ആഗോളതലത്തിൽ സ്വകാര്യതക്കുള്ള അവകാശത്തിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര വെല്ലുവിളിയാണ് എ.ഐ നിർമിത ഡീപ്ഫേക്കുകൾ ഉയർത്തുന്നത്. ഏതാനും ദിവസം മുമ്പ് ഡെന്മാർക്ക് അവരുടെ പൗരർക്ക് വ്യക്തിത്വ-പെരുമാറ്റ സവിശേഷതകളിന്മേൽ പകർപ്പവകാശം അനുവദിച്ചുകൊണ്ട്, മുൻകൂർ അനുമതി തേടാതെ നിർമിതബുദ്ധി വഴി സൃഷ്ടിക്കുന്ന ഡീപ്ഫേക്കുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നു.
പകർപ്പവകാശ നിയമത്തിലെ പുരോഗമനാത്മകമായ മുന്നേറ്റമായി വിശേഷിപ്പിക്കാവുന്ന ഇത്തരമൊരു നിയമം വഴി വ്യക്തികൾക്ക് അവരുടെ ശരീരത്തിനും മുഖത്തിനും ശബ്ദത്തിനും മേൽ അവകാശം അനുവദിച്ചുകൊണ്ട് വ്യക്തിപരമായ സവിശേഷതകളിന്മേൽ ഡിജിറ്റൽ അനുകരണങ്ങൾക്കെതിരായ സംരക്ഷണം ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ വ്യക്തികളുടെ ഐഡന്റിറ്റി ഉപയോഗപ്പെടുത്തിയും രാഷ്ട്രീയ, സാമുദായിക ധ്രുവീകരണ ലക്ഷ്യങ്ങളോടെയും, സാമ്പത്തിക താൽപര്യങ്ങൾ മുൻനിർത്തിയും എ.ഐ നിർമിത വ്യാജദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യയിലും സമഗ്രമായ നിയമഭേദഗതി എത്രയും വേഗം നിലവിൽ വരേണ്ടത് അത്യാവശ്യമാണ്.
വ്യക്തിത്വ അവകാശങ്ങൾ എന്നത് ഒരു വ്യക്തിക്ക് അവരുടെ പേര്, സാദൃശ്യം, ശബ്ദം, ചിത്രം എന്നിവയിലുള്ള വാണിജ്യ ഉപയോഗം നിയന്ത്രിക്കാനുള്ള അവകാശത്തെയാണ് സൂചിപ്പിക്കുന്നത്. 1957ലെ ഇന്ത്യൻ പകർപ്പവകാശ നിയമം പ്രാഥമികമായി സാഹിത്യ, നാടക, സംഗീത, കലാസൃഷ്‌ടികൾ, സിനിമാട്ടോഗ്രാഫിക് സിനിമകൾ, ശബ്ദ റെക്കോഡിങ്ങുകൾ എന്നിങ്ങനെയുള്ള ആധികാരികമായ യഥാർഥ സൃഷ്ടികളിന്മേലുള്ള അവകാശങ്ങളെയാണ് സംരക്ഷിക്കുന്നത്. ഇന്ത്യൻ പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 57 പ്രകാരം കലാസൃഷ്‌ടികളിന്മേലുള്ള സാമ്പത്തിക, ധാർമിക അവകാശങ്ങൾ അതിന്റെ സ്രഷ്‌ടാവിന്റേതായാണ് അംഗീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും അതുവഴി വ്യക്തികളുടെ സാദൃശ്യം (മുഖം, ആംഗ്യങ്ങൾ), ശബ്ദം അല്ലെങ്കിൽ പെരുമാറ്റ രീതികൾ, ഐഡന്റിറ്റി/വ്യക്തിത്വം എന്നിവയിലുള്ള അവകാശങ്ങളെ വ്യക്തമായി ഉൾക്കൊള്ളുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല. പ്രധാനമായും പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്ന കേസുകളിൽ പലപ്പോഴും ഇത്തരം അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കാറുണ്ടെങ്കിലും, ഇന്ത്യയിൽ ഇതിനെ ഭരണഘടനാപരമായ ഒന്നായി (സ്വകാര്യത, അപകീർത്തിപ്പെടുത്തൽ അവകാശവാദങ്ങൾ വഴി) അംഗീകരിക്കുന്നുണ്ടെങ്കിലും, പകർപ്പവകാശ നിയമത്തിന്റെ കീഴിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ, ഒരു വ്യക്തിയുടെ മുഖമോ ശബ്ദമോ സമ്മതമില്ലാതെ ഉപയോഗിക്കുന്ന ഡീപ്ഫേക്കുകൾ പകർപ്പവകാശമുള്ള ഒരു അവതരണം പുനർനിർമിക്കുന്നില്ലെങ്കിൽ നിലവിലുള്ള പകർപ്പവകാശ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് നടപടിയെടുക്കാൻ കഴിയില്ല. ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയിലൂടെ-പ്രത്യേകിച്ച് ഓഡിയോ-വിഷ്വൽ മീഡിയയുടെ, വ്യക്തിത്വ അവകാശങ്ങളുമായി ബന്ധപ്പെട്ട് 1957ലെ നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഇല്ലാത്തത് ഒരു പരിമിതിയാണ്. വ്യക്തിത്വ അവകാശങ്ങളുടെ പശ്ചാത്തലത്തിൽ ഡീപ്ഫേക്കുകൾ പരിഹരിക്കുന്നതിന് പകർപ്പവകാശ നിയമം ഭേദഗതി ചെയ്യുന്നതിന്റെ വ്യാപ്‌തിയും വെല്ലുവിളികളും ഏറെയാണെങ്കിൽപ്പോലും പൊതുസ്വീകാര്യത ലഭിക്കുന്ന ഒരു ആശയമാണ്. ഈ ഒരു പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇപ്പോൾ വ്യക്തമായ ഒരു വ്യക്തിത്വ അവകാശ ചട്ടം (personality rights law) നിലവിലില്ലെങ്കിൽപ്പോലും, ഡീപ്ഫേക്കിന് തടയിടുന്നതിനായി പ്രത്യേകമായി നിയമനിർമാണം ആവശ്യമായി വരും.
നിയമപരവും നയപരവുമായ വെല്ലുവിളികൾ ഏറെ നിലനിൽക്കുന്ന ഒരു വിഷയം കൂടിയാണിത്. വ്യക്തിത്വ അവകാശങ്ങളുടെ ലംഘനം സംബന്ധിച്ച വിഷയം നിലവിൽ പീഡന നിയമങ്ങളുടെ (Tort Law) പരിധിയിലാണ് വരുന്നത്. ഒരേസമയം വ്യക്തിത്വത്തിന്റെ അനുവദനീയമായ ഉപയോഗവും വ്യക്തികളുടെ സ്വകാര്യതയുടെ സംരക്ഷണവും സന്തുലിതമാവുന്ന രീതിയിലുള്ള നിയമമാണ് ഇന്നിന്റെ ആവശ്യവും. വ്യക്തിത്വ അവകാശങ്ങളുടെ കർശനമായ നിയന്ത്രണങ്ങൾ അനുകരണത്തിന്മേലുള്ള വ്യാപകമായ നിരോധനങ്ങൾക്കും കലാപരമായ അല്ലെങ്കിൽ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളിന്മേലുള്ള സമ്പൂർണ സ്വാതന്ത്ര്യ നിഷേധത്തിലേക്കും എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരം അവകാശ ലംഘനങ്ങളിൽ ആരാണ് ഉത്തരവാദി എന്ന വിഷയത്തിലും അവ്യക്തതകൾ ഏറെയാണ്. വിഡിയോ തയാറാക്കിയവരെയാണോ, പ്രദർശിപ്പിക്കപ്പെടുന്ന പ്ലാറ്റ്ഫോം അല്ലെങ്കിൽ ചാനലിനെയാണോ, അതുമല്ലെങ്കിൽ വിഡിയോ തയാറാക്കാൻ ഉപയോഗപ്പെടുത്തിയ ഉപകരണത്തിൽ സാങ്കേതികവിദ്യ കൈകാര്യം ചെയ്തവരെയാണോ എന്ന വിഷയത്തിൽ പകർപ്പവകാശ നിയമത്തിൽ നിലവിലുള്ള വ്യവസ്ഥകൾ അപര്യാപ്‌തവും നിയമവൃത്തങ്ങൾക്കുമുന്നിൽ വെല്ലുവിളിയുമാണ്.
പ്രശസ്ത ഇന്ത്യൻ പോപ്പ് ഗായകനായിരുന്ന ദാലെർ മെഹന്ദി ഉൾപ്പെട്ട ഡി.എം. എന്റർടൈൻമെന്റ് Vs. ബേബി ഗിഫ്റ്റ് ഹൗസ് (Delhi High Court, 2003) കേസിൽ ഒരു സെലിബ്രിറ്റിയുടെ വ്യക്തിത്വം അവരുടെ ബൗദ്ധിക സ്വത്താണെന്നും, പകർപ്പവകാശത്തിനോ വ്യാപാരമുദ്രക്കോ കീഴിൽ വ്യക്തമായി സംരക്ഷിക്കപ്പെട്ടിട്ടില്ലെങ്കിൽപോലും അത് നടപ്പിലാക്കാൻ കഴിയുമെന്നും വിധിക്കുകയുണ്ടായി. അന്നത്തെ വിധി ഇപ്പോഴത്തെ ഡീപ്ഫേക്ക് കാലഘട്ടത്തിൽ, വ്യക്തിത്വ അവകാശങ്ങളെ അനധികൃത വാണിജ്യ ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാനമായി കണക്കാക്കാം. ഇതിനു സമാനമായി 2012ലെ ടൈറ്റൻ ഇൻഡസ്ട്രീസ് Vs. രാംകുമാർ ജ്വല്ലേഴ്‌സ് കേസിൽ അനധികൃതമായി സെലിബ്രിറ്റി അംഗീകാരം ചൂഷണം ചെയ്യുന്നത് വ്യക്തിത്വ അവകാശങ്ങളുടെ ദുരുപയോഗമായി ഡൽഹി ഹൈകോടതി കണക്കാക്കുകയുണ്ടായി. സെലിബ്രിറ്റികളുടെ വ്യക്തിത്വത്തിന്മേലുള്ള അവകാശം അവരുടെ സ്വകാര്യതക്ക് മേലുള്ള അവകാശത്തിന്റെ ഭാഗമായി അംഗീകരിച്ചു. ഒരു സെലിബ്രിറ്റിയുടെ ഇമേജ് ബ്രാൻഡ് നേട്ടത്തിനായി അനധികൃതമായി വാണിജ്യപരമായി ഉപയോഗിക്കുന്നത്, വ്യക്തിത്വ അവകാശലംഘനത്തിന്റെ പേരിൽ നടപടിയെടുക്കാവുന്ന കുറ്റമാണെന്നും അംഗീകരിക്കപ്പെട്ടു.
ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ പകർപ്പവകാശ നിയമത്തിൽ എല്ലാ തലങ്ങളിലും നിന്നുള്ള വെല്ലുവിളികൾ കണക്കിലെടുത്തുകൊണ്ട് ചുവടെ ചേർക്കുന്ന ഭേദഗതികൾ പരിഗണിക്കാവുന്നതാണ്.
01. ‘വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയുള്ള സർഗാത്മക സൃഷ്‌ടികൾ’ (‘Persona-based works’) ഒരു പുതിയ വിഭാഗമായി കണക്കാക്കി സംരക്ഷിക്കുക: ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുടെ (ശബ്ദം, മുഖം, സാദൃശ്യം) ‘ഡിജിറ്റൽ പകർപ്പുകൾ’ എന്താണ് എന്നതിന് വ്യക്തമായ നിർവചനം നൽകുകയും സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളതായിരിക്കണം. അതുവഴി ഓഡിയോ വിഷ്വൽ മീഡിയയിൽ വ്യക്തികളുടെ വ്യക്തിത്വപരമായ സ്വഭാവ സവിശേഷതകൾ ഉപയോഗപ്പെടുത്തി പുനർനിർമിക്കുന്നതിനോ അനുകരിക്കുന്നതിനോ സമ്മതം ആവശ്യമായി വരും.
02. ആർട്ടിക്കിൾ 57 പ്രകാരമുള്ള ധാർമിക അവകാശങ്ങൾ വിപുലീകരിക്കുക: ഇതുവഴി, AI/ഡീപ്ഫേക്ക് സാങ്കേതികവിദ്യ വഴി പ്രമുഖ വ്യക്തികളുടെയോ, സാധാരണക്കാരുടെയോ അനധികൃത മാറ്റമോ ആൾമാറാട്ടമോ ഉൾപ്പെടുത്തുന്നത് ഒരു പരിധിവരെ തടയാൻ കഴിയും. എ.ഐ വഴി സൃഷ്‌ടിക്കപ്പെടുന്ന സർഗാത്മകമായ സൃഷ്ടികൾക്കുമേൽ ഒരു അവകാശം സ്വന്തം വ്യക്തിത്വ അവകാശത്തിനുമേൽ കൂടി (integrity of self-image) ഉറപ്പിക്കാൻ ഇതുവഴി കഴിയും.
03. AI ഉപയോഗപ്പെടുത്തിയുള്ള സൃഷ്‌ടികൾക്ക് വേണ്ടി ഒരു പുതിയ അധ്യായം ഉൾപ്പെടുത്തുക: സിന്തറ്റിക് മീഡിയ, ഡീപ്ഫേക്ക് ഡിറ്റക്ഷൻ, തയാറാക്കുന്നവരുടെ സർഗാത്മക പങ്കാളിത്തം എന്നിവ സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങൾ ഉൾപ്പെടുത്തുക വഴി കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കഴിയും. വ്യക്തികളുടെ മുൻകൂർ അനുമതിയില്ലാതെ ഒരാളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന രീതിയിലോ, വാണിജ്യപരമോ, സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ളതോ അല്ലാതെയുമുള്ള എല്ലാ അനധികൃത ഡീപ്ഫേക്ക് പ്രവൃത്തികളും കുറ്റകരമാക്കുക എന്നതുകൂടി ഇതിൽ പ്രധാനമാണ്.
04. derivative work എന്നതിന് പുനർനിർവചനം നൽകുക: യഥാർഥ വ്യക്തികളെ അടിസ്ഥാനമാക്കി AI- വഴി സൃഷ്‌ടിക്കപ്പെട്ട ചിത്രങ്ങൾ/വിഡിയോകൾ ലൈസൻസിങ് അല്ലെങ്കിൽ മുൻകൂർ അനുമതി ആവശ്യമുള്ള ഡെറിവേറ്റിവ് വർക്കുകളായി ഉൾപ്പെടുത്തുക എന്നതാണ് ഇതിനുള്ള പോംവഴി.
05. ന്യായമായ ഉപയോഗങ്ങളും, അതിനു കീഴിലെ ഇളവുകളും എന്തെല്ലാമെന്ന് വ്യക്തമാക്കുക: ദുരുദ്ദേശ്യപരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉപയോഗങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സമ്മതത്തോടെയുള്ള തന്നെ ആക്ഷേപഹാസ്യം, പാരഡി, മാധ്യമ പ്രവർത്തനം, അനുകരണം എന്നിവ നടത്തുന്നതിൽ വിഘാതം വരുത്താതിരിക്കുക എന്നതും അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വളരെ പ്രധാനമാണ്.
പകർപ്പവകാശ നിയമഭേദഗതികൾ കൊണ്ട് മാത്രം ഡീപ്ഫേക്ക് വെല്ലുവിളി പൂർണമായും പരിഹരിക്കപ്പെടണമെന്നില്ല. ഭാവിയിൽ വ്യക്തിത്വ ധാർമിക അവകാശങ്ങൾ, ഡെറിവേറ്റിവ് വർക്ക്, ഡിജിറ്റൽ ഐഡന്റിറ്റി പരിരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് നിർമിതബുദ്ധി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ വ്യക്തിത്വ നിയമങ്ങളെയും ഡിജിറ്റൽ അവകാശങ്ങളെയും സംബന്ധിച്ച് സമഗ്രമായ നിയമനിർമാണംതന്നെ ആവശ്യമായി വന്നേക്കാം.
അനുമതിയോടെ മാത്രമുള്ള വ്യക്തിത്വ ഉപയോഗത്തിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി അപകീർത്തികരമാവുന്ന തരത്തിലുള്ള ഡീപ്ഫേക്കുകൾക്ക് പിഴ വ്യവസ്ഥ ചെയ്യുന്ന, ആക്ഷേപഹാസ്യം, കല, മാധ്യമ പ്രവർത്തനം എന്നിവക്ക് നിലവിലുള്ള ഇളവുകൾ തുടരുന്ന തരത്തിൽ സ്വകാര്യത, പരസ്യ അവകാശ ചട്ടക്കൂടുകളുടെ മാതൃകയിൽ ഒരു ഡീപ്ഫേക്ക് നിയന്ത്രണ ബില്ലിനെക്കുറിച്ചു തന്നെ ചിന്തിക്കാവുന്നതാണ്.
kksimiameer@gmail.com
(ലേഖിക കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ LLM, Ph.D നേടിയിട്ടുണ്ട്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.