ലണ്ടൻ: ഗസ്സയിലെ മനുഷ്യക്കുരുതി തുടരുന്ന ഇസ്രായേലിനോടുള്ള എതിർപ്പ് അന്താരാഷ്ട്ര സമൂഹത്തിൽ രൂക്ഷമാകുന്നതിനിടെ, രാജ്യത്തെ ഏറ്റവും വലിയ ആയുധമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇസ്രായേലിനെ വിലക്കി യു.കെ. എന്നാൽ, ഇസ്രായേൽ പ്രതിരോധ വിഭാഗം കരാറുകാരുടെ പ്രതിനിധികൾക്ക് വിലക്കില്ല.
അവർക്ക് സെപ്റ്റംബർ ഒമ്പതു മുതൽ 12വരെ ലണ്ടനിൽ നടക്കുന്ന പ്രദർശനത്തിൽ (ഡി.എസ്.ഇ.ഐ യു.കെ) പങ്കെടുക്കാം. നേരത്തെ ‘ഡിഫൻസ് ആൻഡ് സെക്യൂരിറ്റി എക്വിപ്മെന്റ് ഇന്റർനാഷനൽ’ എന്ന പേരിലാണ് പ്രദർശനം അറിയപ്പെട്ടിരുന്നത്.
ഗസ്സയിൽ യുദ്ധം കടുപ്പിക്കാനുള്ള ഇസ്രായേൽ തീരുമാനം ശരിയല്ലെന്ന് ബ്രിട്ടീഷ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ, ഇസ്രായേൽ സർക്കാർ പ്രതിനിധികളെ പ്രതിരോധ ഉൽപന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് പ്രസ്താവന തുടർന്നു. ഗസ്സ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇസ്രായേൽ നടപടിയെടുത്തില്ലെങ്കിൽ ബ്രിട്ടൻ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ജൂലൈയിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമെർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗസ്സയിൽ ഉപയോഗിക്കാൻ സാധ്യതയുള്ള ആയുധം ഇസ്രായേലിന് വിൽക്കുന്നത് നേരത്തെ യു.കെ വിലക്കിയിരുന്നു.
ഭീകരവാദികൾക്കുള്ള സഹായവും തികഞ്ഞ വിവേചനവുമാണ് യു.കെ തീരുമാനമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. തങ്ങൾ പ്രദർശനത്തിലുണ്ടാകില്ലെന്നും രാജ്യത്തിന്റെ പവിലിയൻ സ്ഥാപിക്കില്ലെന്നും അവർ വ്യക്തമാക്കി.
കിഴക്കൻ ലണ്ടനിലെ എക്സൽ സെന്ററിലാണ് പ്രദർശനം. ഇവിടെ പ്രതിഷേധിക്കുമെന്ന് ഫലസ്തീൻ അനുകൂല യുദ്ധവിരുദ്ധ ഗ്രൂപ്പുകൾ വ്യക്തമാക്കിയിട്ടുണ്ട്.
വാഷിങ്ടൺ: യു.എൻ പൊതുസഭയിൽ പങ്കെടുക്കുന്ന ഫലസ്തീൻ നേതാക്കൾക്ക് യു.എസ് വിസ നിഷേധിച്ചു. സെപ്റ്റംബറിൽ നടക്കുന്ന യു.എൻ പൊതുസഭയുടെ വാർഷിക ഉന്നതതല യോഗത്തിന് മുന്നോടിയായാണ് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെയും മറ്റ് 80 ഉദ്യോഗസ്ഥരുടെയും വിസ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ റദ്ദാക്കിയത്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും തീവ്രവാദത്തിന് ഫണ്ടിങ് നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടപടി.
ഫലസ്തീൻ രാഷ്ട്രം ഐക്യരാഷ്ട്രസഭയുടെ നിരീക്ഷക അംഗമായിട്ടും ഇത്തരത്തിൽ നടപടി വിചിത്രമായെന്ന് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു. അന്താരാഷ്ട്ര നിയമത്തെയും കരാറിനെയും ലംഘിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. യു.എൻ പൊതുസഭക്കെത്തുമ്പോൾ സെപ്റ്റംബർ 22ന് സൗദ്യ അറേബ്യ, ഫ്രാൻസ് എന്നിവരുമായി ഒരു ചർച്ച ഉദ്ദേശിച്ചിരുന്നതായും യു.എന്നിലെ ഫലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ പരിക്കേറ്റ കുട്ടികളെ വൈദ്യചികിത്സക്കായി യു.എസിലേക്ക് എത്തിക്കണമെന്ന സമൂഹമാധ്യമങ്ങളിലെ ആവശ്യവും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.