മുഖ്യധാര ഇടതുപക്ഷവും അവരെ പിന്തുണച്ച സവർണ ലിബറലുകളും ശ്രീശങ്കരനെ ഹെഗലിന്റെ സ്ഥാനത്തേക്ക് ഉയർത്തിയും സാംസ്കാരിക ദേശീയവാദത്തിനും അഖണ്ഡത സങ്കൽപത്തിനും അനുഗുണമായ നിലപാടുകളാണ് എടുത്തിരുന്നതെന്നത് ചരിത്രമാണ്.
പഴയ ഊടുവഴികൾ ടാറിട്ട റോഡുകളാവുകയും അവിടെ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തതിലൂടെ നാട്ടിൻപുറത്ത് സ്വൈരവിഹാരം നടത്തിയിരുന്ന ഭൂത-പ്രേത പിശാചുക്കൾക്ക് വംശനാശം സംഭവിച്ചു എന്ന് സാധാരണ യുക്തിവാദികൾ പറയാറുണ്ട്. എന്നാൽ, വൈദ്യുതിക്കൊപ്പം നവീനമായ വാർത്താ വിതരണ സംവിധാനങ്ങൾ നിലവിൽ വരുകയും ചെറുപട്ടണങ്ങൾ മെട്രോ നഗരങ്ങളായി മാറുകയും ചെയ്തിട്ടും അന്ധവിശ്വാസങ്ങളിൽ തറഞ്ഞുനിൽക്കാനും ശത്രുക്കളെ ഇല്ലായ്മ ചെയ്യാൻ കൂടോത്രവും നരബലികൾപോലും നടത്താനും ഇതേ ദുരാത്മാക്കൾ മനുഷ്യരെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു.
മതേതര ആധുനികതയിൽ ഇത്തരം ദുശ്ശക്തികൾ കുടിയേറിയിരുന്നത് ആളെത്തീനി മുതലാളിത്തത്തിന്റെ കോർപറേറ്റ് കേന്ദ്രങ്ങളിലും വൻകിട മാധ്യമങ്ങളിലും ജനവിരുദ്ധരായ ഭരണാധികാരികളുടെ വാക്കുകളിലും പ്രവൃത്തികളിലുമാണെന്ന് ഒരു ജർമൻ സാമൂഹികചിന്തകൻ ചൂണ്ടിക്കാട്ടുകയുണ്ടായി. ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങളെവരെ പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രായേൽ പ്രധാനമന്ത്രിയും അയാളുടെ വംശഹത്യാ വിദഗ്ധരായ മന്ത്രിമാരും സൈനിക തലവന്മാരും പുലമ്പുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും പിശാചുബാധയിൽനിന്നാണോ എന്ന് തോന്നിപ്പോയാൽ അതിശയമില്ല. ഇന്ത്യയിൽ അർണബ് ഗോസ്വാമിയെപോലുള്ള മാധ്യമ ഉടമകൾ ഹിന്ദുത്വവാദികളല്ലാത്ത എല്ലാവരുടെയും ദേശക്കൂറ് തെളിയിക്കാൻ ഉറഞ്ഞുതുള്ളുന്നത് ഭൂതാവേശിതരെപോലെതന്നെയാണല്ലോ.
കേരളത്തിലെ പുരോഗമനവാദികളിൽ പലരും തങ്ങൾ അല്ലാത്ത എല്ലാവരിലും ‘വർഗീയത’ ആരോപിച്ചുകൊണ്ട് പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നതും സമാനമായ രീതിയിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിലാണ് അവരുടെ ഈ വർഗീയവിരുദ്ധത പ്രത്യേകമായി അണപൊട്ടിയൊഴുകാറ്. തങ്ങൾക്ക് വർഗീയതയുടെ കളങ്കം ലവലേശമില്ലെന്നും എതിർപക്ഷത്തുള്ളവർ വർഗീയവാദികളുടെ സ്വാധീനത്തിൽപ്പെട്ട് ദുഷിച്ചുപോയി എന്നും ഇവർ ഉന്നയിക്കുന്ന സ്ഥിരംപല്ലവിയാണ്. ഏറ്റവും രസകരമായ കാര്യം, എന്താണ് വർഗീയത എന്നതിനെ ഇവരാരും നിർവചിക്കാൻ മെനക്കെടാറില്ലെന്നതാണ്. ചില അരൂപികൾ വന്ന് മറ്റുള്ളവരിൽ നിക്ഷേപിച്ചതാണ് വർഗീയത എന്ന് കരുതിക്കൊള്ളണമെന്നാണ് ഇവർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ഇപ്രകാരം, ഞങ്ങളിൽ ഇല്ലാത്തതും മറ്റുള്ളവരിൽ ഉള്ളതുമായ നിർവചിക്കാൻ അസാധ്യമായ ഒരു കാര്യമാണോ വർഗീയത?
1987ൽ ‘ഞാൻ വർഗീയവാദി’ എന്ന പേരിൽ പി.കെ. ബാലകൃഷ്ണൻ ഒരു ലേഖനമെഴുതുകയുണ്ടായി. അതിൽനിന്ന് ഒരു ഭാഗം ഇവിടെ പകർത്തുകയാണ്. ‘‘ഇന്ന് ജാതിയെയും വർഗീയതയെയും പറ്റി പഠിക്കുകയും വർഗീയതയെ പൊതുജീവിതത്തിൽനിന്ന് തുടച്ചുമാറ്റുന്നതെങ്ങനെയെന്ന പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന നാം വർഗീയതക്ക് ആധാരമായ ചരിത്രവസ്തുതകളെയും വർഗീയത എന്ന അംശത്തിന് നമ്മുടെ സംസ്കാരത്തിലുള്ള അടിസ്ഥാന പ്രാധാന്യവും കണക്കിലെടുക്കുകതന്നെ വേണം. അവിടെ വികാരങ്ങൾക്കും സ്പർധകൾക്കും സ്ഥാനമുണ്ടാവരുത്.
ജാതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്ത് എന്നത് അതിന്റെ ദൂഷ്യങ്ങൾ പരിഹരിക്കാൻ ഇറങ്ങുന്നവരെ സംബന്ധിച്ചേടത്തോളം നിർണായക പ്രാധാന്യമുള്ള കാര്യമാണ്. പഴങ്കഥയായി മാറിയ അടിമത്ത വ്യവസ്ഥിതിയുടെ പരോക്ഷമായ ദുഃസ്വാധീനതകൾ യൂറോപ്യൻ സമൂഹത്തിനു മേൽ പല നൂറ്റാണ്ടുകളോളം മാരകമായ ഫലത്തോടെ പ്രവർത്തിച്ചുവെങ്കിൽ ഇന്ത്യയിൽ അനേകം ദശാബ്ദമായി നിലനിന്നതും ഇന്നും തുടരുന്നതുമായ ജാതി ഘടനയുടെ സ്വാധീനത പ്രസംഗക്കാർക്ക് തോന്നുംപോലെ ലളിതമായോ പ്രസംഗംകൊണ്ട് പരിഹരിക്കാവുന്നതോ ആയ ഒന്നല്ല. ഒരു പ്രശ്നമെന്താണെന്നും അതിന്റെ പ്രാധാന്യം ഏതുവരെയുണ്ടെന്നും അതിന്റെ വേര് എവിടം വരെ താഴ്ന്നിറങ്ങിയിരിക്കുന്നു എന്നും വസ്തുതാപരമായി നിശ്ചയിക്കാൻ മെനക്കെടാതെ വർഗീയതയെപറ്റി എതിര് പറഞ്ഞ് അലറുന്ന രീതി തലതിരിഞ്ഞ വർഗീയതയുടെ രീതി മാത്രമാണ്.
നാം വർഗീയതയെ നേരിടാൻ മുതിരുമ്പോൾ വർഗീയതയെ കുറിച്ച് ചിന്തിക്കുമ്പോൾ ‘മറ്റവന്റെ’ വർഗീയതയെ നേരിടാനാണ് മാർഗങ്ങൾ ആരായുന്നത്. അതു വിട്ട് പുതിയൊരു വിലയിരുത്തലും സമീപനരീതിയും വർഗീയതയുടെ കാര്യത്തിൽ നാം ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.’ പി.കെ. ബാലകൃഷ്ണൻ പറയുന്നതുപോലെ ‘മറ്റവന്റെ’ വർഗീയത നേരിടാൻ മാത്രം നമ്മുടെ പൊതുബോധം പരിശീലിക്കപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്?
സമകാലിക കേരളത്തിൽ മതേതര ആധുനികത അടയാളപ്പെട്ടിരിക്കുന്നത് ‘പുരോഗമന കേരളം’ എന്ന സംജ്ഞയിലൂന്നിയാണ്. പഴയ ജാതിവ്യവസ്ഥയുടെയും ജന്മി സമ്പ്രദായത്തിന്റെയും ഇരുട്ടുകൾ മുഴുവൻ വാരിക്കളഞ്ഞ് മതേതര യുക്തിയിലും സാർവലൗകിക മാനവികതയിലും അധിഷ്ഠിതമായ ‘പുതുപ്രഭാതം’ ഇവിടെ പൊട്ടിവിരിഞ്ഞുനിൽക്കുന്നു എന്നാണ് ഈ പദത്തിലൂടെ അർഥമാകുന്നത്. ഇവിടെ ആന്തരികവത്കരിച്ചും അല്ലാതെയും നിലനിൽക്കുന്ന സാമൂഹികമായ അസമത്വങ്ങളെ പറ്റി ആരെങ്കിലും പറയുകയോ ഹിന്ദുത്വത്തിന്റെ വളർച്ചയെപ്പറ്റി ത്കണ്ഠപ്പെടുകയോ ചെയ്താൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ വരെ ‘ഇത് കേരളമാണ് ഇവിടെ ഇതൊന്നും നടക്കില്ല’ എന്ന് ആവർത്തിക്കുന്നത് കാണാം.
കേരളത്തിൽ ജാതിയെ പറ്റി പറയുന്ന-അതിന്റെ സമ്മർദത്തിൽ പെട്ട് അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ദലിത് ബഹുജനങ്ങളും ആദിവാസികളും സ്വരമുയർത്തുന്നതിനെ ജാതിവാദം അഥവാ സ്വത്വവാദമെന്നാണ് കുറ്റപ്പെടുത്താറുള്ളത്. അതേപോലെ ന്യൂനപക്ഷ-അപര മതസ്ഥാനത്തുള്ള മുസ്ലിംകളും പിന്നാക്ക ക്രൈസ്തവരും പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്നതിനെ മതമൗലികവാദം അല്ലെങ്കിൽ മതതീവ്രവാദം എന്നാണ് വിളിക്കുക. ഇതിനർഥം പുരോഗമന കേരളം എന്ന സവിശേഷമായ അധികാര ഇടം വർഗീയമുക്തമായി നിലനിൽക്കാൻ മേൽപറഞ്ഞ പോലുള്ള സാമുദായിക ഘടകങ്ങളെ ശത്രുതാപക്ഷത്ത് നിർത്തുകയെന്നത് മുൻനിശ്ചയമാണെന്നാണ്.
ഈ മുൻനിശ്ചയത്തിന് വിപുലമായ ആന്തരിക തലങ്ങളുണ്ടെന്ന കാര്യമാണ് എല്ലാവരും ബോധപൂർവമായി മറച്ചുപിടിക്കുന്നത്. വലിയ തോതിൽ ഭരണസ്വാധീനമുള്ളവരും തങ്ങളുടെ മേധാവിത്വത്തെ മറ്റുള്ളവരിൽ അടിച്ചേൽപിക്കുന്നതിൽ ഏതറ്റം വരെ പോകുന്നവരുമായ സവർണ ഹിന്ദുക്കളുടെ ബ്രാഹ്മണ സഭകൾ മുതൽ നായർ സർവിസ് സൊസൈറ്റി വരെയുള്ളവ സ്വത്വവാദികളും ജാതിവാദികളുമായി ചിത്രീകരിക്കപ്പെടാറില്ല.
അവർക്ക് തുല്യമായ പദവിയുള്ള സവർണ ക്രൈസ്തവ മേധാവികളും ഇത്തരം ആരോപണങ്ങൾക്ക് വിധേയരാവുകയില്ല. കേരളീയ മതേതര ആധുനികതയിൽ ഇപ്പോഴും സർവശക്തമായി തുടരുന്ന സവർണ മത ജാതി മേധാവിത്വത്തെ സ്പർശിക്കാൻപോലും ഉദ്ദേശിക്കാത്തവരുടെ പുരോഗമന വായ്ത്താരി മാത്രമാണ് വർഗീയവിരുദ്ധതയെന്നത്. ഇക്കൂട്ടർ ദലിത് ബഹുജനങ്ങളുടെ സമത്വാഭിലാഷ പ്രശ്നങ്ങളെ ജാതിയിലേക്കുള്ള പിൻനടത്തമായും ദേശീയതയിൽ അപരരായ ന്യൂനപക്ഷങ്ങളുടെ ജനാധിപത്യപരമായ ഉൾക്കൊള്ളലിനുവേണ്ടിയുള്ള സമരങ്ങളെ തീവ്രവാദവും വർഗീയതയുമായും ദുർവ്യാഖ്യാനിക്കുന്നുവെന്നുസാരം.
ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ് പുരോഗമനക്കാരുടെ ഹിന്ദുത്വവിരുദ്ധതയും. ഹിന്ദുത്വത്തിന്റെ അടിത്തറയായ സവർണ വംശീയതക്കും അതിന്റെ സ്ഥാപനവത്കൃത ഘടനകൾക്കുമെതിരായ ചെറുവിരൽപോലും ചൂണ്ടാത്തവർ, മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുകൾ ഉണ്ടാക്കി അവരെ ചകിതരാക്കി നിർത്താനും ദലിത് പിന്നാക്ക ജനതകളുടെ കർതൃത്വത്തെ അലസിപ്പിച്ച് കളയാനുമുള്ള ഉപകരണയുക്തിയായിട്ടാണ് ഹിന്ദുത്വവിരുദ്ധ പ്രചാരണ വേലകൾ നടത്തുന്നത്. പ്രായോഗികമായും സൈദ്ധാന്തികമായും മുഖ്യധാര ഇടതുപക്ഷം ഹിന്ദുത്വത്തോട് കൊടുക്കൽ വാങ്ങലുകൾ നടത്തുകയാണെന്നതിന്റെ സമീപകാല ഉദാഹരണങ്ങളാണ് സവർണ സംവരണവും നിലമ്പൂർ തെരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങളിൽ വേരുകളാഴ്ത്തുന്ന ഹിന്ദുത്വധാരകളെ തങ്ങൾക്ക് അനുകൂലമായി മാറ്റാൻ നടത്തിയ നീക്കങ്ങളും.
ഇതേ അവസരത്തിൽ, കേരളത്തിലെ പുരോഗമന സമൂഹത്തിലെ ഗണ്യമായ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന മുഖ്യധാര ഇടതുപക്ഷത്തിന് അവർ അവകാശപ്പെടുന്നതുപോലെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതിലും കീഴാള ബഹുജന രാഷ്ട്രീയധാരകളെ വികസിപ്പിക്കുന്നതിലും ചരിത്രപരമായി എന്തെങ്കിലും പങ്കാളിത്തമുണ്ടോ എന്ന മറുചോദ്യവും ഉന്നയിക്കപ്പെടേണ്ടതായിട്ടുണ്ട്.
1980കളിലാണ് ഇന്ത്യയിൽ ഹിന്ദുത്വശക്തികൾ പാർലമെന്ററി അധികാരത്തിലേക്ക് കുതിച്ചുയരുന്നതിന്റെ വിപൽ സൂചനകൾ പ്രത്യക്ഷപ്പെട്ടത്. ഈ ഘട്ടത്തിൽ രൂപവത്കരിക്കപ്പെട്ട ‘ജാതിവിരുദ്ധ മതേതരവേദി’ എന്ന പ്രസ്ഥാനമാണ് മതേതരത്വത്തെപറ്റിയുള്ള പുതുസംവാദങ്ങൾക്ക് കേരളത്തിൽ തുടക്കംകുറിച്ചത്. മുഖ്യധാര ഇടതുപക്ഷത്തിന് അന്യമായ തരത്തിൽ സംവരണത്തെയും ന്യൂനപക്ഷങ്ങളുടെ അവസ്ഥയെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ആ പ്രസ്ഥാനം നടത്തിയ പുനരന്വേഷണങ്ങളാണ് പിൽക്കാലത്ത് വിപുലീകരിക്കപ്പെട്ട് അടിത്തട്ടിലേക്ക് വ്യാപരിച്ചത്.
ഇതേ സന്ദർഭത്തിൽ മുഖ്യധാര ഇടതുപക്ഷവും അവരെ പിന്തുണച്ച സവർണ ലിബറലുകളും ശ്രീശങ്കരനെ ഹെഗലിന്റെ സ്ഥാനത്തേക്ക് ഉയർത്തിയും സാംസ്കാരിക ദേശീയവാദത്തിനും അഖണ്ഡത സങ്കൽപത്തിനും അനുഗുണമായ നിലപാടുകളാണ് എടുത്തിരുന്നതെന്നത് ചരിത്രമാണ്. പിൽക്കാലത്ത് മതേതരത്വമെന്ന ഭാവനയെ പൊള്ളയായ മുദ്രാവാക്യങ്ങളായും ചത്തുമലച്ച സെമിനാറുകളായും ഇവർ ഏറ്റെടുത്തെങ്കിലും അതൊരിക്കലും കീഴാള ബഹുജനങ്ങളെയോ ന്യൂനപക്ഷങ്ങളെയോ ഉൾക്കൊള്ളുന്നതായിരുന്നില്ല. വർഗീയ എന്ന വാക്കുതന്നെ അവർ പരിഭാഷപ്പെടുത്തിയത് ഉത്തരേന്ത്യയിലെ മനുവാദികളായ സാമൂഹിക ചിന്തകരിൽനിന്ന് കടം കൊണ്ടിട്ടാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തലതിരിഞ്ഞ വർഗീയതയായിട്ടാണ് ഇക്കൂട്ടരുടെ വർഗീയവിരുദ്ധത തിരിച്ചടിക്കുന്നത്.
അതിനാൽതന്നെ മതേതരത്വത്തെയും ജനാധിപത്യത്തെയും ജീവവായുവായി കരുതുന്ന അടിത്തട്ടിലെ ജനത ഇവരിൽനിന്ന് അന്യവത്കരിച്ച് പോകുന്നതിൽ അതിശയിക്കാനില്ല. തങ്ങളെ ആഴത്തിൽ പിടിമുറുക്കിയിരിക്കുന്ന ആഭ്യന്തര പ്രതിസന്ധികളെ സംബോധന ചെയ്യുന്നതിനു പകരം അപരരിൽ ‘വർഗീയത’ ആരോപിച്ച് ഇവർ സ്വയംപരിഹാസ്യരാകുന്നു എന്നു മാത്രമേ പറയാനാവുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.