ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനം തകർന്നുവീണത് സ്‌കൂളിലേക്ക്; മരണം 19 ആയി

ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ബി.ജി.ഐ എന്ന പരിശീലന വിമാനം തകർന്ന് വീണ സംഭവത്തിൽ മരണം 19 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ധാക്കയുടെ വടക്കൻ പ്രദേശമായ ഉത്തരയിലാണ് ജെറ്റ് തകർന്നുവീണതെന്ന് സൈനിക പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. സ്കൂളും കോളജും പ്രവർത്തിക്കുന്നയിട​ത്തേക്കാണ് വിമാനം തകർന്നു വീണത്.

16 വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ട് അ​ധ്യാ​പ​ക​രും പൈ​ല​റ്റുമാണ് കൊ​ല്ല​പ്പെ​ട്ടത്. പ​രി​​ക്കു​ക​ളോ​ടെ 100ലേ​റെ പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​ക്കി​യി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഏ​റെ പേ​രു​ടെ​യും നി​ല അ​തി​ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ലേ​റെ​യും നാ​ലി​നും 15നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. 2000 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ൽ ന​ഴ്സ​റി മു​ത​ൽ കോ​ള​ജ് ത​ലം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും ദു​ര​ന്ത​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​താ​യി അ​ധ്യാ​പ​ക​ൻ മ​സ്ഊ​ദ് താ​രി​ക് പ​റ​ഞ്ഞു. 

കോളജ് അധ്യാപകരും ജീവനക്കാരും ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. തുടർന്ന് സൈന്യവും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആംബുലൻസുകൾ പെട്ടെന്ന് ലഭിക്കാത്തതിനാൽ പരിക്കേറ്റ വിദ്യാർഥികളെ സൈനികർ രക്ഷപ്പെടുത്തി റിക്ഷകളിലും വാനുകളിലും മറ്റ് വാഹനങ്ങളിലുമായി ആശുപത്രികളിലേക്ക് കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് നിലകളുള്ള ഒരു സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്താണ് വിമാനം തകർന്ന് വീണതെന്നും നിരവധി വിദ്യാർഥികൾ കുടുങ്ങിപ്പോയെന്നും അധ്യാപകൻ പറഞ്ഞു.

ചൈനീസ് ഫൈറ്റർ ജെറ്റി​ന്റെ ഏറ്റവും ആധുനിക വിമാനമാണ് തകർന്നത്. ഫ്ലൈറ്റ് ലഫ്റ്റനന്റ് താക്കിർ ഇസ്‍ലാമായിരുന്നു വിമാനത്തി​ന്റെ പൈലറ്റ് എന്ന് ജമ്മു ടി.വി ചാനൽ റി​പ്പോർട്ട് ചെയ്യുന്നു. അപകടത്തിന്റെ കാരണം സർക്കാർ അന്വേഷിക്കുമെന്നും എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞു. അപകടത്തിൽ വ്യോമസേനക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മറ്റുള്ളവർക്കും ഉണ്ടായ നഷ്ടം നികത്താനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

എഫ്-7 ബി.ജി.ഐ (701) വിമാനം ചൈന 2022ൽ ബംഗ്ലാദേശിന് നൽകിയതാണെന്ന് റിപ്പോർട്ടുണ്ട്. 36 വിമാനങ്ങളാണ് അന്ന് ചൈന നൽകിയത്. ഈ വർഷം തകർന്നുവീഴുന്ന രണ്ടാമത്തെ ചൈനീസ് നിർമിത എഫ്-7 വിമാനമാണിത്. കഴിഞ്ഞ മാസം മ്യാൻമർ വ്യോമസേനയുടെ ഒരു എഫ്-7 യുദ്ധവിമാനം സാഗൈങ് മേഖലയിൽ തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - 19 dead as Bangladesh Air Force jet crashes into Dhaka school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.