ഹൈദരാബാദ്: വിദ്യാർഥികളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ യോഗ്യരായ വിദ്യാർഥികൾക്ക് ഗൂഗ്ൾ ഒരു വർഷത്തെ സൗജന്യ ജെമിനി എ.ഐ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ആരംഭിച്ചു. ഇന്ത്യയിലെ 18 വയസും അതിൽ കൂടുതലുമുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ ഓഫർ ലഭ്യമാണ്. ഗൂഗ്ളിന്റെ ഏറ്റവും നൂതനമായ എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ച് അക്കാദമികവും വ്യക്തിഗതവുമായ വളർച്ചയെ പിന്തുണക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അഡ്വാൻസ്ഡ് എ.ഐ ടൂളുകളിലേക്കുള്ള ആക്‌സസ്, 2TB ക്ലൗഡ് സ്റ്റോറേജ്, ഗൂഗിൾ ആപ്പുകളുമായുള്ള സംയോജനം എന്നിവ ഓഫറിൽ ഉൾപ്പെടുന്നു.
ജെമിനി 2.5 പ്രോ മോഡൽ നൽകുന്ന സൗജന്യ ജെമിനി അഡ്വാൻസ്ഡ് പ്ലാൻ ഗൃഹപാഠം, പരീക്ഷാ തയ്യാറെടുപ്പ്, എഴുത്ത് ജോലികൾ എന്നിവയിൽ വിദ്യാർഥികൾക്ക് പരിധിയില്ലാത്ത സഹായം വാഗ്ദാനം ചെയ്യും. എ.ഐക്ക് പുറമേ, ഗൂഗ്ൾ ഡ്രൈവ്, ജിമെയിൽ, ഗൂഗ്ൾ ഫോട്ടോസ് എന്നിവയിലുടനീളം 2TB ക്ലൗഡ് സ്റ്റോറേജും ഓഫറിൽ ഉൾപ്പെടുന്നു. അസൈൻമെന്റുകൾ, ഗവേഷണം, മീഡിയ ഫയലുകൾ എന്നിവ സുരക്ഷിതമായി സംഭരിക്കുന്നതിന് ഇവ അനുയോജ്യമാണ്.
വിദ്യാർഥികൾക്ക് പ്രീമിയം സവിശേഷതകളിലേക്കും പ്രവേശനം ലഭിക്കും. അക്കാദമിക് പ്രോജക്ടുകൾക്കായുള്ള ആഴത്തിലുള്ള ഗവേഷണം, തത്സമയ ബ്രെയിൻസ്റ്റോമിംങിനായി ജെമിനി ലൈവ്, ടെക്സ്റ്റിൽ നിന്നോ ചിത്രങ്ങളിൽ നിന്നോ വിഡിയോകൾ സൃഷ്ടിക്കുന്നതിനുള്ള VEO 3, സ്ട്രീംലൈൻ ചെയ്ത ക്രിയേറ്റീവ് ടാസ്‌ക്കുകൾ, ഇ-മെയിൽ, ഡോക്സ്, ഷീറ്റ്സ് പോലുള്ള ഗൂഗ്ൾ വർക്ക് സ്പേയ്സ് ആപ്പുകളുമായുള്ള സുഗമമായ സംയോജനം എന്നിവ പ്രീമിയം സവിശേഷതകളിൽ ഉൾപ്പെട്ടതാണ്.
സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതിന് വിദ്യാർഥികൾ 2025 സെപ്റ്റംബർ 15നകം ഔദ്യോഗിക ഓഫർ പേജിൽ രജിസ്റ്റർ ചെയ്യണം. എ.ഐ ഉപയോഗിച്ച് പഠിക്കാനും പുതിയ കാര്യങ്ങൾ സൃഷ്ടിക്കാനും വളരാനും വിദ്യാർഥികളെ ശാക്തീകരിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ഗൂഗ്ൾ പറഞ്ഞു. 75% ഇന്ത്യൻ ഉപയോക്താക്കളും എ.ഐ ടൂളുകൾ തങ്ങളുടെ പഠനാവശ്യത്തിനായി ഉപയോഗിക്കുന്നവരാണ്. ജെമിനി ഉപയോഗിക്കുന്നത് 95% വിദ്യാർഥികളാണെന്ന് പഠനങ്ങൾ പറയുന്നു. സങ്കീർണ്ണമായ ആശയങ്ങൾ മനസിലാക്കൽ, ജോലി അഭിമുഖങ്ങൾക്ക് തയ്യാറെടുക്കൽ, സൃഷ്ടിപരമായ ആശയങ്ങൾ പര്യവേക്ഷണം ചെയ്യൽ എന്നിവയുൾപ്പെടെ വിവിധ ജോലികൾക്കായി വിദ്യാർഥികൾ ഇതിനകം തന്നെ ജെമിനി ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗ്ൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.