വാഷിങ്ടൺ: അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായ ഇന്ധനനിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന് റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസർ ക്യാപ്റ്റനോട് എന്തിനാണ് ഇന്ധനനിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്യുന്നതെന്ന് ചോദിക്കുന്നതിന്റെ ഓഡിയോ റെക്കോഡുകളാണ് പുറത്ത് വന്നിരിക്കുന്നതെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വിമാനത്തിന്റെ ക്യാപ്റ്റനായ സുമീത് സബർവാളിന് 15,638 മണിക്കൂന് വിമാനം പറത്തിയുള്ള പരിചയമുണ്ട്. ഫസ്റ്റ് ഓഫീസറായ ക്ലീവ് കുന്ദറിന് 3,403 മണിക്കൂർ വിമാനം പറത്തിയതിന്റെ പരിചയവുമുണ്ട്. അതേസമയം, റിപ്പോർട്ടിനോട് പ്രതികരിക്കാൻ എ.എ.ഐ.ബി ഡയറക്ടർ ജനറലോ സിവിൽ ഏവിയേഷനോ, ബോയിങ്ങോ, എയർ ഇന്ത്യയോ പ്രതികരിച്ചിട്ടില്ല.
പറന്നുയർന്നതിന് പിന്നാലെ, വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്ക് ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യൂവൽ സ്വിച്ചുകൾ ഓഫ് ആയതാണ് 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹ്മദാബാദ് വിമാനദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തൽ.
പത്തുമുതൽ 14 സെക്കൻഡുകൾക്കുള്ളിൽ എൻജിനുകൾ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങിയെങ്കിലും വിമാനത്തിനു വീണ്ടും പറന്നുയർന്നു തുടങ്ങാനുള്ള ശക്തി ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചില്ലെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) കേന്ദ്ര സർക്കാറിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, സ്വിച്ച് റൺ മോഡിൽ നിന്ന് കട്ട് ഓഫ് മോഡിലേക്ക് മാറാൻ കാരണം വിമാനത്തിന്റെ സാങ്കേതിക പിഴവാണെന്നോ പൈലറ്റുമാരുടെ വീഴ്ചയാണെന്നോ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.