തെൽഅവീവ്: ഗസ്സയിൽ ഇസ്രായേൽ സൈനിക മേൽനോട്ടത്തിൽ യു.എസ് സംഘടനയായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന ഭക്ഷ്യവിതരണ കേന്ദ്രത്തിൽ 20 ഫലസ്തീനികൾ കൊല്ലപ്പെട്ടു. തിക്കിലും തിരക്കിലുമാണ് മരണമെന്നാണ് ഇസ്രായേൽ വിശദീകരണം. ഗസ്സയിലുടനീളം ഇസ്രായേൽ ബോംബിങ്ങിൽ 11 കുരുന്നുകളുൾപ്പെടെ 74 പേരുടെ മരണം വേറെയും സ്ഥിരീകരിച്ചിട്ടുണ്ട്. 252 പേർക്ക് പരിക്കുമുണ്ട്.
യു.എൻ ഉൾപ്പെടെ നടത്തിവന്ന ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി പകരം ഇസ്രായേൽ തുറന്ന കേന്ദ്രങ്ങളിൽ ഇതുവരെ 850ലേറെ പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏറെയും ഇസ്രായേൽ സൈനികരുടെ വെടിവെപ്പിലും ബോംബിങ്ങിലുമാണ് മരണം. ഗസ്സയിൽ ആക്രമണം കനപ്പിച്ച ഇസ്രായേൽ വടക്കൻ ഗസ്സയിൽ 22 പേരെ കൊലപ്പെടുത്തി.
ഇതിൽ പകുതിയും കുട്ടികളാണ്. ഖാൻ യൂനുസിലെ ആക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കൻ ഗസ്സയിൽ ഇസ്രായേൽ സൈനിക നീക്കം കൂടുതൽ എളുപ്പമാക്കാൻ ഒരു ഇടനാഴി കൂടി തുറന്നിട്ടുണ്ട്. ഗസ്സയിൽ ഇസ്രായേൽ സൈന്യം പൂർണമായി നിയന്ത്രിക്കുന്ന നാലാമത്തെ ഇടനാഴിയാണിത്. ഗസ്സയിൽ ഇതുവരെയായി 58,573 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അഴിമതിക്കേസിൽ കോടതിയിൽ ഹാജരായി. മൂന്നു കേസുകളാണ് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെയുള്ളത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ കേസുകൾ പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.