ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഗസ്സ മുനമ്പിന്‍റെ മധ്യഭാഗത്തുള്ള ദേർ അൽ-ബലാഹ് പ്രദേശത്ത് ഇസ്രായേൽ സൈനിക നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഐ.ഡിഎഫിന്‍റെ (ഇസ്രായേൽ പ്രതിരോധ സേന) ഒരു സൈനികൻ മരിച്ചത്.
ഹോളോണിൽ നിന്നുള്ള ഗൊലാനി ബ്രിഗേഡിന്റെ 13-ാം ബറ്റാലിയനിലെ സ്റ്റാഫ് സാർജന്റ് അമിത് കോഹൻ (19) ആണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിനകത്തുണ്ടായ സ്ഫോടനത്തിലാണ് സംഭവം. മറ്റൊരു സൈനികന് ഗുരുതര പരിക്കുണ്ട്. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 455 ആയി.
കഴിഞ്ഞ ദിവസമാണ് ദേർ അൽ-ബലാഹിൽ ഇസ്രായേൽ കരസേന ആക്രമണം തുടങ്ങിയത്. കിസുഫിൻ ചെക്പോയന്റ് കടന്ന് ടാങ്കുകൾ അബുൽ ആജിൻ, ഹിക്ർ അൽജാമിർ പ്രദേശങ്ങളിലെത്തിയതായും കരസേനയെ ഇവിടെ കൂടുതൽ വിന്യസിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
സൈനിക നടപടികൾക്ക് മുമ്പ് ആളുകൾ ദേർ അൽ-ബലാഹിൽനിന്നും ഒഴിഞ്ഞുപോകണമെന്ന് ഐ.ഡി.എഫ് നിർദേശം നൽകിയിരുന്നു. ഇസ്രായേലിന്‍റെ ആക്രമണത്തിൽ ഉറ്റവരെയും വീടും സ്വത്തുക്കളുമെല്ലാം നഷ്ടപ്പെട്ട നിരവധി പലസ്തീനികൾ അഭയം തേടിയത് ദേർ അൽ-ബലാഹിലാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, 50,000 നും 80,000 നും ഇടയിൽ ആളുകൾ പ്രദേശത്ത് ഉണ്ടായിരുന്നു. ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതോടെ ഇവിടെ നിന്നും ജനങ്ങൾ മവാസി പ്രദേശത്തേക്കാണ് നീങ്ങുന്നത്. മവാസിയിൽ ഇതിനകം തന്നെ 600,000 ഫലസ്തീനികൾ എത്തിയിട്ടുണ്ട്.
അതേസമയം, ഇസ്രായേൽ കൊടുംക്രൂരത തുടരുന്ന ഗസ്സയിൽ പട്ടിണി മരണം വർധിക്കുകയാണ്. കഴിഞ്ഞ ഒരു ദിവസം മാത്രം കുട്ടികളടക്കം 19 പേർ മരണത്തിന് കീഴടങ്ങിയതായി ദേർ അൽ-ബലാഹിലെ അൽഅഖ്സ ആശുപത്രി വക്താവ് ഡോ. ഖലീൽ അൽദഖ്റാൻ പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ പൂർണമായി ഇസ്രായേൽ തടഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.