കോഴിക്കോട്: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുകൾ തുടരവെ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ ഖബറിടം സന്ദർശിച്ച് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സഹോദരൻ. സമയമെടുത്താലും ദൈവം വാഗ്ദാനം ചെയ്ത വിജയം ലഭിക്കുക തന്നെ ചെയ്യും എന്ന് സഹോദരൻ അബ്ദുൽഫത്താഹ് മഹ്ദി ചിത്രത്തിനൊപ്പം കുറിച്ചു.
നിങ്ങൾ രക്തത്തിന് പ്രതിക്രിയ ചോദിക്കുന്നവനാണെങ്കിൽ, അതാണ് നിങ്ങളുടെ വിധി,
കുറച്ചു സമയമെടുത്താലും ദൈവസഹായത്താൽ നിങ്ങൾക്കുള്ള വാഗ്ദത്ത വിധി ആണത്’ .
‘‘അക്രമത്തിന് ഇരയായതിന് ശേഷം ആരെങ്കിലും സ്വയം പ്രതിരോധിച്ചാൽ - അവർക്കെതിരെ കുറ്റമില്ല’’ എന്ന് ഖുർആൻ.
കാരുണ്യത്തിന്റെ മേഘങ്ങൾ നിങ്ങളുടെ ആത്മാക്കളെ പൊതിയട്ടെ -എന്നാണ് തലോലിന്‍റെ സഹോദരൻ കുറിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ലെന്ന് നേരത്തെയും സഹോദരൻ വ്യക്തമാക്കിയിരുന്നു. പ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ല. അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നീതി കേസിൽ നടപ്പാക്കണമെന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്. അതല്ലാതെ മറ്റൊരു ആവശ്യവുമില്ലെന്നും തലാലിന്റെ സഹോദരൻ മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളിലും വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഇന്നലെ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകൾക്ക് നന്ദി പറയാനും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനും പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ സന്ദർശിച്ചു. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അത് നിമിഷപ്രിയയുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സന്ദർശനത്തിന് ശേഷം ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ വിഷയത്തിൽ രാഷ്ട്രീയമില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. കാന്തപുരത്തിന്‍റെ ഇടപെടലുകൾ സഹായകരമായിട്ടുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളും യമനിലെ പണ്ഡിതരുമായുള്ള ബന്ധവും ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം ഇടപെടുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ചാണ്ടി ഉമ്മന്‍റെ അഭ്യർഥന പ്രകാരമാണ് താൻ വിഷയത്തിൽ ഇടപെട്ടതെന്ന് നേരത്തെ കാന്തപുരം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.