തെഹ്റാൻ: ഇസ്രായേലിനും യു.എസിനും ഇപ്പോൾ നൽകിയതിലും വലിയ തിരിച്ചടി കൊടുക്കാൻ തയാറാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ. ഇതിനുള്ള ശേഷി ഇറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ ഇനിയും ആക്രമിക്കാൻ മുതിർന്നാൽ തിരിച്ചടി കനത്തതായിരിക്കുമെന്ന മുന്നറിയിപ്പാണ് പരമോന്നത നേതാവ് നൽകിയിരിക്കുന്നത്.
അമേരിക്കയേയും അതിന്റെ നായയായ സയണിസ്റ്റ് ഭരണകൂടത്തേയും നേരിടാൻ ഇറാൻ തയാറാണെന്ന് ആയത്തുള്ള അലി ഖാംനഈ പറഞ്ഞു. പൂർണമായും സമാധാനപരമായ ആവശ്യങ്ങൾക്കായിരിക്കും ഇറാന്റെ ആണവപദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവപദ്ധതിയിൽ നിന്നും പിന്മാറില്ലെന്ന സൂചനയും ആയത്തുള്ള അലി ഖാംനഈ നൽകി.
ആണവ കരാറിൽ വ്യക്തമായ പുരോഗതിയുണ്ടായില്ലെങ്കിൽ ആഗസ്റ്റ് അവസാനത്തോടെ, ഇറാനെതിരെ കർശനമായ യു.എൻ ഉപരോധം പുനഃസ്ഥാപിക്കാൻ യു.കെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ സമ്മതിച്ചിരുന്നു. രണ്ട് യൂറോപ്യൻ നയതന്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനുമായുള്ള കരാറും ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിനെയും കുറിച്ച് ചർച്ച ചെയ്യുന്നതിന് ഐക്യരാഷ്ട്രസഭയിലെ മൂന്ന് രാജ്യങ്ങളുടെയും അംബാസഡർമാർ ചൊവ്വാഴ്ച ജർമനിയുടെ യു.എൻ മിഷനിൽ യോഗം ചേർന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരും തമ്മിൽ തിങ്കളാഴ്ച നടത്തിയ ഫോൺ കാളിലും ഈ വിഷയം ഉയർന്നുവന്നതായി യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാൻ ആണവായുധം വികസിപ്പിക്കുകയോ നേടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ച് നാലുപേരും സംസാരിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു.
നേരത്തെ നയതന്ത്ര ചർച്ചകൾ പുനഃരാരംഭിക്കണമെങ്കിൽ ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടക്കുമോ എന്നത് യു.എസ് വ്യക്തമാക്കണമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തഖ്ത് റവാഞ്ചി ആവശ്യപ്പെട്ടിരുന്നു.
സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടമാക്കാൻ കഴിയണമെന്ന് ഇറാൻ ഇനിയും നിർബന്ധം പിടിക്കുമെന്നും തഖ്ത് റവാഞ്ചി പറഞ്ഞു. തങ്ങൾ രഹസ്യമായി ആണവ ബോംബ് വികസിപ്പിക്കുന്നതിലേക്ക് നീങ്ങുകയാണെന്ന ആരോപണങ്ങൾ അദ്ദേഹം നിരസിച്ചു. ഇറാന്റെ ഗവേഷണ പരിപാടിക്കായി ആണവ വസ്തുക്കൾ ലഭ്യമാക്കാൻ തങ്ങൾക്ക് സ്വയം ആശ്രയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അതിന്റെ അളവ് ചർച്ച ചെയ്യാം. ശേഷി ചർച്ച ചെയ്യാം. പക്ഷേ നിങ്ങൾ സമ്പുഷ്ടീകരണം പാടില്ല എന്ന് പറഞ്ഞാൽ, നിങ്ങൾ അതിന് തീർത്തും സമ്മതിക്കുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കുമേൽ ബോംബ് പ്രയോഗിക്കും. അതാണ് കാടിന്റെ നിയമമെന്നും വിദേശകാര്യസഹമന്ത്രി മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇസ്രായേലി ആക്രമണങ്ങളിൽ രാജ്യത്ത് 935 പേർ കൊല്ലപ്പെട്ടതായി ഇറാൻ പറഞ്ഞു. ഇസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്ത ഏറ്റവും പുതിയ കണക്കു പ്രകാരം ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ 28 പേർ കൊല്ലപ്പെട്ടുവെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.