ബ്രസൽസ്: ഗസ്സയിലെ യുദ്ധക്കുറ്റത്തിന് രണ്ട് ഇസ്രായേലി സൈനികരെ ബെൽജിയം ഫെഡറൽ അറസ്റ്റ് ചെയ്തു. ഇസ്രായേൽ സൈനികർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഹിന്ദ് റജബ് ഫൗണ്ടേഷന്‍റെ പരാതിയിലാണ് ബെൽജിയം നടപടി സ്വീകരിച്ചത്. സൈനികരെ പിന്നീട് വിട്ടയച്ചു.
ടുമാറോലാന്‍ഡ് സംഗീതപരിപാടിയിൽ ഗിവാറ്റി ബ്രിഗേഡിന്റെ കൊടി ഉയര്‍ത്തിയതോടെയാണ് സംശയം ഉയർന്നത്. നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷനും ഗ്ലോബല്‍ ലീഗല്‍ ആക്ഷൻ നെറ്റ് വര്‍ക്കും പ്രസ്താവനയില്‍ അറിയിച്ചു. യൂറോപ്പില്‍ അദ്യമായി സയണിസ്റ്റുകള്‍ പിടിയിലായി എന്ന് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അറിയിച്ചു.
ഇത് പ്രധാന നാഴികകല്ലാണ്. ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യം ഇസ്രായേല്‍ സൈനികര്‍ക്കെതിരായി നടപടി സ്വീകരിച്ച് അറസ്റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും -ഹിന്ദ് റജബ് ഫൗണ്ടേഷന്‍ പ്രസ്താവനയിൽ പറഞ്ഞു.
ബ്രസ്സൽസ് ആസ്ഥാനമായ നിയമ അഭിഭാഷക ഗ്രൂപ്പാണ് ഹിന്ദ് റജബ് ഫൗണ്ടേഷൻ. 2024 ഫെബ്രുവരിയിലാണ് ഹിന്ദ് റജബ് ഫൗണ്ടേഷൻ സ്ഥാപിതമായത്. 2024 ജനുവരി 29 ന് ഗസ്സ സിറ്റിയിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ ഹിന്ദ് റജബ് എന്ന അഞ്ച് വയസ്സുകാരിയുടെ പേരിലാണ് അറിയപ്പെടുന്നത്.
യു.എസിലെ കൊളംബിയ സർവകലാശാലയിലെ ഇസ്രായേൽ വിരുദ്ധ പ്രതിഷേധക്കാർ യൂനിവേഴ്സിറ്റി ഹാളിന് ഈ കുഞ്ഞുരക്തസാക്ഷിയുടെ പേര് നാമകരണം ചെയ്തിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട 50 വ്യക്തികൾക്ക് ഇസ്രായേൽ സർക്കാർ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിന് ഉത്തരവാദിയായ ഇസ്രായേൽ സൈനികന്റെ വിവരങ്ങൾ മേയിൽ ഫൗണ്ടേഷൻ പുറത്തുവിട്ടിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റ പരാതിയും ഫയൽ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.