വിവിധ ബോർഡുകൾക്ക് കീഴിൽ പഠിച്ച വിദ്യാർഥികളുടെ പ്ലസ് ടു മാർക്ക് ഏകീകരണത്തിനായി നടത്തുന്ന സ്റ്റാൻഡേഡൈസേഷൻ രീതിയിൽ സർക്കാർ ഈ വർഷം നടപ്പാക്കിയ ഭേദഗതി പിഴവാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ കീം റാങ്ക് പട്ടിക ഹൈകോടതി റദ്ദാക്കിയിരിക്കുന്നു. ഭേദഗതിക്കാവശ്യമായ നടപടികൾ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് പൂർത്തിയാകാത്ത സർക്കാറിന്റെ വീഴ്ച കോടതി ഇടപെടലിലേക്ക് വഴിതുറക്കുകയായിരുന്നു. ഇതാകട്ടെ എൻജിനീയറിങ് വിദ്യാഭ്യാസത്തിലൂടെ കരിയറും ജീവിതവും സ്വപ്നം കണ്ട പതിനായിരക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയുടെ നടുക്കടലിൽ ഇറക്കിവിടുന്ന നടപടിയുമായി. പിടിവാശികൾക്കും ധിറുതിപ്പെടലിനുമപ്പുറത്ത് അനേകം കുട്ടികളുടെ ജീവിതമുണ്ടെന്നത് സർക്കാർ മറന്നുേപായി.
സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒമ്പതാം ദിനത്തിൽ പട്ടിക തന്നെ ഹൈകോടതി സിംഗിൾ ബെഞ്ച് റദ്ദാക്കുന്ന സാഹചര്യവും അതുവഴി പ്രവേശനം കാത്തിരുന്ന പതിനായിരക്കണക്കിന് വിദ്യാർഥികൾ ആശങ്കയുടെ നടുക്കടലിലാകുന്ന സാഹചര്യവുമുണ്ടായി. സിംഗിൾ ബെഞ്ച് വിധിക്കെതിരെ അന്നുതന്നെ സർക്കാർ നൽകിയ അപ്പീൽ തൊട്ടടുത്ത ദിവസം പരിഗണിച്ച് ഡിവിഷൻ ബെഞ്ചും സിംഗിൾ ബെഞ്ച് വിധി ശരിവെച്ചതോടെ റാങ്ക് പട്ടികയിലിടം പിടിച്ച 67505 വിദ്യാർഥികൾ പ്രതിസന്ധിയിലായി. മറ്റൊരു കോടതി പരീക്ഷണത്തിന് കൂടി നിൽക്കാതെ സർക്കാർ കോടതി നിർദേശപ്രകാരമുള്ള പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ നിർബന്ധിതമായി.
എൻജിനീയറിങ് പ്രവേശനത്തിനായി നടത്തുന്ന കീം പരീക്ഷയിൽ ലഭിച്ച സ്കോറും പ്ലസ് ടു പരീക്ഷയിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. വിവിധ ബോർഡുകൾക്ക് കീഴിൽ പഠിച്ച വിദ്യാർഥികളുടെ പ്ലസ് ടു മാർക്ക് ഏകീകരണത്തിനായി നടത്തുന്ന സ്റ്റാൻഡേഡൈസേഷൻ രീതിയിൽ സർക്കാർ ഈ വർഷം നടപ്പാക്കിയ ഭേദഗതിയാണ് കോടതി റദ്ദാക്കിയത്. ഇതോടെയാണ് റദ്ദാക്കിയ രീതിയിൽ തയാറാക്കിയ റാങ്ക് പട്ടികയും റദ്ദാക്കേണ്ടിവന്നത്.
പ്രവേശന നടപടികളുടെ അടിസ്ഥാന രേഖയായ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുകയും പ്രവേശന പരീക്ഷ നടത്തി സ്കോർ പ്രസിദ്ധീകരിക്കുകയും ചെയ്ത ശേഷം ഇതിൽ ഭേദഗതി വരുത്തിയ നടപടിയാണ് ഏതാനും വിദ്യാർഥികൾ കോടതിയിൽ ചോദ്യം ചെയ്തതും നടപടി റദ്ദാക്കിയതും. പ്ലസ് ടു മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാർക്ക് നേരത്തെ തുല്യ അനുപാതത്തിൽ (1:1:1) പരിഗണിച്ചിരുന്നത് മാറ്റി പകരം മാത്സിന് അധിക വെയ്റ്റേജ് നൽകി 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റിയതാണ് കോടതി ഇടപെടലിലേക്ക് വഴിവെച്ചത്.
കോടതി ഇടപെടലിലേക്ക് വഴിതുറന്നത്, ഭേദഗതിക്കാവശ്യമായ നടപടികൾ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് പൂർത്തിയാകാത്ത സർക്കാറിന്റെ വീഴ്ച തന്നെയാണ്. ഇതാകട്ടെ എൻജിനീയറിങ് വിദ്യാഭ്യാസത്തിലൂടെ കരിയറും ജീവിതവും സ്വപ്നം കണ്ട പതിനായിരക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയുടെ നടുക്കടലിൽ ഇറക്കിവിടുന്ന നടപടിയുമായി.
ആദ്യ റാങ്ക് പട്ടികയിൽ ഉറപ്പായ കോളജും കോഴ്സും ഇനി ലഭിക്കില്ലെന്നറിഞ്ഞ് ആയിരക്കണക്കിന് വിദ്യാർഥികളാണ് കണ്ണീർപൊഴിക്കുന്നത്. കോടതി നിർദേശ പ്രകാരം പഴയ പ്രോസ്പെക്ടസ് അടിസ്ഥാനപ്പെടുത്തി റാങ്ക് പട്ടിക പുതുക്കിയപ്പോൾ സംസ്ഥാന സിലബസിൽ പഠിച്ച ആയിരക്കണക്കിന് വിദ്യാർഥികൾ ആദ്യം ലഭിച്ച റാങ്കിൽ നിന്ന് ബഹുദൂരം പിറകോട്ടുപോയി.
പ്ലസ് ടു പരീക്ഷ പാസായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പ്രവേശനത്തിനായി പ്രത്യേകം പ്രവേശന പരീക്ഷയുണ്ടെങ്കിലും പൂർണമായും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലല്ല റാങ്ക് നിർണയിക്കുന്നത്.
യോഗ്യതാ പരീക്ഷയായ പ്ലസ് ടുവിന് മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും തുല്യ അനുപാതത്തിൽ (50:50) പരിഗണിച്ചാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്.
പ്ലസ് ടു തലത്തിൽ കെമിസ്ട്രി പഠിക്കാത്തവരാണെങ്കിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബയോടെക്നോളജി, അല്ലെങ്കിൽ ബയോളജി വിഷയങ്ങളിൽ ലഭിച്ച മാർക്കായിരിക്കും പകരം പരിഗണിക്കുക.
വിവിധ പരീക്ഷാ ബോർഡുകൾക്ക് (കേരള, സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, മറ്റ് സംസ്ഥാന ബോർഡുകൾ) കീഴിൽ പ്ലസ് ടു പഠനം കഴിഞ്ഞ വിദ്യാർഥികളാണ് എൻജിനീയറിങ് പ്രവേശനത്തിനെത്തുന്നത്. ഇവർ വ്യത്യസ്ത നിലവാരത്തിലുള്ള പരീക്ഷ നേരിട്ടാണ് പ്ലസ് ടു യോഗ്യത നേടുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്ത ബോർഡുകളിലെ മാർക്ക് ഒരേ രീതിയിൽ പരിഗണിക്കുന്നതിൽ നീതിയില്ല.
ഇത് പരിഹരിക്കാൻ സ്വീകരിക്കുന്ന മാതൃകയാണ് മാർക്കുകളുടെ സ്റ്റാൻഡേഡൈസേഷൻ അഥവാ ഏകീകരണം/ സമീകരണം. ഉദാഹരണത്തിന് ഒരു ബോർഡിന് കീഴിൽ പരീക്ഷ പാസായി വരുന്ന, ശരാശരി പഠനനിലവാരം പുലർത്തുന്ന കുട്ടിക്ക് ലഭിച്ചത് 80 ശതമാനം മാർക്കായിരിക്കാം. എന്നാൽ, മറ്റൊരു ബോർഡിൽ ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടിക്ക് ലഭിച്ച മാർക്കും 80 ശതമാനമായിരിക്കാം.
ബോർഡുകൾ നടത്തുന്ന പരീക്ഷയുടെ നിലവാരവുമായി ബന്ധപ്പെട്ടതാണ് മാർക്കുകളിൽ സംഭവിക്കുന്ന അന്തരം. രണ്ട് കുട്ടികളെയും ഒരേ രീതിയിൽ പരിഗണിക്കുന്നത് നീതികേടാണ് എന്ന വിലയിരുത്തലിലാണ് സ്റ്റാൻഡേഡൈസേഷൻ നടപ്പാക്കുന്നത്. സ്റ്റാൻഡേഡൈസേഷന് വ്യത്യസ്ത മാതൃകകൾ സ്വീകരിച്ചുവരുന്നുണ്ട്. കേരളത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ശിപാർശ ചെയ്ത പ്രകാരമുള്ള സ്റ്റാൻഡേഡൈസേഷൻ മാതൃകയാണ് പിന്തുടർന്നുവരുന്നത്.
2011ൽ വിദഗ്ധ സമിതി തയാറാക്കിയ ഗണിത ഫോർമുലയിലാണ് കേരളത്തിൽ സ്റ്റാൻഡേഡൈസേഷൻ നടപ്പാക്കുന്നത്. 14 വർഷം പിന്നിട്ടിട്ടും ഇതിൽ പുനഃപരിശോധന സർക്കാർ നടത്തിയിരുന്നില്ല. കോവിഡാനന്തരം 2021ൽ നടന്ന കേരള സിലബസിലുള്ള പ്ലസ് ടു പരീക്ഷയുടെ മാർക്കിന്റെ ഘടനയിൽ വലിയ വ്യത്യാസം സംഭവിച്ചിരുന്നു.
മൂല്യനിർണയത്തിലും ചോദ്യപേപ്പറിലും ഉദാരസമീപനം എന്ന് പരക്കെ ആക്ഷേപം ഉയരുകയും ചെയ്ത പ്ലസ് ടു പരീക്ഷയിൽ പിറന്നത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം എ പ്ലസുകാരാണ്. 2021ൽ എൻജിനീയറിങ് സ്റ്റാൻഡേഡൈസേഷൻ പൂർത്തിയാക്കിയപ്പോൾ കേരള സിലബസിലുള്ള കുട്ടികൾക്ക് നഷ്ടപ്പെട്ടത് 44.87 മാർക്ക് വരെയാണ്! 2024ൽ ഇത് 29.02 മാർക്ക് വരെയായിരുന്നു.
2024ൽ പ്ലസ് ടു മൂന്ന് വിഷയങ്ങളിലും നൂറ് ശതമാനം മാർക്കും പ്രവേശന പരീക്ഷയിൽ ഏറ്റവും ഉയർന്ന നോർമലൈസ് ചെയ്ത സ്കോറും ലഭിച്ചവർക്ക് ഒന്നാം റാങ്ക് ലഭിക്കേണ്ടതാണ്. എന്നാൽ, കേരള സിലബസിൽ പഠിച്ച വിദ്യാർഥി എന്ന കാരണത്താൽ സ്റ്റാൻഡേഡൈസേഷനിൽ മാർക്ക് കുറഞ്ഞ് വിദ്യാർഥി ചെന്നുവീണത് 87ാം റാങ്കിലായിരുന്നു എന്നറിയുമ്പോഴാണ് നിലവിലുള്ള മാതൃകയിലെ അനീതിയുടെ ആഴം വ്യക്തമാവുക.
എന്നാൽ, സി.ബി.എസ്.ഇ പോലുള്ള കേന്ദ്ര ബോർഡുകൾക്ക് കീഴിൽ പഠിച്ച കുട്ടികൾക്ക് മാർക്ക് കൂടുന്ന പ്രവണതയുമുണ്ടായി. 2024ൽ സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് 7.01 മാർക്ക് വരെ കൂടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2011ൽ വിദഗ്ധ സമിതി തയാറാക്കിയ ഫോർമുല ഉപയോഗിച്ചാണ് ഇപ്പോഴുള്ള സ്റ്റാൻഡേഡൈസേഷൻ. ഇതിന് അടിസ്ഥാനമായി വർത്തിക്കുന്നത് േഗ്ലാബൽ മീൻ, സ്റ്റാൻഡേഡ് ഡീവിയേഷൻ എന്നീ രണ്ട് മാനകങ്ങളാണ്. പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളിൽ ഒാരോന്നിലും എല്ലാ പരീക്ഷാബോർഡുകളിലെയും പാസായ വിദ്യാർഥികൾ നേടിയ മാർക്കുകളുടെ ശരാശരിയാണ് ഇവിടെ ‘േഗ്ലാബൽ മീൻ’ ആയി പരിഗണിക്കുന്നത്. കേരളത്തിൽ ഇതിനായി പരിഗണിച്ചുവരുന്നത് കഴിഞ്ഞ പത്ത് വർഷത്തെ മാർക്കുകളാണ്. ഇതിനായി മൂന്ന് വിഷയങ്ങളുടെയും വിദ്യാർഥികളുടെ മാർക്ക് ബന്ധപ്പെട്ട ബോർഡുകളിൽ നിന്ന് പ്രവേശന പരീക്ഷാ കമീഷണർ ശേഖരിക്കും.
ഒരു ബോർഡിലെ വിദ്യാർഥികൾക്ക് മൂന്ന് വിഷയങ്ങളിലും കിട്ടിയ മാർക്കുകൾ ശരാശരിയിൽ നിന്ന് എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന കണക്കാണ് സ്റ്റാൻഡേഡ് ഡീവിയേഷൻ. സർക്കാർ നിയോഗിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരടങ്ങിയ സ്റ്റാൻഡേഡൈസേഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഒാരോ ബോർഡുകളുടെയും വിഷയം തിരിച്ച് േഗ്ലാബൽ മീനും സ്റ്റാൻഡേഡ് ഡീവിയേഷനും നിർണയിക്കുന്നത്.
സ്റ്റാൻഡേഡ് ഡീവിയേഷൻ പ്രകാരം ഒാരോ ബോർഡിലെയും മാർക്കുകൾ ശരാശരിയിൽ നിന്ന് കൂടുതൽ വ്യത്യാസപ്പെട്ടിരിക്കുന്നോ ആ ബോർഡിലുള്ള കുട്ടികൾക്ക് മാർക്ക് കുറയുകയും വ്യത്യാസം കുറവുള്ളവർക്ക് മാർക്ക് നഷ്ടം ഒഴിവാകുകേയാ നേട്ടമുണ്ടാവുകയോ ചെയ്യുന്ന രീതിയിലാണ് നിലവിലുള്ള ഫോർമുലയുടെ ഘടന. ഇൗ ഘടനയുടെ അനന്തരഫലമായിരുന്നു കേരള സിലബസിലുള്ള വിദ്യാർഥികൾക്ക് 2021 മുതൽ മാർക്ക് കുറയുന്ന പ്രവണത.
സ്റ്റാൻഡേഡൈസേഷൻ പ്രക്രിയക്ക് പുറമെ മൂന്ന് വിഷയങ്ങളുടെയും പ്ലസ്ടു മാർക്ക് പരിഗണിച്ചിരുന്നത് 1:1:1 എന്ന അനുപാതത്തിലായിരുന്നു. 300ൽ പരിഗണിക്കുന്ന പ്ലസ് ടു മാർക്കിൽ മാത്സും ഫിസിക്സും കെമിസ്ട്രിയും 100 വീതം മാർക്കിൽ പരിഗണിക്കുന്നതാണ് നിലവിലെ രീതി.
ഇതിൽ മാറ്റം വരുത്തി 5:3:2 എന്ന അനുപാതത്തിലേക്ക് കൊണ്ടുവന്നതാണ് ഹൈകോടതി റദ്ദാക്കിയതും റാങ്ക് പട്ടിക ഒന്നടങ്കം റദ്ദാക്കാൻ വഴിവെച്ചതും. ഇൗ അനുപാതപ്രകാരം മാത്സിന്റെ മാർക്ക് 100ന് പകരം 150ലും ഫിസിക്സിന്റേത് 90ലും കെമിസ്ട്രിയുടേത് 60ലും ആണ് പരിഗണിക്കുന്നത്. ഇതുവഴി മാത്സിൽ ഉയർന്ന മാർക്ക് ലഭിച്ചവർക്ക് റാങ്ക് പട്ടികയിൽ മുന്നോട്ടുവരാനും കഴിയും. ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നല്ല മാർക്കും മാത്സിൽ അൽപം കുറവുള്ളവർ പിറകിൽ പോകാനും വഴിവെക്കുന്നതായിരുന്നു പുതിയ അനുപാതം.
പ്രോസ്പെക്ടസിലെ പരിഷ്കരണം റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിൽ ഹൈകോടതി ഉയർത്തിയ പ്രധാന ചോദ്യമാണ് ഗെയിം തുടങ്ങിയ ശേഷം നിയമം മാറ്റാൻ കഴിയുമോ എന്നത്. അടിസ്ഥാന രേഖയായ പ്രോസ്പെക്ടസ് പുറത്തിറക്കുകയും പ്രവേശന പരീക്ഷ നടത്തി സ്കോറും പ്രസിദ്ധീകരിച്ച ശേഷം റാങ്ക് നിർണയത്തിന് പരിഗണിക്കുന്ന മാർക്ക് അനുപാതത്തിൽ മാറ്റം വരുത്തിയത് നിലനിൽക്കില്ലെന്നായിരുന്നു കോടതി ഉത്തരവിന്റെ ചുരുക്കം.
സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾ വർഷങ്ങളായി നേരിടുന്ന അനീതി പരിഹരിക്കാൻ സർക്കാർ നടത്തിയ ഇടപെടലിന് സദുദ്ദേശ്യമുണ്ടായിരുന്നെങ്കിലും അതിനായി സ്വീകരിച്ച നടപടികളും മാർഗങ്ങളും വൈകി. 2021 മുതൽ ഉയരുന്ന പ്രശ്നത്തിൽ സർക്കാർ ഇടപെട്ടതുതന്നെ 2025ലാണ്. 2024ലെ ഫലം പുറത്തുവന്നപ്പോൾ പരാതി ശക്തമായതോടെ 2024 നവംബർ മൂന്നിന് പ്രവേശന പരീക്ഷാ കമീഷണർ സ്റ്റാൻഡേഡൈസേഷൻ പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാറിന് കത്ത് നൽകി.
എന്നാൽ, ഇതുസംബന്ധിച്ച് മുഖ്യമന്ത്രിതലത്തിൽ ഒരു യോഗം വിളിക്കുന്നത് 2025 മാർച്ച് നാലിനാണ്. റിവ്യൂ കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറങ്ങുന്നത് ഏപ്രിൽ ഒമ്പതിന്. കമ്മിറ്റി റിപ്പോർട്ട് നൽകുന്നത് ജൂൺ രണ്ടിന്. എന്നാൽ, അടിസ്ഥാന രേഖയായ പ്രോസ്പെക്ടസിന് 2025 ഫെബ്രുവരി 19ന് സർക്കാർ അംഗീകാരം നൽകി ഉത്തരവിറക്കുകയും ചെയ്തു.
പ്രോസ്പെക്ടസിൽ ഗവൺമെന്റിന് ആവശ്യമെന്ന് തോന്നുന്ന മാറ്റങ്ങൾ/ കൂട്ടിച്ചേർക്കൽ/ ഒഴിവാക്കൽ എന്നിവക്ക് വിധേയമാണെന്ന് 1.6 നമ്പർ പ്രകാരമുള്ള വ്യവസ്ഥ പ്രോസ്പെക്ടസിൽ തന്നെ ഉൾപ്പെടുത്തിയതിന്റെ ബലത്തിലാണ് സർക്കാർ ഭേദഗതി നടപ്പാക്കിയതെങ്കിലും കോടതി അംഗീകരിച്ചില്ല.
പ്രവേശന പരീക്ഷ നടത്തുേമ്പാൾ പിന്നെ എന്തിനാണ് അതിലേക്ക് പ്ലസ് ടു മാർക്ക് കൂടി ചേർക്കുന്നതെന്നും പ്രവേശന പരീക്ഷയിലെ സ്കോർ മാത്രം അടിസ്ഥാനപ്പെടുത്തി റാങ്ക് പട്ടിക തയാറാക്കിയാൽ പ്രശ്നം തീരില്ലേ എന്ന ചോദ്യം ഉയരാറുണ്ട്. പ്രവേശന പരീക്ഷകൾ ഇന്ന് വലിയ കച്ചവട മേഖലയെക്കൂടി സൃഷ്ടിച്ചുവെച്ചിട്ടുണ്ടെന്ന് ഒാർക്കാതെയാണ് ഇൗ ചോദ്യം. പ്രവേശന പരീക്ഷക്ക് പരിശീലനം നൽകുന്ന മേഖലയാണ് അത്.
ലക്ഷങ്ങൾ ഫീസ് വാങ്ങിയാണ് വൻകിട ഗ്രൂപ്പുകൾ കോച്ചിങ് സെന്ററുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്. ഏത് നിലവാരത്തിലുള്ള പ്രവേശന പരീക്ഷയെയും നേരിടാൻ കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലാണ് പലയിടങ്ങളിലെയും പരിശീലനം. എന്നാൽ, പണം മുടക്കി പരിശീലനത്തിന് പോകാൻ കഴിയാത്ത പതിനായിരക്കണക്കിന് നിർധന വിദ്യാർഥികൾ നമ്മുടെ സമൂഹത്തിലുണ്ടെന്നും അവരുടെയെല്ലാം ഏക വിദ്യാഭ്യാസ മാർഗം നമ്മുടെ പൊതുവിദ്യാലയങ്ങളാണെന്നും തിരിച്ചറിയണം. അവർക്കും പ്രഫഷനൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കേണ്ടതുണ്ട്.
അതെല്ലാം തിരിച്ചറിഞ്ഞാണ് കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷ എന്ന നിലയിൽ പ്ലസ് ടു പരീക്ഷയിലെ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്ന രീതി 2011 മുതൽ നടപ്പാക്കിയത്. തമിഴ്നാട്ടിൽ പ്രവേശന പരീക്ഷ പൂർണമായും ഒഴിവാക്കി പ്ലസ് ടു മാർക്ക് ഏകീകരണത്തിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.
നിലവിലുള്ള സ്റ്റാൻഡേഡൈസേഷൻ രീതി പരിശോധിക്കുന്നതിനായി കുസാറ്റ് മുൻ വി.സി ഡോ.പി.ജി ശങ്കരൻ അധ്യക്ഷനും പ്രവേശന പരീക്ഷാ കമീഷണർ ഡോ. അരുൺ എസ്. നായർ കൺവീനറുമായ അഞ്ചംഗ റിവ്യൂ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. ഇൗ കമ്മിറ്റി നൽകിയ റിപ്പോർട്ട് പ്രകാരം നിലവിലുള്ള സ്റ്റാൻഡേഡൈസേഷൻ രീതി മാറ്റി പുതിയത് കൊണ്ടുവരുന്നത് ഇൗ വർഷം നടപ്പാക്കേണ്ടതില്ലെന്നും നിലവിലുള്ളത് തുടരാനും മാറ്റം കൂടുതൽ പഠനങ്ങൾക്ക് ശേഷം മതിയെന്നും ശിപാർശ ചെയ്തിരുന്നു.
അഞ്ച് തരത്തിലുള്ള ഫോർമുല കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അവയുടെ ന്യൂനതകളും ചൂണ്ടിക്കാണിക്കുന്നു. പുതിയ ഫോർമുല നടപ്പാക്കുന്നത് ഇൗ വർഷം സാധ്യമല്ലെന്നും കമ്മിറ്റി ജൂൺ രണ്ടിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അവഗണിച്ചാണ് ധിറുതിപിടിച്ച് പുതിയ ഫോർമുല നടപ്പാക്കിയത്.
ഇൗ വർഷം തന്നെ മാറ്റം കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ കമ്മിറ്റി ചെയർമാൻ കൂടിയായ പ്രവേശന പരീക്ഷാ കമീഷണർ സമർപ്പിച്ച പ്രപ്പോസൽ പ്രകാരമുള്ള ഭേദഗതിയാണ് ജൂൺ 30ലെ പ്രത്യേക മന്ത്രിസഭാ യോഗം അംഗീകരിച്ചതും കോടതി റദ്ദാക്കിയതും. മന്ത്രിസഭയിൽ അജണ്ട വന്നപ്പോൾ നിയമമന്ത്രി പി. രാജീവും കൃഷി മന്ത്രി പി. പ്രസാദും ഇൗ വർഷം ധിറുതിപ്പെട്ട് മാറ്റം വേണമോ എന്ന ചോദ്യം ഉന്നയിച്ചത് ഗൗനിക്കാതെ പോയി.
2021 മുതൽ കേരള സിലബസിലുള്ള കുട്ടികൾക്ക് സ്റ്റാൻഡേഡൈസേഷനിലൂടെ മാർക്ക് കുറഞ്ഞുതുടങ്ങിയപ്പോഴും അത് ഏതാനും ദിവസത്തെ ബഹളമായി ഒതുങ്ങി. എന്നാൽ, ഇൗ പ്രശ്നം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിക്കല്ല് ഇളക്കുന്ന പ്രശ്നമാണെന്ന് സർക്കാർ തിരിച്ചറിഞ്ഞത് വൈകിയാണ്. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയെന്ന് സർക്കാർ പ്രചാരണ കാമ്പയിൻ നടത്തുേമ്പാഴും എണ്ണം ഒാരോ വർഷവും താഴോട്ടാണെന്ന യഥാർഥ കണക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കണക്ക് വിശാരദന്മാർ മറച്ചുവെച്ചു.
കുട്ടികൾ കുറവാണെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കായിരുന്നു പഴി. 2023ലും 2024ലും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോൾ അൺഎയ്ഡഡ് സ്കൂളുകളിൽ എണ്ണം കൂടിയത് വാർത്തയായപ്പോഴാണ് വിദ്യാഭ്യാസ വകുപ്പ് കണ്ണുതുറന്നത്. സംസ്ഥാന, ദേശീയ പ്രവേശന പരീക്ഷകളിൽ കേരള വിദ്യാർഥികൾ പിറകോട്ടടിക്കുന്നതിന്റെ കണക്കുകളും പുറത്തുവന്നു. പിന്നാലെയാണ് പരീക്ഷയിൽ വിജയിക്കാൻ വിഷയ മിനിമം കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് നീങ്ങിയത്.
സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020 വരെ എൻജിനീയറിങ് പ്രവേശനത്തിലെ സ്റ്റാൻഡേഡൈസേഷനിൽ നേരിയ മാർക്ക് വർധിക്കുന്ന പ്രവണതയുള്ളതിനാൽ സി.ബി.എസ്.ഇ പോലുള്ള കേന്ദ്രബോർഡുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനത്തിനായി സംസ്ഥാന സിലബസിലേക്ക് വരാനും തുടങ്ങിയിരുന്നു. ഒരു വർഷം 40000ന് മുകളിൽ സി.ബി.എസ്.ഇ വിദ്യാർഥികളാണ് സംസ്ഥാന സിലബസിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചതെങ്കിൽ ഇപ്പോഴത് 20000ന്റെ പരിസരത്താണ്.
കഴിഞ്ഞ മൂന്ന് വർഷമായി സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള അൺഎയ്ഡഡ് മേഖലയിലേക്ക് കുട്ടികളുടെ തിരിച്ചൊഴുക്ക് നടക്കുന്നുവെന്ന യാഥാർഥ്യം സർക്കാർ അറിയാതെ പോയി. എൻജിനീയറിങ്ങിൽ മാർക്ക് കുറയുന്ന പ്രവണത തുടർന്നാൽ അത് പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന തിരിച്ചറിവിൽ നിന്ന് കൂടിയാണ് പരിഷ്കരണത്തിലേക്ക് സർക്കാറിനെ എത്തിച്ചത്.
Kerala Engineering, Architecture, and Medical Entrance Exam എന്നതിന്റെ ചുരുക്കമാണ് ‘KEAM’. കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 1983ലെ സർക്കാർ ഉത്തരവിലൂടെ രൂപവത്കൃതമായ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറേറ്റ് നടത്തുന്ന പ്രവേശന പരീക്ഷയാണ് കീം.
ഇതിൽ മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശനത്തിന് ദേശീയതലത്തിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് -യു.ജി), ആർക്കിടെക്ചർ പ്രവേശനത്തിന് നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) എന്നീ പരീക്ഷകൾ നിർബന്ധമാക്കിയതോടെ ഇവക്ക് കേരളത്തിൽ പ്രത്യേക പരീക്ഷ അവസാനിപ്പിച്ചു. എൻജിനീയറിങ്ങിന് പുറമെ ഫാർമസി ബിരുദ കോഴ്സിലേക്ക് (ബി.ഫാം) പ്രവേശന പരീക്ഷയുമാണ് നിലവിൽ കീമിന് കീഴിൽ കേരളത്തിൽ നടത്തുന്നത്.
ദേശീയ പ്രവേശന പരീക്ഷയിലെ സ്കോർ അടിസ്ഥാനപ്പെടുത്തി കേരളത്തിലെ ആർക്കിടെക്ചർ, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശന നടപടികളെല്ലാം ഇപ്പോഴും ‘കീം’ സംവിധാനത്തിന് കീഴിൽ തന്നെയാണ് പൂർത്തിയാക്കുന്നത്.
േഗ്ലാബൽ മീനും സ്റ്റാൻഡേഡ് ഡീവിയേഷനും കണ്ടെത്തി മാർക്ക് ഏകീകരണം നടത്തുന്ന രീതി ഉപേക്ഷിക്കുന്നതാണ് കോടതി റദ്ദാക്കിയ രീതിയുടെ പ്രത്യേകതകളിൽ ഒന്ന്. ഇതുപ്രകാരം വ്യത്യസ്ത പരീക്ഷാ ബോർഡുകളിൽ മൂന്ന് വിഷയങ്ങളിലും ലഭിച്ച ഏറ്റവും ഉയർന്ന മാർക്ക് ശേഖരിക്കും. ഇങ്ങനെ ലഭിക്കുന്ന ഉയർന്ന മാർക്കിനെ തുല്യമായി പരിഗണിച്ച് മറ്റ് മാർക്കുകൾ ഏകീകരിക്കും.
ഉദാഹരണത്തിന് ഒരു ബോർഡിൽ ഫിസിക്സിൽ ഉയർന്ന മാർക്ക് 100ഉം മറ്റൊരു ബോർഡിൽ ഉയർന്ന മാർക്ക് 95ഉം ആണെങ്കിൽ 100 മാർക്കിനെയും 95 മാർക്കിനെയും തുല്യമായി പരിഗണിക്കും. 95 മാർക്ക് ഉയർന്ന ലഭിച്ച ബോർഡിന് കീഴിൽ ഒരു കുട്ടിക്ക് 70 മാർക്ക് ലഭിച്ചുവെങ്കിൽ ഇൗ മാർക്കിനെ നൂറിലേക്ക് പരിവർത്തനം ചെയ്ത് 73.68 മാർക്കായി (70/95x100=73.68) നൽകും. ഇതുവഴി ബോർഡുകളുടെ മാർക്കുകൾക്കിടയിലെ അന്തരം പരിഹരിക്കുന്നു. പ്ലസ് ടു മാർക്കിനെ മാത്രം അടിസ്ഥാനപ്പെടുത്തി പ്രവേശനം നടക്കുന്ന തമിഴ്നാട്ടിൽ പിന്തുടരുന്ന ഫോർമുലയും ഇതുതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.