കോലാപുരി ചെരുപ്പ് വിവാദം; പ്രാഡക്കെതിരായ പൊതുതാൽപര്യ ഹരജി ബോംബെ ഹൈകോടതി തള്ളി

പൂനെ: പ്രാഡക്കെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി ബോംബെ ഹൈകോടതി തള്ളി. കോലാപുരി ചെരുപ്പിന്‍റെ ഡിസൈനിന്റെ പകർപ്പ് സംബന്ധിച്ച പൊതുതാൽപ്പര്യ ഹരജിയാണ് ബോംബെ ഹൈകോടതി തള്ളിയത്. ഭൂമിശാസ്ത്രപരമായ സൂചന നിയമപ്രകാരം, ബാധിത കക്ഷികൾ പ്രത്യേകിച്ച് നിർമാതാക്കളുടെ അസോസിയേഷനുകൾ, അവരുടെ കേസ് വാദിക്കാൻ മുന്നോട്ട് വരണമെന്ന് കോടതി അറിയിച്ചു.

പ്രത്യേക ഡിസൈനിലുണ്ടാക്കുന്ന തുകല്‍ ചെരുപ്പുകളാണ് കോലാപുരി. കോലാപുരിലും പരിസര ജില്ലകളായ സാംഗ്ലി, സത്താറ, സോലാപുര്‍ എന്നിവിടങ്ങളിലും ഇവ കൈകൊണ്ട് നിര്‍മിക്കുന്ന ഒട്ടേറെ പരമ്പരാഗതകരകൗശല വിദഗ്ധരുണ്ട്. ഭൂമിശാസ്ത്രപരമായ സൂചനകൾ (ഗൂഡ്‌സ് രജിസ്ട്രേഷൻ ആൻഡ് പ്രൊട്ടക്ഷൻ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ജി.ഐ ഉൽപ്പന്നമാണിത്. കോലാപുരി ചെരുപ്പുകൾ നിർമിക്കുന്ന കരകൗശല തൊഴിലാളികൾക്ക് ഇറ്റാലിയൻ ഫാഷൻ ഹൗസായ പ്രാഡ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ച് അഭിഭാഷകരാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

ജി.ഐ ഉൽപ്പന്നത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമകളാണ് പരിഹാരം തേടേണ്ടതെന്ന് കോടതി അഭിഭാഷകരെ അറിയിച്ചു. എന്നിരുന്നാലും, മറ്റ് പല ജി.ഐ ഉൽപ്പന്നങ്ങളിൽ നിന്നും വ്യത്യസ്തമായി നിർമാതാക്കളുടെ അസോസിയേഷനുകൾക്കല്ലാതെ കോലാപുരി ചെരുപ്പിന്റെ ജി.ഐ മഹാരാഷ്ട്രയിലെയും കർണാടകയിലെയും രണ്ട് സർക്കാർ ഏജൻസികൾക്കാണ് സംയുക്തമായി നൽകിയിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.

മിലാനില്‍ നടന്ന മെന്‍സ് സ്പ്രിം/സമ്മര്‍ 2026 ഫാഷന്‍ ഷോയില്‍ 'ടോ റിങ് സാന്‍ഡല്‍സ്' പുറത്തിക്കിയാണ് പ്രാഡ വിവാദങ്ങളില്‍ ഇടംപിടിച്ചത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ചെരുപ്പിനെ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കിയ പ്രാഡ, പക്ഷേ അതിന്റെ വേരുകളിലേക്ക് ശ്രദ്ധ കൊടുക്കാത്തതാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം വിമര്‍ശനം ഉയര്‍ത്തിയത്. പ്രാഡ പ്രൊമോട്ട് ചെയ്യുന്ന ചെരിപ്പുകളുടെ വില ഒരു ജോഡിക്ക് 1.7 ലക്ഷം മുതല്‍ 2.10 ലക്ഷം വരെയാണ്. ഫാഷന്‍ വീക്കില്‍ അവതരിപ്പിച്ച 56 ലുക്കുകളില്‍ കുറഞ്ഞത് ഏഴെണ്ണത്തിലെങ്കിലും മോഡലുകള്‍ കോലാപുരി ചെരുപ്പ് ധരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെയോ ഇവിടുത്തെ കരകൗശല വിദഗ്ദ്ധരെയോ പ്രാഡ എവിടേയും പ്രതിപാദിച്ചിരുന്നില്ല. കോലാപ്പൂരി മോഡലുകള്‍ പുറത്തിറക്കിയിട്ട് അതിന്റെ ഉറവിടമായ ഇടത്തിന് ഒരു നന്ദി പറയാന്‍ പോലും പ്രാഡ തയ്യാറാവാത്തത് സെലിബ്രിറ്റികളെ അടക്കം ചൊടിപ്പിച്ചിരുന്നു. 

Tags:    
News Summary - Bombay HC junks PIL against Prada on Kolhapuri sandals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.