ദോഫാർ മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
സലാല: ദോഫാർ ഗവർണറേറ്റിലെ പൈതൃകവും സാംസ്കാരികവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സലാല വിലായത്തിൽ ദോഫാർ മ്യൂസിയം തുറന്നു. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ ആഭിമുഖ്യത്തിലാണ് മ്യൂസിയം നാടിന് സമർപ്പിച്ചത്. മ്യൂസിയം ഡോക്യുമെന്റേഷനിലോ പ്രദർശനത്തിലോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ദോഫാർ മ്യൂസിയത്തിന്റെ ഡയറക്ടർ ബോർഡ് അംഗം ഹംസ ബിൻ മുഹമ്മദ് അൽ ഗസ്സാനി പറഞ്ഞു. തലമുറകളെ ബോധവത്കരിക്കുക, ഗവേഷകർക്കും സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും സേവനം നൽകുക, സുൽത്താനേറ്റിലും പ്രത്യേകിച്ച് ദോഫാർ ഗവർണറേറ്റിലും പൈതൃകവും സാംസ്കാരികവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയും ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മ്യൂസിയത്തിൽ ഇസ് ലാമിക സംസ്കാരം, പദാവലി, ചിത്രങ്ങൾ തുടങ്ങിയവ എടുത്തുകാണിക്കുന്ന വിഭാഗങ്ങളുണ്ട്. മനുഷ്യ സാംസ്കാരിക പൈതൃകത്തിന്റെ ചരിത്രപരമായ വീക്ഷണം പരിചയപ്പെടുത്തുക, സമകാലിക ചിന്തക്ക് സവിശേഷമായ അടിത്തറ കെട്ടിപ്പടുക്കുക, നമ്മുടെ പുരാതന പൈതൃകത്തിന്റെ സുപ്രധാന വശങ്ങൾ വിവരിക്കുന്ന ഒരു സംയോജിത സാംസ്കാരിക പദ്ധതിയിൽ പൈതൃകത്തിന്റെ എല്ലാ വശങ്ങളും രേഖപ്പെടുത്തുക എന്നിവയാണ് മ്യൂസിയത്തിന്റെ ലക്ഷ്യങ്ങളെന്ന് അൽ ഗസ്സാനി വിശദീകരിച്ചു.
ദോഫാർ മ്യൂസിയത്തിൽനിന്നുള്ള കാഴ്ച
സന്ദർശകർക്ക് ശാസ്ത്രീയമായി രീതിയിൽ വിശദാംശങ്ങൾ കണ്ടെത്തുന്നതിനും ആസ്വദിക്കുന്നതിനും മ്യൂസിയം സൗകര്യമൊരുക്കുന്നു. ആധുനിക സാങ്കേതിക മാർഗങ്ങളിലൂടെ വിവര സാമഗ്രികളും വിലപ്പെട്ട ശേഖരങ്ങളും ഉപയോഗിച്ച് മ്യൂസിയത്തിന്റെ ഹാളുകളിലൂടെ സഞ്ചരിക്കാൻ സന്ദർശകർക്ക് കഴിയും. ഇവയുടെ വിശദാംശങ്ങൾ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ എന്നിങ്ങനെ നാല് ഭാഷകളിൽ ലഭ്യമാണ്. ഒമാനി കരകൗശല വിദഗ്ധർക്ക് പ്രത്യേക പരമ്പരാഗത കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കാനും അവയെ പ്രോത്സാഹിപ്പിക്കാനും പ്രഫഷണൽ, സ്ഥാപനപരമായ സംയോജനം കൈവരിക്കാനും മ്യൂസിയം അനുവദിക്കുന്നു.
ഇസ്ലാമിക സംസ്കാരം, ചിത്രങ്ങൾ എന്നിങ്ങനെ പ്രദേശത്തിന്റെ ചരിത്രം എടുത്തുകാണിക്കുന്ന ഒരു വിഭാഗവും മ്യൂസിയത്തിലുണ്ട്. സമഹ്റാം, അൽ ബലീദ്, ഉബാർ എന്നീ നാഗരികതകൾ ഉൾപ്പെടെ ദോഫാർ ഗവർണറേറ്റിന്റെ ഭൂതകാലത്തിന്റെ വശങ്ങളും അവയുടെ പ്രധാന സാംസ്കാരിക, നാഗരിക, വാണിജ്യ പങ്കും ഇതിൽ ഉൾക്കൊള്ളുന്നു. സുൽത്താനേറ്റിന്റെ ചരിത്രപരമായ സമുദ്ര പങ്കിനെയും പുരാതന സംസ്കാരങ്ങളുമായും നാഗരികതകളുമായും ഉള്ള അതിന്റെ ബന്ധത്തെയും ഇത് എടുത്തുകാണിക്കുന്നു.
തീരദേശ, ഗ്രാമീണ, മരുഭൂമി, നഗര പരിസ്ഥിതികൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. സമഹ്റാം, അൽ ബലീദ് നാഗരികതകൾ, ഒമാനി സ്വഭാവം, ദോഫാരി സംസ്കാരം, വാസ്തുവിദ്യാ പൈതൃകം, പരമ്പരാഗത കരകൗശല വസ്തുക്കൾ, നാടോടി നൃത്തങ്ങൾ, വേട്ടയാടൽ, തെങ്ങ്, കാർഷിക വിളകൾ, ദോഫാരി പാചകരീതി, പരമ്പരാഗത ദോഫാരി വസ്ത്രങ്ങൾ, ദോഫാരി ആയുധങ്ങൾ, രേഖകൾ, കൈയെഴുത്തുപ്രതികൾ, ഫോട്ടോഗ്രാഫുകൾ, നാണയങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന നിരവധി വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.