ബിഹാറിലെ ഹാജിപൂരിൽ അപേക്ഷ ഫോറം വിതരണം ചെയ്യുന്ന അധികൃതർ
‘വോട്ട് ബന്ദി’ എന്ന് ജനങ്ങളും ‘വോട്ടർ പട്ടിക തീവ്ര പരിശോധന’ (എസ്.ഐ.ആർ) എന്ന് തെരഞ്ഞെടുപ്പ് കമീഷനും പേരിട്ട അതിവിചിത്ര പദ്ധതിയിലൂടെ ബിഹാർ ദേശീയ ശ്രദ്ധയിലാണിന്ന്. 13 കോടി ജനങ്ങളുള്ള, ഇന്ത്യയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഈ ‘ബീമാരു’ സംസ്ഥാനത്തെ പ്രായപൂർത്തി വോട്ടവകാശമുള്ള എട്ടുകോടി വോട്ടർമാർ തങ്ങൾ ഇന്ത്യൻ പൗരന്മാരെന്ന് തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ. ഇതിനായി തങ്ങൾ ആവശ്യപ്പെടുന്ന രേഖകൾ ജൂലൈ 25നകം സമർപ്പിച്ചില്ലെങ്കിൽ വോട്ടർപട്ടികയിൽനിന്ന് എന്നന്നേക്കുമായി വെട്ടിമാറ്റുമെന്നാണ് ഭീഷണി. കമീഷൻ വീടുവീടാന്തരം പരിശോധനക്ക് അയക്കുന്ന ബൂത്തുതല ഓഫിസർ (ബി.എൽ.ഒ)മാർക്ക് മുന്നിൽ തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയാണെന്ന് ജൂൺ 24ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ അക്കമിട്ട് പറഞ്ഞിട്ടുണ്ട്.
സാധാരണ ജനങ്ങൾ സർക്കാറുമായി ബന്ധപ്പെട്ട തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആധാർ കാർഡ് പൗരത്വ രേഖയായി കമീഷൻ കണക്കാക്കില്ല. രാജ്യത്തെ എല്ലാ വോട്ടർമാരുടെയും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ബൂത്തുതല ഓഫിസർമാരെ വീടുവീടാന്തരം പറഞ്ഞയച്ചത് ഇതേ കമീഷനായിരുന്നുവെന്ന് ഓർക്കണം. അതിനെക്കാളുപരി, വലിയൊരു വിഭാഗം ജനങ്ങൾ സർക്കാർ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും ഗുണഭോക്താക്കളാകാൻ ആധാരമാക്കിയിരുന്ന റേഷൻ കാർഡും ഒരാൾ ഇന്ത്യക്കാരൻ ആണെന്നതിന്റെ രേഖയായി പരിഗണിക്കില്ലെന്നാണ് കമീഷൻ പറഞ്ഞിരിക്കുന്നത്.
പഞ്ചായത്ത് റവന്യൂ രേഖകൾക്കും ആധാരമടക്കമുള്ളവയുടെ രജിസ്ട്രേഷനും വരെ ആധാരമാക്കുന്ന റേഷൻ കാർഡ് പൗരത്വ രേഖയല്ലെന്ന് രാജ്യ ചരിത്രത്തിലാദ്യമായാണ് ഒരു ഭരണഘടനാ സ്ഥാപനം നിലപാടെടുക്കുന്നത്. കമീഷൻ നൽകിയ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും വോട്ടവകാശ രേഖയല്ല. എന്നാൽ, 2003ൽ തെരഞ്ഞെടുപ്പ് കമീഷൻ ബിഹാറിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് അതൊരു രേഖയായി സമർപ്പിക്കാം. എന്നാൽ, അതിന് മുമ്പോ പിമ്പോ ഉള്ള വോട്ടർപട്ടികകൾ ഒന്നും അംഗീകരിക്കില്ല.
അഞ്ച് ഘട്ടങ്ങളുള്ള വോട്ടർ പട്ടിക തീവ്ര പരിശോധന’ (എസ്.ഐ.ആർ) പദ്ധതിയുടെ പ്രവർത്തനരീതി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കിയതിങ്ങനെ.
ബിഹാറിലെ 7.90 കോടി വോട്ടർമാർക്കുള്ള എന്യൂമറേഷൻ ഫോം (വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അപേക്ഷാ ഫോറം) വിതരണം ചെയ്യാൻ 77,895 ബി.എൽ.ഒമാർ വീടുവീടാന്തരം കയറിയിറങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പിന് തയാറാക്കിയ വോട്ടർപട്ടികയിൽ പേരുള്ള ഈ 7.90 കോടി വോട്ടർമാരിലേക്ക് അപേക്ഷാ ഫോറങ്ങൾ എത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ബൂത്തുതല ഏജന്റുമാരെ (ബി.എൽ.എ) വെക്കാം. സാക്ഷ്യപ്പെടുത്തിയ 50 ഫോറങ്ങൾ ഒരു ബി.എൽ.എക്ക് ഒരുദിവസം സമർപ്പിക്കാം. കമീഷൻ വെബ്സൈറ്റിലും ഫോറങ്ങൾ ലഭ്യമാണ്.
ഈ ഫോറങ്ങൾ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾക്കൊപ്പം സമർപ്പിക്കണം. 2003ലെ ബിഹാർ വോട്ടർ പട്ടികയിൽ പേരുള്ളവർ അപേക്ഷാ ഫോറത്തിനൊപ്പം പൗരത്വ രേഖകൾ നൽകേണ്ടതില്ല. അല്ലാത്തവരെല്ലാം ജനനതീയതിയും ജന്മസ്ഥലവും തെളിയിക്കുന്നതിന് കമീഷൻ നിഷ്കർഷിച്ച 11 രേഖകകളിൽ ഏതെങ്കിലുമൊന്ന് നൽകണം. അപേക്ഷ സമർപ്പണത്തിന് വോട്ടർമാരെ സഹായിക്കാൻ 77,895 ബി.എൽ.ഒമാരെ കൂടാതെ നാല് ലക്ഷം വളണ്ടിയർമാരെയും ഇറക്കും. സർക്കാർ ജീവനക്കാർ, എൻ.സി.സി കാഡറ്റുകൾ, എൻ.എസ്.എസ് വളണ്ടിയർമാർ തുടങ്ങിയവരാകും വളണ്ടിയർമാർ.
1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ സ്വന്തം ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ സമർപ്പിക്കണം .1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖക്കൊപ്പം രക്ഷിതാക്കളിൽ ഒരാളുടെ (മാതാവിന്റെയോ പിതാവിന്റെയോ) ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.
2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവരാണെങ്കിൽ സ്വന്തം ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖക്കൊപ്പം രക്ഷിതാക്കളിൽ രണ്ടുപേരുടെയും (മാതാവിന്റെയും പിതാവിന്റെയും) ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം
ഒന്നും രണ്ടും ഘട്ടങ്ങൾക്ക് സമാന്തരമായി മൂന്നാം ഘട്ടത്തിൽ, രേഖകൾക്കൊപ്പം സമർപ്പിച്ച അപേക്ഷകൾ ബി.എൽ.ഒ ആപ്പിലൂടെയോ ECINET-ലൂടെയോ അപ്ലോഡ് ചെയ്യും. അപേക്ഷകൾ സ്വീകരിക്കുന്ന ബി.എൽ.ഒമാർ അതിനുള്ള അക്നോളജ്മെന്റ് നൽകും. ഓൺലൈൻ വഴിയും ഇതിനുള്ള സൗകര്യമൊരുക്കും.
ജൂലൈ 25നകം അപേക്ഷകൾ സമർപ്പിച്ച വോട്ടർമാരുടെ പേരുകൾ മാത്രം ഉൾപ്പെടുത്തി കരട് വോട്ടർ പട്ടിക ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കും. രജിസ്ട്രേഡ് രാഷ്ട്രീയ പാർട്ടികൾക്ക് പകർപ്പ് നൽകും. കരട് പട്ടികയിലെ ഓരോ വോട്ടറും സമർപ്പിച്ച രേഖകളുടെ ആധികാരികതയും ആക്ഷേപങ്ങളും പരാതികളും ഇ.ആർ.ഒമാരും അസിസ്റ്റന്റ് ഇ.ആർ.ഒമാരും പരിശോധിക്കും. കരട് പട്ടികയിൽ പേര് വിട്ടുപോയവർക്ക് ഈ ഘട്ടത്തിൽ പേര് ചേർക്കാം.
കരട് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അവകാശമുന്നയിക്കാനും ഉൾപ്പെടുത്തിയതിൽ എതിർപ്പറിയിക്കാനുമുള്ള സമയമാണിത്. ഭരണഘടനയുടെ 326ാം അനുച്ഛേദത്തിന്റെയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 16,19 വകുപ്പുകളുടെയും അടിസ്ഥാനത്തിൽ ഇ.ആർ.ഒമാരും അസിസ്റ്റന്റ് ഇ.ആർ.ഒമാരുമാണ് ഒരാളുടെ പേര് വോട്ടർ പട്ടികയിൽ വേണോ എന്ന കാര്യം തീർപ്പാക്കുക. അന്വേഷണം നടത്തി ആരോപണവിധേയന്റെ ഭാഗം കേട്ടശേഷം കമീഷന് ആവശ്യമെന്ന് തോന്നിയാൽ പട്ടികയിൽനിന്ന് വെട്ടിമാറ്റും. വെട്ടലും ചേർക്കലും സംബന്ധിച്ച വിവരങ്ങൾ ഇ.ആർ.ഒ ഓഫിസുകളിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലും ആഴ്ചതോറും പ്രസിദ്ധീകരിക്കും. ഈ പ്രക്രിയകൾ പൂർത്തിയാക്കി ബിഹാറിലെ അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30ന് പ്രസിദ്ധീകരിക്കും.
കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് ലോക്സഭ തെരഞ്ഞെടുപ്പിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കിയ വോട്ടർ പട്ടികയിലുള്ള എട്ടുകോടി ബിഹാർ വോട്ടർമാരോട് പൗരത്വ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നേരിൽ കണ്ട് പരാതി പറയാൻ പോയതായിരുന്നു പ്രധാന പ്രതിപക്ഷ പാർട്ടികളുടെ മുതിർന്ന നേതാക്കൾ. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഭിഷേക് മനു സിങ്വിയുടെയും ഡൽഹി സർവകലാശാല പ്രഫസർ മനോജ് ഝായുടെയും സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുടെയും നേതൃത്വത്തിലായിരുന്നു ഇൻഡ്യ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റു രണ്ടു കമീഷണർമാരെയും കണ്ടത്. നിരക്ഷരരും ദരിദ്രരും ഭവനരഹിതരുമായ ലക്ഷങ്ങളുള്ള ബിഹാറിൽ വലിയൊരു വിഭാഗത്തിന്റെ പക്കലും കമീഷൻ ചോദിച്ച രേഖകളൊന്നുമില്ലെന്നും കമീഷൻ ഈ തീവ്ര പരിശോധനയുമായി മുന്നോട്ടുപോയാൽ കോടിക്കണക്കിന് മനുഷ്യർ വോട്ടവകാശം ഇല്ലാത്തവരാകുമെന്ന് പറഞ്ഞിട്ടും മൂന്ന് കമീഷണർമാർക്കും കുലക്കമൊന്നുമില്ലായിരുന്നു.
ബിഹാറിൽനിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടിപ്പോയവരെ ഒന്നടങ്കം വെട്ടിമാറ്റുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായി. അതുതന്നെ രണ്ട് കോടിയോളം വരും. ഇതെല്ലാം ഭരണഘടനയുടെ 326ാം അനുച്ഛേദത്തിന്റെയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 16,19 വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു മുഖ്യ കമീഷണറുടെ ന്യായം. ചുരുക്കത്തിൽ, ഒരു വർഷം മുമ്പ് മാത്രം ലോക്സഭാ തെരഞ്ഞെടുപ്പിനായി തയാറാക്കിയ വോട്ടർപട്ടികയിലെ എട്ടുകോടി വോട്ടർമാരിൽനിന്ന് ചുരുങ്ങിയത് രണ്ട് കോടി വോട്ടർമാരെ എങ്കിലും വെട്ടിമാറ്റുമെന്ന് തീരുമാനിച്ചുറപ്പിച്ച പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ഗ്യാനേഷ് കുമാറും കമീഷനും. അതായത് സ്വന്തം നാട്ടിൽ ജോലിയില്ലാത്തതിനെ തുടർന്ന് അന്യനാടുകളിലേക്ക് പോയ ഈ ബിഹാരികൾ പൗരത്വം തെളിയിച്ചാലും അവർക്ക് വോട്ടുണ്ടാവില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആജ്ഞാപിച്ചപോലെ അനുവർത്തിക്കാൻ മാത്രം വിധിക്കപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെയും സഹ കമീഷണർമാരുടെയും നിവൃത്തികേടിന്റെ ദൃഷ്ടാന്തം ആണിതെന്നാണ് കമീഷന് മുന്നിൽ പരാതി പറയാൻ പോയ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചത്. മുകളിൽനിന്നുള്ള കൽപന അനുസരിക്കാൻ നിർബന്ധിതമായ നിവൃത്തി കേടിലാണവരെന്നും രാജ പറയുന്നു. വോട്ടുചേർക്കുകയെന്ന കമീഷന്റെ പണിക്ക് പകരം വോട്ടു വെട്ടിമാറ്റുകയെന്ന പണിയാണിപ്പോൾ കമീഷൻ ചെയ്യുന്നതെന്നും അതുകൊണ്ടാണ് നോട്ടു ബന്ധിക്ക് (നോട്ടു നിരോധനം) ശേഷമുള്ള വോട്ടു ബന്ധി (വോട്ടു നിരോധനം) എന്ന് ബിഹാറിലെ ജനങ്ങൾ ഈ ഗൂഢ പദ്ധതിക്ക് പേരിട്ടതെന്നും ഡൽഹി സർവകലാശാല പ്രഫസർ മനോജ് ഝാ പറയുന്നു.
നിരക്ഷരരും ദരിദ്രരുമായ ലക്ഷക്കണക്കിന് മനുഷ്യരെ പൗരന്മാർക്കുള്ള മൗലികാവകാശങ്ങളിൽനിന്നും സർക്കാർ രേഖകളിൽനിന്നും ക്ഷേമ പദ്ധതികളിൽനിന്നും എന്നെന്നേക്കുമായി നീക്കം ചെയ്യാനും അതിലൂടെ ഭാവിയിൽ അവർ ഇന്ത്യൻ പൗരന്മാർ അല്ലെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഗൂഢ പദ്ധതിക്കാണ് ബിഹാറിൽ തുടക്കമിട്ടിരിക്കുന്നത്.
സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാനാവാത്ത വിധം ദുർബലരായ ബിഹാറിലെ ദരിദ്ര, ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളാണ് പുറത്താകുന്ന വോട്ടർമാരിലേറെയും. രേഖയെന്ന് പറയാൻ റേഷൻ കാർഡും ആധാറും മാത്രം കൈവശമുള്ള ഇവരോടാണ് ഒരുമാസം ഓടിനടന്നാലും സംഘടിപ്പിക്കാൻ കഴിയാത്ത രേഖ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അത്യന്തം അപകടകരമായ സ്ഥിതി വിശേഷമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ‘വോട്ട് ബന്ധി’യിലൂടെ സംജാതമായിരിക്കുന്നതെന്നാണ് ബിഹാറിലെ ദലിത് നേതാവും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ രാജേഷ് കുമാർ എം.എൽ.എ പറയുന്നത്. ബി.ജെ.പിയും കമീഷനും അവകാശപ്പെടുന്നത് പോലെ ബംഗ്ലാദേശിൽനിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരെ വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കാനൊന്നുമല്ല, മറിച്ച് ചിലർ ആഗ്രഹിക്കുന്നതുപോലെ വോട്ടു ചെയ്യുന്നവർക്ക് മാത്രം വോട്ടവകാശമുള്ള പട്ടികയുണ്ടാക്കാനുള്ളതാണ് ‘വോട്ട് ബന്ധി’യെന്ന് രാജേഷ് കുമാർ ആണയിടുന്നു. ‘‘വോട്ടുയന്ത്രത്തിലായിരുന്നു ബി.ജെ.പിയുടെ ആദ്യത്തെ കളി. വോട്ടുയന്ത്രങ്ങളിലെ കൃത്രിമം പിടികൂടിയപ്പോഴാണ് വോട്ടർപട്ടികയിലെ അട്ടിമറിയിലേക്ക് കടന്നത്.
വോട്ടർപട്ടികയിൽ ലക്ഷണക്കണക്കിന് വ്യാജ വോട്ടുകൾ കൂട്ടിച്ചേർത്ത് ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. അതും പ്രതിപക്ഷം പിടികൂടിയപ്പോഴാണ് വോട്ടുചേർക്കൽ നിർത്തി വെട്ടിമാറ്റുന്ന പണിക്കിറങ്ങിയിരിക്കുന്നത്. നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഏത് മാർഗവും അവലംബിച്ച് ഇനിയൊരിക്കലും രാജ്യഭരണം വിടാതിരിക്കാനുള്ള കളിയാണവർ കളിക്കുന്നത്. ജനങ്ങളെ ഇറക്കി ഇതിനെ നേരിടാനാണ് ബിഹാറിലെ മുഴുവൻ പ്രതിപക്ഷ പാർട്ടികളുടെയും തീരുമാനം. ഇതിലൂടെ അവർ ബിഹാരികളുടെ പ്രതികരണത്തിന്റെ ചൂടറിയും -രാജേഷ് കുമാർ കൂട്ടിച്ചേർത്തു.
വിചിത്ര പദ്ധതിക്കെതിരെ ഉയർന്ന പല ചോദ്യങ്ങൾക്കും ഉത്തരം മുട്ടിയപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ സ്വരം കടുപ്പിച്ചിരിക്കുകയാണ്. ആരുതന്നെ രംഗത്തുവന്നാലും തെരഞ്ഞെടുപ്പ് കമീഷനുള്ള ഭരണഘടനാപരമായ അധികാരമുപയോഗിച്ച് പ്രഖ്യാപിച്ച പരിശോധനയുമായി മുന്നോട്ടുപോകുമെന്നും തെരഞ്ഞെടുപ്പ് മെഷിനറിയെ ഭീഷണിപ്പെടുത്താൻ ഒരാളെയും അനുവദിക്കില്ലെന്നുമാണ് കമീഷന്റെ മുന്നറിയിപ്പ്. ആകെ 7.90 കോടി വോട്ടർമാരുള്ള ബിഹാറിൽ വോട്ടർപട്ടികയിൽ പേരുചേർക്കാനായി 6.86 കോടി അപേക്ഷാ ഫോറങ്ങൾ ഇതിനകം വിതരണം ചെയ്തുവെന്നും അവശേഷിക്കുന്ന വീടുകൾ അടഞ്ഞുകിടക്കുന്നതോ വോട്ടർമാർ മരിച്ചുപോയതോ, സംസ്ഥാനത്തിന് പുറത്തേക്ക് പോയതോ ആകാമെന്നും കമീഷൻ പറയുന്നു. വിതരണം ചെയ്ത 6.86 കോടി ഫോറങ്ങളിൽ ഇന്നലെവരെ 1.04 കോടി തിരികെയെത്തി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി ബി.ജെ.പി ജയിച്ചാൽ പിന്നീട് 50 വർഷത്തേക്ക് തങ്ങളെ അധികാരത്തിൽനിന്ന് പുറന്തള്ളാൻ ഒരാൾക്കും കഴിയില്ലെന്ന്, ഒന്നാം മോദി സർക്കാറിന്റെ അവസാന കാലത്ത് 2018 സെപ്റ്റംബറിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ പാർട്ടി അധ്യക്ഷനായിരുന്ന അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് നൂറുവർഷം തികയും മുമ്പ് തങ്ങൾ ഇച്ഛിക്കുന്നവർക്ക് മാത്രം പൗരാവകാശങ്ങളുള്ള, സ്വന്തം ആചാര്യന്മാർ വിഭാവനം ചെയ്ത പൂർണ ഹിന്ദുത്വ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള പരീക്ഷണകാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പുതിയ ‘വോട്ടു ബന്ധി’ മുന്നറിയിപ്പു നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.