കൊച്ചി: ‘ഡിജിറ്റൽ അറസ്റ്റി’ൽ പണം നഷ്ടപ്പെടുന്ന സംഭവങ്ങളിൽ നിർണായക നീക്കവുമായി ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. ഡിജിറ്റൽ അറസ്റ്റിലൂടെ കോടികൾ നഷ്ടപ്പെട്ട മൂന്നുപേരുടെ പരാതിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ എട്ട് ബാങ്കുകൾക്ക് നോട്ടീസ് അയച്ച കമീഷൻ, കേസ് പരിഗണിക്കാവുന്നതും ഇടപെടാവുന്നതുമാണോയെന്ന് പരിശോധിക്കാൻ നവംബർ 14ലേക്ക് മാറ്റി.
ഡിജിറ്റൽ അറസ്റ്റിലൂടെ 22 കോടിയോളം രൂപ നഷ്ടപ്പെട്ട മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിൽനിന്നുള്ള മൂന്നുപേരാണ് കമീഷനെ സമീപിച്ചത്. എസ്.ബി.ഐ, യൂക്കോ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ശ്രീനിവാസ പത്മാവതി ബാങ്ക് എന്നിവക്കെതിരെയാണ് ആക്ഷേപം. പരാതി ഫയൽ ചെയ്യാൻ അനുവദിച്ച കമീഷൻ, ജൂലൈ ഏഴിന് ബാങ്കുകളുടെ പ്രാഥമികവാദം കേട്ടു. കേസ് പരിഗണിക്കാൻ തീരുമാനിച്ചാൽ കേന്ദ്ര ഏജൻസികളായ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂനിറ്റ്, ഇന്ത്യൻ സൈബർ ക്രൈം കോഓഡിനേഷൻ സെന്റർ എന്നിവയുടെ സഹായം തേടും.
രാജ്യത്ത് 2024ൽ മാത്രം 1,23,672 ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങളിലായി 1,935 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകൻ അറിയിച്ചു. പുറത്തുപറയാത്ത സംഭവങ്ങൾ വേറെയാണ്. സംശയാസ്പദ അക്കൗണ്ടും വൻ തുകയുടെ ഇടപാടുകളും സംബന്ധിച്ച് ബാങ്കുകൾ ജാഗ്രത പാലിക്കാൻ റിസർവ് ബാങ്ക് നൽകിയ മാർഗരേഖ അവഗണിക്കുന്നതാണ് വലിയ നഷ്ടത്തിന് ഇടയാക്കിയതെന്നാണ് ഇരകളുടെ പ്രധാന വാദം. ഇക്കാര്യത്തിൽ ബാങ്കുകളുടെ അനാസ്ഥയുണ്ടെന്ന് കമീഷൻ ശരിവെച്ചു. വൻ തുകയുടെ ഇടപാട് നടക്കുമ്പോൾ ബാങ്കുകൾ ജാഗ്രത നിർദേശം നൽകുകയോ ഇടപാട് തടയുകയോ വൈകിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കമീഷൻ നിരീക്ഷിച്ചു.
ഇടപാട് തങ്ങൾ നടത്തിയതാണെങ്കിലും സമ്മർദത്തിനും മാനസിക പീഡനത്തിനും വഴിപ്പെട്ട് ചെയ്തതാണെന്ന് ഇരകൾ അറിയിച്ചു. ഇത് പണം നൽകാനുള്ള സമ്മതമായി കണക്കാക്കാനാവില്ല. ബാങ്കുകളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് തങ്ങളെ ഇരകളാക്കിയത്. അതിനാൽ ഉപഭോക്തൃ തർക്കമായി പരിഗണിച്ച് ബാങ്കുകളെ ഉത്തരവാദികളാക്കുകയും നഷ്ടപരിഹാരം സഹിതം തുക തിരിച്ചുനൽകാൻ നിർദേശിക്കുകയും വേണമെന്നാണ് ആവശ്യം. ആരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങി നടത്തുന്ന ഇടപാടാണോയെന്ന് പരിശോധിക്കാനാവില്ലെന്നും അനധികൃത ഇടപാട് സംബന്ധിച്ചാണ് റിസർവ് ബാങ്ക് മാർഗരേഖയെന്നുമാണ് ബാങ്കുകളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.