ്റാഫ് പാറ്റേൺ ഇപ്പോഴും തുടരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ തസ്തിക സൃഷ്ടിക്കൽ വെറുംവാക്കാവുകയാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ 262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം. ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ഇതിന്റെ പൊള്ളത്തരം ചൂണ്ടിക്കാട്ടുന്നു. രോഗികള്‍ കൂടുതലുള്ള വകുപ്പുകളില്‍ പോലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നാണ് അവര്‍ പറയുന്നത്.
എല്ലാ മെഡിക്കല്‍ കോളജുകളിലുമായി 44 ഗൈനക്കോളജിസ്റ്റുകളുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഓര്‍ത്തോ വിഭാഗത്തില്‍ 22 ഉം ഡെര്‍മറ്റോളജിയില്‍ 17 ഉം തസ്തികകളില്‍ ആളില്ല. അധ്യാപനം കൂടാതെ, മെഡിസിന്‍ പോലെയുള്ള വിഭാഗങ്ങളില്‍ ഒ.പി, വാര്‍ഡ്, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലായി കുറഞ്ഞത് നാലുപേരെങ്കിലും ഒരു ദിവസം ഡ്യൂട്ടിയില്‍ വേണം. എന്നാല്‍, ഇപ്പോഴും സാധ്യമാകുന്നില്ല.
മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചില ഘട്ടങ്ങളില്‍ വിദഗ്ധ ചികിത്സക്ക് അത്യാധുനിക ഉപകരണങ്ങള്‍ എത്തിച്ചാലും ഡോക്ടര്‍മാര്‍ക്ക് അടക്കം പരിശീലനം നല്‍കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. 2015 കാലഘട്ടത്തിൽ, പൊള്ളലേറ്റവരെ ചികിത്സിക്കുന്ന മെഡിക്കൽ കോളജിലെ ബേൺസ് യൂനിറ്റിനായി വാങ്ങിയ ഉപകരണം ഡോക്ടർമാർക്ക് പരിശീലനം നൽകാൻ ആളെത്താത്തതുകാരണം ഒരു വർഷത്തോളം പാക്കറ്റിനുള്ളിൽ ഇരുന്നു. പിന്നീട് 2016ൽ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്നതുമായി ബന്ധപ്പെട്ട് ന്യൂഡൽഹി എയിംസിൽ നിന്ന് എത്തിയ ഡോക്ടർമാരാണ് ഇത് തുറന്ന് പ്രവർത്തിപ്പിച്ചത്.
ഏറ്റവും ശ്രദ്ധവേണ്ട വിഭാഗങ്ങളിൽ പി.ജി റസിഡന്‍റുമാരായി ജോലിചെയ്യുന്നവർക്ക് മെഡിക്കൽ കോളജിൽ തന്നെ താമസം ഒരുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, 90 ശതമാനം പി.ജി റസിഡന്‍റുമാരും പുറത്ത് മുറി വാടകക്കെടുത്താണ് താമസം. കാർഡിയോളജി, ന്യൂറോളജി, ഓർത്തോ, സർജറി തുടങ്ങി ഏറ്റവും ക്രിട്ടിക്കലായ വിഭാഗങ്ങളിൽ പി.ജി റസിഡന്‍റുമാരാണ് ഏറിയ സമയവും രോഗികളെ ശുശ്രൂഷിക്കുന്നത്. അവർക്ക് താമസ സൗകര്യം അതത് യൂനിറ്റുകളിൽ ഒരുക്കണമെന്നാണ് ചട്ടം. എന്നാൽ, അതിനുള്ള സൗകര്യം ഇപ്പോഴും മെഡിക്കൽ കോളജിൽ ഇല്ല. അതിനാൽ പി.ജി റസിഡന്‍റുമാർ താമസം പുറത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇത് പലപ്പോഴും അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടർമാരുടെ സേവനം കിട്ടാത്ത അവസ്ഥയും സംജാതമാക്കുന്നുണ്ട്. പി.ജി റസിഡന്‍റുമാർക്ക് അവിടെത്തന്നെ താമസം ഒരുക്കണമെന്ന ആവശ്യത്തിനും കാലങ്ങൾ പഴക്കമുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.